മുന്നണി വിടുമോ ആർ.ജെ.ഡി?; സംസ്ഥാന നേതൃയോഗം ഇന്ന് തൃശൂരിൽ
മന്ത്രിസ്ഥാനവും രാജ്യസഭാ സീറ്റും നൽകാത്തത് അതൃപ്തിക്ക് കാരണമായി
എം.വി ശ്രേയാംസ് കുമാര്‍
തൃശൂർ: ആർ.ജെ.ഡി സംസ്ഥാന നേതൃയോഗം ഇന്ന് തൃശൂരിൽ ചേരും. എൽ.ഡി.എഫിൽ നിന്നും നേരിടുന്ന അവഗണനയാണ് യോഗത്തിൽ പ്രധാന ചർച്ചാവിഷയമാവുക. മുന്നണി വിടണമെന്ന ആവശ്യം ജില്ലാ നേതൃത്വങ്ങളും ഉന്നയിക്കുമെന്നാണ് സൂചന.
മുന്നണിയിലെ മറ്റു ഘടകകക്ഷികളെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചപ്പോൾ ആർ.ജെ.ഡിയെ മാത്രമാണ് സി.പി.എം പരിഗണിക്കാതിരുന്നത്. ഇതിന് പിന്നാലെ നേതാക്കൾക്കിടയിലും, പ്രവർത്തകർക്കിടയിലും എൽ.ഡി.എഫ് വിടണമെന്ന ആവശ്യം ഉയർന്നിരുന്നു. പക്ഷെ സംസ്ഥാന പ്രസിഡണ്ട് എം.വി ശ്രേയാംകുമാർ മുന്നണി വിടാൻ ഒരുക്കമായിരുന്നില്ല.
പാർലമെൻറ് തെരഞ്ഞെടുപ്പിൽ എംപി സീറ്റ് ആവശ്യപ്പെട്ടെങ്കിലും അതും ലഭിച്ചില്ല. പാർലമെൻറ് സീറ്റും മന്ത്രിസ്ഥാനവും ലഭിക്കാത്ത തങ്ങൾക്ക് രാജ്യസഭാ സീറ്റിന് അർഹതയുണ്ടെന്ന് മുന്നണി യോഗത്തിൽ ആർ.ജെ.ഡി ഉന്നയിച്ചു. പക്ഷേ അതും ഫലം കാണാതെ വന്നതോടെയാണ് മുന്നണി വിടണമെന്ന ആവശ്യം ആർജെഡി ക്കുള്ളിൽ ശക്തമാവുന്നത്. തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ ആർജെഡി മുന്നോട്ടുവെച്ച തിരുത്തലുകൾ മുന്നണി നടപ്പാക്കാത്തതിലും നേതൃത്വത്തിന് കടുത്ത അതൃപ്ത്തിയുണ്ട്. എന്നിരുന്നാലും മുന്നണി വിടുന്ന തീരുമാനം സംസ്ഥാന അധ്യക്ഷൻ്റെ നിലപാടിനെ ആശ്രയിച്ചിരിക്കും.