Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
തിരുവനന്തപുരം: കാട്ടുപന്നി സംഘർഷത്തിൽ ഫലപ്രദമായ ഇടപെടൽ നടത്താൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി സർക്കാർ. ജനവാസമേഖലകളിലിറങ്ങി മനുഷ്യ ജീവനും സ്വത്തിനും നാശനഷ്ടങ്ങളുണ്ടാക്കുന്ന കാട്ടുപന്നികളെ വെടിവെച്ചോ അനുവദനീയമായ മറ്റ് മാർഗ്ഗങ്ങളിലൂടെയോ ഇല്ലായ്മ ചെയ്യുന്നതിനുള്ള സർക്കാർ ഉത്തരവ് ഫലപ്രദമായി നടപ്പിലാക്കുന്നതിനാണ് സർക്കാർ നിർദേശം നൽകിയത്.
വനം വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയ്ക്കും ഡയറക്ടർക്കും അയച്ച കത്ത് പ്രകാരമാണ് നടപടി. വന്യജീവി പ്രശ്നത്തിൽ പ്രതിമാസ യോഗങ്ങൾ വിളിച്ചുചേർത്ത് ഫലപ്രദമായ ഇടപെടൽ നടത്തുവാൻ ജില്ലാ കലക്ടർമാരോടും ആവശ്യപ്പെട്ടിട്ടുണ്ട്.
അപകടകാരികളായ കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാൻ ഉത്തരവ് നൽകുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാർക്കും സെക്രട്ടറിമാർക്കും അധികാരം നൽകിയെങ്കിലും ഈ ഉത്തരവ് ഫലപ്രദമായി പല തദ്ദേശസ്ഥാപനങ്ങളും നടപ്പിലാക്കാത്തതിനാൽ കാട്ടുപന്നികൾ മൂലമുള്ള അപടകങ്ങളും കൃഷിനാശവും സംഭവിക്കുന്നതായി നിരവധി പരാതികൾ വനം മന്ത്രി എ.കെ.ശശീന്ദ്രന് ലഭിച്ചിരുന്നു. ഈ പഞ്ചാത്തലത്തിലാണ് ഫലപ്രദമായ നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെട്ടത്.
കാടിനു പുറത്ത് ജനവാസമേഖലകളിൽ ഇറങ്ങുന്ന കാട്ടുപന്നികളെ കൊന്നു ഇല്ലായ്മ ചെയ്യുന്നത് സംബന്ധിച്ച 'കാട്ടുപന്നി സംഘർഷം-അറിയേണ്ടതെല്ലാം' എന്ന പേരിൽ വിശദാംശങ്ങൾ അടങ്ങിയ ലഘുലേഖ തദ്ദേശ സ്വയംഭരണ സ്ഥാപന അധികാരികൾക്കും ബന്ധപ്പെട്ട വകുപ്പുകൾക്കും സർക്കാർ നൽകിയിട്ടുണ്ട്.