Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് കസ്റ്റഡി മര്‍ദ്ദനങ്ങള്‍ പ്രതിപക്ഷം ഇന്ന് നിയമസഭയില്‍ ഉന്നയിക്കും. അടിയന്തര പ്രമേയം ആയിട്ടായിരിക്കും വിഷയം അവതരിപ്പിക്കുക.
ആശാവര്‍ക്കര്‍മാരുടെ സമരം, മുണ്ടക്കൈ , ചൂരല്‍മല ദുരന്ത പുനരധിവാസം, വെളിച്ചെണ്ണ വിലവര്‍ധനവ് നിയന്ത്രിക്കാനുള്ള നടപടിയടക്കം ചോദ്യോത്തര വേളയില്‍ ഉയര്‍ന്നു വരും. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക അധിക തീരുവ ഏര്‍പ്പെടുത്തിയത് സഭയില്‍ ശ്രദ്ധ ക്ഷണിക്കല്‍ ആയി വരുന്നുണ്ട്. കേരള പൊതുവില്പന നികുതി ഭേദഗതി ബില്‍, കേരള സംഘങ്ങള്‍ രജിസ്‌ട്രേഷന്‍ ബില്‍ എന്നിവ ഇന്ന് നിയമസഭ ചര്‍ച്ച ചെയ്യും.
ഇന്നലെ സഭയിലെത്തിയ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് വരുമോ എന്ന് ഭരണപക്ഷം ഉറ്റു നോക്കുന്നുണ്ട്. സഭ തുടങ്ങി പതിനേഴാം മിനിറ്റിലാണ് രാഹുല്‍ ഇന്നലെ സഭയിലെത്തിയത്. കൂടെ യൂത്ത് കോണ്‍ഗ്രസിന്റെ ജില്ലാ അധ്യക്ഷന്‍ നേമം ഷജീറും. സഭയ്ക്കുള്ളില്‍ പ്രവേശിച്ച രാഹുലിന് ഇരിപ്പിടം നല്‍കിയത് പ്രതിപക്ഷ ബ്ലോക്ക് തീരുന്നതിന്റെ തൊട്ട് ഇപ്പുറത്താണ്. നേരത്തെ പി.വി ആന്‍വര്‍ ഇരുന്ന സീറ്റാണിത്.