''ആത്മാഭിമാനമുള്ള ആരും വേദനിക്കാതെ ആ ലാബിൽ നിന്നും ഇറങ്ങിപ്പോന്നിട്ടില്ല''; നന്ദകുമാർ കളരിക്കലിനെതിരെ എഴുത്തുകാരന്‍ ജീവന്‍ ജോബ് തോമസ്

എംജി സർവകലാശാലയിലെ ദീപ പി മോഹനൻ നടത്തുന്ന നിരാഹാര സമരം 11ആം ദിവസത്തിലേക്ക് കടന്നു

Update: 2021-11-08 13:33 GMT
Editor : ijas
Advertising

എം.ജി സര്‍വകാലശാലയിലെ ജാതി വിവേചനത്തില്‍ നിരാഹാര സമരം തുടരുന്ന ദലിത് ഗവേഷക ദീപ പി മോഹനന് പിന്തുണ അറിയിച്ച് പൂര്‍വ്വ വിദ്യാര്‍ഥിയും എഴുത്തുകാരനുമായ ജീവന്‍ ജോബ് തോമസ്. പല തരം മുൻവിധികൾ വച്ചു കൊണ്ട് ഗവേഷകരോടും വിദ്യാർത്ഥികളോടും അദ്ദേഹം പെരുമാറുന്നത് പല തവണ കണ്ടിട്ടുണ്ടെന്നും ഒരധ്യാപകൻ എന്ന നിലയിൽ തുടരാൻ ഒരു കാരണവശാലും അർഹതയില്ലാത്ത അനേകം പരാമർശങ്ങളും പ്രവർത്തികളും നന്ദകുമാർ കളരിക്കൽ നടത്തിയതായും അത് ഏറ്റവും അടുത്ത് നിന്ന് അനുഭവിച്ച ഒരാളാണ് താനെന്നും ജീവന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. തനിക്ക് നന്ദകുമാര്‍ കളരിക്കലില്‍ നിന്നും നേരിട്ട മോശം അനുഭവവും ജീവന്‍ കുറിപ്പില്‍ വിശദമാക്കുന്നുണ്ട്. 

 ആത്മാഭിമാനമുള്ള ആരും വേദനിക്കാതെ ആ ലാബിൽ നിന്നും ഇറങ്ങിപ്പോന്നിട്ടുണ്ട് എന്നെനിക്ക് തോന്നിയിട്ടില്ല. ഒരു അധ്യാപകനായി നമ്മുടെ സമൂഹത്തിൽ നിലനിൽക്കാൻ ഒരിക്കലും അർഹനല്ലാത്ത ആളായിട്ടാണ് നന്ദകുമാർ കളരിക്കൽ എന്ന മനുഷ്യനെ അനുഭവങ്ങളിലൂടെ ഞാൻ മനസിലാക്കിയിട്ടുള്ളത്. ദീപയല്ല വിദ്യാഭ്യാസ സംവിധാനത്തിൽ നിന്നും പുറത്താക്കപ്പെടേണ്ടത്, അവരെ മാനസിക പീഡനത്തിനിരയാക്കുകയും മനുഷ്യൻ എന്ന മാന്യത നൽകി പെരുമാറാൻ തിരിച്ചറിവില്ലാതെ ഔദ്യോഗിക സ്ഥാനങ്ങൾ വഹിക്കുകയും ചെയ്യുന്ന ഇത്തരം അധ്യാപകരാണ്. ദീപയുടെ സമരം നമ്മുടെ സമൂഹത്തിലെ മാറ്റത്തിനു വേണ്ടിയുള്ള ശ്രമങ്ങളുടെ ഏറ്റവും ഉജ്ജ്വലമായ അധ്യായങ്ങളിൽ ഒന്നാണ്. നമ്മുടെ പൊതു സമൂഹത്തിന്റെ കാപട്യം നിറഞ്ഞ തെറ്റിദ്ധാരണകൾക്കെതിരെ കൂടിയാണ് ദീപ നിരാഹാരമിരിക്കുന്നത്- ജീവന്‍ പറഞ്ഞു.

അതെ സമയം എംജി സർവകലാശാലയിലെ ദീപ പി മോഹനൻ നടത്തുന്ന നിരാഹാര സമരം 11ആം ദിവസത്തിലേക്ക് കടന്നു. വി.സിയെയും ജാതി അധിക്ഷേപം നടത്തിയ അധ്യാപകനെയും മാറ്റാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ദീപ.

ജീവന്‍ ജോബ് തോമസിന്‍റെ ഫേസ്ബുക്ക് കുറിപ്പ്:

ഞാൻ എംജി സർവകലാശാലയിലെ പിഎച്ച്ഡി ഗവേഷണം ആരംഭിച്ചത് 2006 ലാണ്. നന്ദകുമാർ കളരിക്കൽ ആയിരുന്നു ഗൈഡ്. അതിനു മുൻപ് എംഫിലിനും അദ്ദേഹത്തിന്റെ കീഴിൽ തന്നെയാണ് ഞാൻ പ്രോജ്ക്റ്റ് സബ്മിറ്റ് ചെയ്തിരുന്നത്. അദ്ദേഹത്തിന്റെ ആദ്യകാല വിദ്യാർത്ഥികളിൽ ഒരാളാണ് ഞാൻ. ഇന്ന് ദീപ പി മോഹൻ എന്ന വിദ്യാർത്ഥിനി സമരം ചെയ്തുകൊണ്ടിരിക്കുന്നത് നന്ദകുമാർ കളരിക്കലിനും അദ്ദേഹത്തെ പിന്തുണച്ചുകൊണ്ടിരിക്കുന്ന വ്യവസ്ഥയ്ക്കും എതിരെയാണ്. വളരെ ചുരുങ്ങിയ സൗകര്യമുള്ള ഒരു ലാബിൽ രണ്ടു പേർ മാത്രം ഫുൾടൈം ഗവേഷകരായി ഉണ്ടായിരുന്ന രണ്ട് വർഷത്തിലേറെക്കാലമുണ്ടായിരുന്നു. അക്കാലത്ത് ഡിപ്പാർട്ട്മെന്റിൽ തന്നെ കമ്പ്യൂട്ടർ സൗകര്യം കുറവായിരുന്നത് കൊണ്ട് സാറിന്റെ ഓഫീസിലെ കമ്പ്യൂട്ടർ ഉപയോഗിക്കാൻ ഞങ്ങൾക്കനുവാദമുണ്ടായിരുന്നു. സാറില്ലാത്ത സമയത്തും സാറിന്റെ ഓഫീസിലെ കമ്പ്യൂട്ടർ ഉപയോഗിച്ചോളൂ എന്ന് പറഞ്ഞ് അദ്ദേഹം തന്നെ മുറിയുടെ സ്പെയർ കീ ഞങ്ങൾക്ക് തന്നിട്ടുണ്ടായിരുന്നു.

ഗവേഷണം തുടങ്ങി രണ്ടര വർഷം കഴിഞ്ഞിട്ടും എങ്ങും എത്താതെ കറങ്ങി തിരിയുന്ന ഭ്രാന്തൻ ദിവസങ്ങളിൽ ഒന്നിൽ വൈകുന്നേരം ആറുമണിക്ക് ശേഷം നന്ദകുമാർ ലാബിലേക്ക് കയറി വന്നു. എന്റെ സഹഗവേഷക ലാബിൽ ഉണ്ടായിരുന്നില്ല. തന്റെ ഓഫീസ് മുറിയിലിരുന്ന ഒരു കെട്ട് ആൻസർ ഷീറ്റുകൾ കാണുന്നില്ല, ജീവൻ കണ്ടിരുന്നൊ എന്ന് അദ്ദേഹം ചോദിച്ചു. കണ്ടിട്ടില്ല എന്ന് പറഞ്ഞതിനു പിന്നാലെ, എംഎസ് സി കുട്ടികളുടെ ആൻസർ ഷീറ്റ് മനപ്പൂർവ്വം ഞാനെടുത്ത് മാറ്റി വച്ചതാണ് എന്ന് പറഞ്ഞ് അദ്ദേഹം ബഹളം വയ്ക്കാനാരംഭിച്ചു. ഞാനെന്തിനാണ് എംഎസ് സി കുട്ടികളുടെ ആൻസർഷീറ്റ് എടുത്ത് ഒളിപ്പിച്ച് വെയ്ക്കുന്നത് എന്ന് ചോദിച്ചതിന്, അതിന് മറുപടി പറയേണ്ട ബാധ്യത ജീവന്റേതാണ് എന്ന് പറഞ്ഞ് അദ്ദേഹം ചീത്തവിളിയുടെ ആക്കം കൂട്ടി. അരമണിക്കൂറോളം നീണ്ടു നിന്ന ചോദ്യം ചെയ്യൽ ഹൊററിനു ശേഷം, എനിക്ക് അൽപം സമനില വീണ്ടെടുക്കാനായപ്പോൾ ഞാൻ പറഞ്ഞു, താങ്കൾ ഈ ആരോപണം വിസിയുടെ അടുത്ത് കംബ്ലൈന്റ് ചെയ്യുക, ഞാൻ അവിടെ മറുപടി പറഞ്ഞോളാം, ഇനി കംപ്ലൈന്റ് താങ്കൾ ചെയ്യുന്നില്ല എങ്കിൽ ഞാൻ പോയി, വിസിയോട് നേരിട്ട് കാര്യം പറയാം, ഞാനതും പറഞ്ഞ്, അദ്ദേഹത്തിന്റെ ഓഫീസ് മുറിയുടെ താക്കോൽ തിരികെ കൊടുത്ത് മുറിൽ നിന്നും ഇറങ്ങിപ്പോന്നു. അടുത്തുള്ള ലാബിലെ എന്റെ സുഹൃത്തിനോട് സംഭവങ്ങൾ വിവരിച്ചു. നന്ദകുമാർ തന്റെ ഓഫീസ് മുറി പൂട്ടി വീട്ടിലേക്ക് പോകുന്നതു ആ ലാബിലിരുന്ന് കണ്ടു.

ഒരു മണിക്കൂർ കഴിഞ്ഞ് നന്ദകുമാർ തിരിച്ചു വന്ന് എന്നെ വിളിച്ചു. ഞാനപ്പോഴും സുഹൃത്തിന്റെ ലാബിൽ തന്നെ ചെയ്യാത്ത കുറ്റത്തിന് പ്രതിയാകേണ്ടിവന്ന ഷോക്കിൽ നിന്നും കരകയറിക്കൊണ്ടിരിക്കുകയായിരുന്നു. വീണ്ടും അദ്ദേഹത്തിന്റെ ഓഫീസ് മുറിയിലേക്ക് ചെന്ന എന്നോട് നന്ദകുമാർ പറഞ്ഞു, ആൻസർ ഷീറ്റ് തന്റെ വീട്ടിൽ ഇരുപ്പുണ്ടായിരുന്നു, കഴിഞ്ഞ ദിവസം വാല്യൂ ചെയ്യാനായി വീട്ടിൽ കൊണ്ടുപോയത് മറന്നു പോയതാണ് എന്ന്. തെറ്റിദ്ധരിച്ചതിൽ അദ്ദേഹം സോറി പറഞ്ഞു.

സോറി ഞാൻ സ്വീകരിച്ചു. പക്ഷെ, ഒരു കാര്യവുമില്ലാതെ ആ വിധം തെറ്റിദ്ധരിക്കപ്പെട്ടത് എന്തുകൊണ്ടാണ് എന്ന ചോദ്യം അവസാനിക്കുന്നില്ല.

ആറുവർഷത്തെ ഗവേഷണ ജീവിതത്തിൽ അനുഭവിച്ച അനാവശ്യമായ സ്ട്രസ്സിന്റെ നേർചിത്രം മനസിലാക്കാനായി ആദ്യം ഓർമ്മയിൽ വരുന്ന ഒരു സംഭവം മാത്രമാണ് ഈ പറഞ്ഞത്. ഇതേപോലെ അനേകം സംഭവങ്ങളുണ്ടായിട്ടുണ്ട്. ഓരോ സംഭവങ്ങളുണ്ടാകുമ്പോഴും അത്രയും കാലം ചെയ്ത ഗവേഷണ ഫലങ്ങൾ മുഴുവനും ഉപേക്ഷിച്ചു പോകാനായി ഒരുങ്ങും. ആരെങ്കിലും ഒക്കെ വന്ന് സമാധാനിപ്പിക്കും. പിടിച്ചു നിൽക്കാൻ ഉപദേശിക്കും. ആറുവർഷത്തെ ഗവേഷണ ഫലങ്ങൾ മുഴുവനും പിഎച്ച്ഡി ഗൈഡിനു മുന്നിൽ വച്ചിട്ട് താങ്കൾ എടുത്തോളൂ എന്ന് പറഞ്ഞ് ഇറങ്ങിപ്പോരാൻ ഒരുങ്ങിയ ഒരു ദിവസവും ഉണ്ടായിരുന്നു. ഗവേഷണ ജീവിതത്തിൽ അധ്യാപകനിൽ നിന്നേറ്റുകൊണ്ടിരുന്ന ഇൻസൽറ്റുകളുടെയും വെർബൽ അബ്യൂസുകളുടെയും കാഠിന്യം സഹിക്കാവുന്നതിലും അപ്പുറത്തായ സമയത്താണ് ഇനി പിഎച്ച്ഡി കിട്ടിയില്ലെങ്കിലും വേണ്ടാ എന്ന് കരുതി ഇറങ്ങിപ്പോരാൻ ഒരുങ്ങിയത്.

ഇറങ്ങിപ്പോന്നപ്പോൾ പിന്നാലെ വന്ന് വിളിച്ച് വേഗം തീർത്തുതരാം പോവരുത് എന്ന് പറഞ്ഞിട്ടുണ്ട്, നന്ദകുമാർ കളരിക്കൽ. അതു കഴിഞ്ഞും ബഹളത്തിന്റെ പാരമ്യം ഉണ്ടാക്കിയതിന് ശേഷമാണ് എംജി യൂണിവേഴ്സിറ്റിയിലെ ഫിസിക്സ് ഡിപ്പാർട്ട്മെന്റിലെ ആ ലാബുകളിൽ നിന്നും ജീവിതത്തെ രക്ഷപ്പെടുത്തിയെടുത്തത്. ആറു വർഷത്തെ പിഎച്ച്ഡി കാലത്തെ എംജി സർവകലാശാലയിലെ ഹോസ്റ്റൽ മുറിയിലെ ഉറക്കമില്ലാത്ത രാത്രികളിൽ അനുഭവിച്ച വേദനകൾ, ഒഴുകിത്തീർത്ത കണ്ണുനീര് ഒൻപതു വർഷങ്ങൾക്ക് ശേഷം ഇന്നും എന്നെ വേട്ടയാടുന്നുണ്ട്. പിടിച്ചു നിൽക്കാൻ മറ്റൊരുപാട് സപ്പോർട്ടിങ്ങ് സംവിധാനങ്ങൾ ഉണ്ടായിരുന്നത് കൊണ്ടാണ് ആ കാലത്തെ അതിജീവിച്ചത്. അതില്ലാത്ത എത്രയോ വിദ്യാർത്ഥികൾ കൊഴിഞ്ഞു പോകുന്നത് ഞാൻ കണ്ടിട്ടുണ്ട്. അന്ന് എംജി സർവകലാശാലയിലെ ഫിസിക്സ് ഡിപ്പാർട്ട്മെന്റിലെ മറ്റ് അധ്യാപകരും കൂടെയുണ്ടായിരുന്ന മറ്റ് ഗവേഷകരും ഹോസ്റ്റലിലെയും കാംപസിലേയും അനേകം കൂട്ടുകാരും കുടുംബവും എല്ലാം അറിഞ്ഞൊ അറിയാതെയോ കാണിച്ച കരുതലിന് എന്റെ ജീവന്റെ വിലയുണ്ട് എന്ന് ഞാനിന്ന് തിരിച്ചറിയുന്നുണ്ട്. അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളുടെ കാരണക്കാരൻ ഞാനല്ല, എന്റെ കുറവുകളല്ല, അത് അബ്യൂസീവായ ഒരു ബോസിന്റെ ബിഹേവ്യറൽ പ്രശ്നമാണ് എന്ന് എന്നെ ബോധ്യപ്പെടുത്തിയത് ആ സപ്പോർട്ടിങ്ങ് സംവിധാനമാണ്. ആ സപ്പോർട്ടിങ്ങ് സംവിധാനം ഉള്ളതുകൊണ്ടാണ് എന്നെപ്പോലെയുള്ള പലർക്കും അവിടെ നിന്നും പിഎച്ച്ഡി തീർത്ത് ഇറങ്ങിപ്പോരാൻ കഴിഞ്ഞത്. ആ സപ്പോർട്ടിങ്ങ് സംവിധാനം എല്ലാവർക്കും ഒരേ മട്ടിലല്ല പ്രവർത്തിക്കുന്നത്. ജാതി എന്ന സാമൂഹിക യാഥാർത്ഥ്യം നിർമ്മിക്കുന്ന അസമത്വം ഏറ്റവും സൂക്ഷ്മ തലത്തിൽ ഇടപെടുന്നത് ഇതുപോലെയാണ്. ഞാനും ദീപ പി മോഹനും അനുഭവങ്ങളുടെ സമാനതയിലും വ്യത്യസ്തമാകുന്നതും സമൂഹം കൂടുതൽ ഉത്തരവാദിത്വത്തോടെ ദീപ പി മോഹനെ കേൾക്കേണ്ടിവരുന്നതും ഈ പറഞ്ഞ സപ്പോർട്ടിങ്ങ് സംവിധാനങ്ങൾ ഞങ്ങൾ രണ്ടു പേരിലും രണ്ടു തരത്തിലാണ് പ്രവർത്തിക്കുന്നത് എന്നതു കൊണ്ടാണ്.

ഞാൻ സഞ്ചരിച്ച അതേ വേദനകളിലൂടെ, ചിലപ്പോഴൊക്കെ അതിനേക്കാൾ കൂടിയ വേദനകളിലൂടെ സഞ്ചരിച്ച മറ്റുനാലു പേരുകൂടെ പല കാലങ്ങളിൽ എന്നോടൊപ്പമുണ്ടായിരുന്നു. ഞങ്ങളാരും നന്ദകുമാർ കളരിക്കലിനെതിരെ ദീപ പോയതുപോലെ പോരാടാൻ പോയില്ല. എല്ലാവരും എങ്ങനെയെങ്കിലും പിഎച്ച്ഡി തീർക്കണം എന്ന് മാത്രം വിചാരിച്ചു. ഞാനാകെ ചെയ്തത് ഗവേഷണ രംഗത്തെ അടിമ ഉടമ ബന്ധത്തെ മുൻനിർത്തി മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ ലേഖനമെഴുതുക മാത്രമാണ്. കാലങ്ങളായി കേട്ടുകൊണ്ടിരുന്ന ഇൻസൽറ്റുകളുടെ ഫ്രീക്വൻസി ഇരട്ടിച്ച് മാസങ്ങളോളം നീണ്ടു നിന്ന ഡിപ്രഷൻ മാത്രമാണ് ആ ലേഖനം എനിക്ക് സമ്മാനിച്ചത്. ദീപയേപ്പോലെ അന്ന് ഞങ്ങൾ സമരം ചെയ്ത് നന്ദകുമാറിന്റെ അബ്യൂസീവ് ബിഹേവിയറിന് തടയിടാൻ ശ്രമിച്ചിരുന്നെങ്കിൽ ഇന്ന് ദീപയ്ക്ക് ഈ മട്ടിൽ പട്ടിണി കിടക്കേണ്ടി വരുമായിരുന്നില്ല. പക്ഷെ ഞങ്ങൾ എല്ലാവരും നീതിയേക്കാൾ കൂടുതൽ സ്വന്തം കരിയറിനെ കുറിച്ച് മാത്രം ചിന്തിച്ചു. എല്ലാവരും അവരവരുടെ കാര്യം നോക്കുന്ന നാട്ടിൽ ദീപ വ്യത്യസ്തയാകുന്നത് അവൾ അവൾക്ക് വേണ്ടി മാത്രമല്ല, അവളുടെ പിന്നാലെ വരുന്നവർക്കും വംശാവലിക്കും വേണ്ടി കൂടിയാണ് സംസാരിക്കുന്നത് എന്നത് കൊണ്ടാണ്.

നന്ദകുമാർ കളരിക്കലിൽ നിന്നും മാനസിക പീഡനങ്ങൾ അനുഭവിച്ചവരിൽ ദളിതല്ലാത്ത ഞാനൊ മറ്റുള്ളവരോ ഉണ്ട് എന്നത് കൊണ്ട് ദീപ അനുഭവിച്ച വിവേചനവും മാനസിക പീഡനങ്ങളും ജാതിപരമല്ലാതാകുന്നില്ല. പല തരം മുൻവിധികൾ വച്ചു കൊണ്ട് ഗവേഷകരോടും വിദ്യാർത്ഥികളോടും അദ്ദേഹം പെരുമാറുന്നത് എത്രയോ തവണ കണ്ടിട്ടുണ്ട്. ഒരധ്യാപകൻ എന്ന നിലയിൽ തുടരാൻ ഒരു കാരണവശാലും അർഹതയില്ലാത്ത മട്ടിലുള്ള അനേകം അനേകം പരാമർശങ്ങളും പ്രവർത്തികളും നന്ദകുമാർ കളരിക്കൽ നടത്തുന്നത് ഏറ്റവും അടുത്ത് നിന്ന് അനുഭവിച്ച ഒരാളാണ് ഞാൻ. ആത്മാഭിമാനമുള്ള ആരും വേദനിക്കാതെ ആ ലാബിൽ നിന്നും ഇറങ്ങിപ്പോന്നിട്ടുണ്ട് എന്നെനിക്ക് തോന്നിയിട്ടില്ല. ആത്മാഭിമാനവും സ്വന്തം കഴിവിൽ വിശ്വാസവും ഇല്ലാത്ത അടിമത്വത്തെ ആഘോഷമാക്കുന്ന ഒരുപാട് പേർ ആ ലാബുകളിൽ നിന്നും ഇറങ്ങിപ്പോന്ന ശേഷം തങ്ങൾ അനുഭവിച്ചതെല്ലാം ഭാഗ്യമായിരുന്നു എന്ന് പറഞ്ഞ് അണിനിരക്കുന്നത് കാണുമ്പോഴാണ് ഇനിയും ഇതൊക്കെ പറയാതിരിക്കരുത് എന്ന് തോന്നിയത്.

നന്ദകുമാറിന്റെ ഈ സ്വഭാവത്തെകുറിച്ച് അറിയാത്തവരല്ല എംജി സർവകലാശാലയിലെ ബഹുഭൂരിപക്ഷം വരുന്ന അക്കാദമിക്ക് സമൂഹം. പക്ഷെ അവരാരും അതിൽ സീരിയസായി ഇടപെടാൻ തയ്യാറാവുകയില്ല. കാരണം, നന്ദകുമാറിൽ നിന്നും നേരിട്ടോ, തൊട്ടടുത്ത ബന്ധുക്കളൊ, ഏറ്റവും വേണ്ടപ്പെട്ടവരോ പീഡനങ്ങൾ അനുഭവിക്കേണ്ടി വരുമ്പോൾ മാത്രമേ ഈ വിഷയം അവർക്കെല്ലാം പ്രധാനമാവുകയൊള്ളൂ. അനുഭവിച്ചവർ പോലും പിന്നീട് കിട്ടിയേക്കാവുന്ന ചെറിയ ചെറിയ അപ്പക്കഷണങ്ങൾ മുതൽ വലിയ വലിയ കേക്ക് പീസുകൾ വരെ പ്രതീക്ഷിച്ച് അടിമയുടെ റോൾ ഭംഗിയായി ആടിക്കൊണ്ടിരിക്കുന്നത് തിരിച്ചറിയാൻ എളുപ്പമാണ്.

എന്റേതടക്കം പലരുടെയും പിഎച്ച്ഡിയുടെ പ്രശ്നങ്ങൾ ഉണ്ടായപ്പോൾ തന്നെ ഈ മനുഷ്യനെ നിലയ്ക്ക് നിർത്തേണ്ടതുണ്ട്, അല്ലെങ്കിൽ അതുണ്ടാക്കുന്ന അപകടം വലുതായിരിക്കും എന്ന് തോന്നിയിട്ടുണ്ട്. ഇത്തരം അധ്യാപകർ ചെയ്യുന്ന ഏറ്റവും വലിയ അപകടം അവർ അവരുടെ തന്നെ ക്ലോണുകളെ നിർമ്മിച്ചു കൊണ്ടിരിക്കുകയും ആ ക്ലോണുകളെ ഇൻഫ്ലുവൻഷ്യലായ പൊസിഷനുകളിൽ കുടിയിരുത്തുകയും ചെയ്യുന്നു എന്നത് കൂടിയാണ്. ഇവർ നടത്തുന്ന ഇൻസൽറ്റുകളും മാനസിക പീഡനങ്ങളും നോർമ്മലാണെന്നും അതിനെ സപ്പോർട്ട് ചെയ്യേണ്ടതാണ് എന്നും വിശ്വസിക്കുന്ന വലിയ കൂട്ടത്തെ അവർ ഉണ്ടാക്കി വച്ചിരിക്കുന്നു എന്നതാണ്. ആ കൂട്ടമാണ് ഈ സംവിധാനത്തിൽ നിന്നും പിഴുതെറിയപ്പെട്ടവരെ കുറിച്ചുള്ള ഡാറ്റയെ അപ്രത്യക്ഷമാക്കുന്നതും. ദീപ അങ്ങനെ പിഴുതെറിയപ്പെടുന്നതിന് നിന്നു കൊടുത്തില്ല, പത്തു വർഷമായിട്ടും പോരാടിക്കൊണ്ടിരിക്കുന്നു. തന്റെ അവകാശങ്ങളെ കുറിച്ച് തനിക്ക് കഴിയുന്ന മട്ടിൽ കലമ്പിക്കൊണ്ടിരിക്കുന്നു.

നന്ദകുമാറിന്റെ അബ്യൂസീവായ ബിഹേവിയറിനെ കുറിച്ച് അറിയാത്ത ആളല്ല സാബു തോമസ്. എന്ന് മാത്രമല്ല, ദീപ പി മോഹൻ പഠിക്കാനായി എത്തും മുൻപുപോലും വിദ്യാർത്ഥികളുമായി നന്ദകുമാറിനുണ്ടായ പ്രശ്നങ്ങളിൽ മധ്യസ്ഥന്റെ റോൾ വഹിച്ച് നന്ദകുമാറിന് അനുകൂലമാക്കി മാറ്റിയത് സാബു തോമസ് തന്നെയാണ്. ഇതൊന്നും ഹറാസ്മെന്റോ അബ്യൂസോ അല്ല, എക്സലൻസിനു വേണ്ടിയുള്ള പ്രഷർ മാത്രമാണെന്ന കപട ന്യായത്തിന്റെ ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കുന്ന വലിയ പ്രക്രിയയുടെ നേതൃത്വം വഹിക്കുന്നത് സാബു തോമസ് തന്നെയാണ് എന്ന് പറയാതിരിക്കാൻ കഴിയില്ല. അക്കാദമിക്ക് എക്സലൻസിന്റെ ന്യായങ്ങൾ ഉന്നയിച്ച് സാബു തോമസിനെ ന്യായീകരിക്കുന്നവർ മനസിലാക്കാത്തതോ ഓർക്കാതെ പോകുന്നതോ ആയ കാര്യം ഇന്ന് നിങ്ങൾ കാണുന്ന നന്ദകുമാർ കളരിക്കൽ സാബു തോമസിന്റെ ഗ്ലോറിഫൈഡ് ടൂൾ മാത്രമാണ് എന്നകാര്യമാണ്. നന്ദകുമാറിന്റെ ഹറാസിങ്ങ് ബിഹേവിയറിനെ ഓരോ സമയത്തും ചൂട്ടുകത്തിച്ച് വളരാൻ സഹായിച്ച ആ മനുഷ്യനു മുന്നിൽ നീതിക്ക് വേണ്ടി വാദിക്കാൻ ചെല്ലേണ്ടി വന്നു എന്നതാണ് ദീപ നേരിട്ട ഏറ്റവും വലിയ ഐറണി. ദീപ നടത്തുന്നത് നന്ദകുമാർ കളരിക്കൽ എന്ന ഒരു വ്യക്തിയോടുമാത്രമുള്ള സമരമല്ല എന്നും സാബു തോമസും നന്ദകുമാർ കളരിക്കലും കൂടിച്ചേർന്ന് കെട്ടിയുയർത്തിയ ഒരു സംവിധാനത്തിൽ നിലനിൽക്കുന്ന നീതി നിഷേധത്തിന് എതിരെയാണെന്നും തിരിച്ചറിയേണ്ടതുണ്ട്.

ഒരധ്യാപകന് ആദ്യമായും അവസാനമായും വേണ്ട ബോധ്യം തന്റെ മുന്നിൽ വന്നു നിൽക്കുന്ന ഓരോ വിദ്യാർത്ഥിയും ഓരോ മനുഷ്യനാണ് എന്നതാണ്. ആ വിദ്യാർത്ഥിയെ നിർമ്മിക്കുന്നത് ആ മനുഷ്യജീവി ജനിച്ചു വളർന്ന സാഹചര്യങ്ങളാണ്. ജാതിയും മതവും കുടുംബപശ്ചാത്തലവും സാമ്പത്തിക ക്രമങ്ങളും നാടും നാട്ടിലെ രാഷ്ട്രീയവും എല്ലാം ചേർന്ന ജീവസത്തയാണ് ഓരോ വിദ്യാർത്ഥിയും. അതിനനുസരിച്ച് മാത്രമാണ് ഓരോ വിദ്യാർത്ഥിയും തങ്ങൾക്ക് മുന്നിൽ നിർദേശിക്കപ്പെടുന്ന അവസ്ഥകളോട് പ്രതികരിക്കുക. അതിനു പകരം എല്ലാ വിദ്യാർത്ഥിയും ഓരോ യന്ത്രങ്ങളാണ് എന്ന് കണ്ട് നിശ്ചിതമായ അളവുകളും വടിവുകളും മാത്രം സ്വീകരിക്കപ്പെടുന്ന അഥോററ്റിയായിട്ടാണ് നന്ദകുമാർ തന്റെ മുന്നിൽ വന്നു നിൽക്കുന്ന ഗവേഷക വിദ്യാർത്ഥികളെ കാണുന്നത്. നന്ദകുമാറിന്റെ ഈ അളവുകളിൽ ഏറ്റവും യോജ്യമാവുക ജീവിത പരിസരത്തിന്റെ ഏറ്റവും നല്ല പ്രിവിലേജുകൾ ആസ്വദിക്കുന്നവർ മാത്രമാണ്. നന്ദകുമാറിന്റെ ഇൻസൽറ്റുകളെയും അബ്യൂസുകളെയും ക്വാളിറ്റി ഇമ്പ്രൊവൈസേഷനുള്ള അധ്യാപകന്റെ സ്പെഷ്യൽ ട്രീറ്റ്മെന്റാണ് എന്ന് ആ പ്രിവിലേജുകൾ ആസ്വദിക്കുന്നവർ തെറ്റിദ്ധരിച്ചു പോയേക്കാം. പക്ഷെ, ജാതിയുടെ വ്യവഹാരങ്ങൾ മുറിവേൽപ്പിച്ചിട്ടുള്ളവർക്ക് വളരെ എളുപ്പത്തിൽ അതിന്റെ യാഥാർത്ഥ്യത്തെ തിരിച്ചറിയാനാകും.

ആൻസർപ്പേപ്പർ മോഷ്ടിച്ചു എന്ന നുണകൊണ്ട് നാടകം നടത്തിയത് എന്റെ കൈയിൽ നിന്നും അദ്ദേഹത്തിന്റെ ഓഫീസ് മുറിയുടെ താക്കോൽ തിരികെവാങ്ങാനുള്ള കുതന്ത്രമായിരുന്നു എന്ന് ചിന്തിക്കാനാണ് അന്ന് ഞാൻ ഇഷ്ടപ്പെട്ടിരുന്നത്. പക്ഷെ ആ ഒരു സംഭവം തന്നെ ഗവേഷണം അവസാനിപ്പിക്കാനുള്ള കാരണമാകാമായിരുന്നു. ഞാൻ മിണ്ടാതെ പോകും എന്നും, എനിക്ക് വേണ്ടി സംസാരിക്കാൻ ആരും ഉണ്ടാകില്ല എന്ന സാഹചര്യവും ഉണ്ടായിരുന്നെങ്കിൽ നന്ദകുമാർ എന്നോട് സോറി പറയുമായിരുന്നില്ല. ഒരു സോറിയെങ്കിലും വാങ്ങിയെടുക്കാൻ നമ്മുടെ സമൂഹത്തിൽ അനേകം പ്രിവിലേജുകൾ ആർജിക്കേണ്ടതുണ്ട് എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്.

ഒരു അധ്യാപകനായി നമ്മുടെ സമൂഹത്തിൽ നിലനിൽക്കാൻ ഒരിക്കലും അർഹനല്ലാത്ത ആളായിട്ടാണ് നന്ദകുമാർ കളരിക്കൽ എന്ന മനുഷ്യനെ അനുഭവങ്ങളിലൂടെ ഞാൻ മനസിലാക്കിയിട്ടുള്ളത്. ദീപയല്ല വിദ്യാഭ്യാസ സംവിധാനത്തിൽ നിന്നും പുറത്താക്കപ്പെടേണ്ടത്, അവരെ മാനസിക പീഡനത്തിനിരയാക്കുകയും മനുഷ്യൻ എന്ന മാന്യത നൽകി പെരുമാറാൻ തിരിച്ചറിവില്ലാതെ ഔദ്യോഗിക സ്ഥാനങ്ങൾ വഹിക്കുകയും ചെയ്യുന്ന ഇത്തരം അധ്യാപകരാണ്. ദീപയുടെ സമരം നമ്മുടെ സമൂഹത്തിലെ മാറ്റത്തിനു വേണ്ടിയുള്ള ശ്രമങ്ങളുടെ ഏറ്റവും ഉജ്ജ്വലമായ അധ്യായങ്ങളിൽ ഒന്നാണ്. നമ്മുടെ പൊതു സമൂഹത്തിന്റെ കാപട്യം നിറഞ്ഞ തെറ്റിദ്ധാരണകൾക്കെതിരെ കൂടിയാണ് ദീപ നിരാഹാരമിരിക്കുന്നത്.

ഐഐറ്റി കാൺപൂരിൽ അധ്യാപകനായി നിയമിതനായ ദളിത് വിഭാഗത്തിൽ നിന്നുള്ള സുബ്രമണ്യം സദർല നേരിട്ട പ്രശ്നം അടുത്തകാലത്ത് ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു. SC/ST വിഭാഗത്തിൽ പെട്ട ആളെ നിയമിച്ചതിലൂടെ ഐഐറ്റിയുടെ നിലവാരം മോശമായി എന്ന ധാരണയോടെ സദർലയെ കാൺപൂർ ഐഐറ്റിയിൽ നിന്നും പുറത്താക്കിക്കാനായി അവിടുത്തെ നാലു പ്രമുഖ ഫാക്കൽറ്റികൾ നടത്തിയ ശ്രമങ്ങൾ തെളിവു സഹിതം പുറത്തു വന്ന കേസാണ് അത്. അതിൽ സദർലയ്ക്കെതിരെ ഉണ്ടായിരുന്ന വ്യാജ ആരോപണങ്ങളിൽ ഏറ്റവും പ്രധാനമായും ഉണ്ടായിരുന്നത് അദ്ദേഹത്തിന്റെ ഗവേഷണ ഫലങ്ങളിലെ കോപ്പിയടിയെ സംബന്ധിച്ചായിരുന്നു എന്നോർക്കണം. ദളിത് വിഭാഗത്തിൽ പെട്ട മനുഷ്യരെ താഴ്ത്തിക്കെട്ടാനായി അവരുടെ ബൗദ്ധിക ശേഷിയെ ഇകഴ്ത്തിക്കാട്ടുന്ന തരത്തിൽ ഇങ്ങനെയുള്ള ആരോപണങ്ങൾ ഉന്നയിക്കുന്നത് നമ്മുടെ രാജ്യത്തെ ഒരു സാധാരണ രീതിയായി കഴിഞ്ഞിട്ടുണ്ട് എന്ന് വേണം മനസിലാക്കാൻ. ദീപ പി മോഹന്റെ മേൽ നന്ദകുമാർ കളരിക്കൽ ആരോപിച്ച രണ്ട് ആരോപണങ്ങളും (ഇവരേപ്പോലുള്ളവരെ നിലനിർത്തിയാൽ ഇൻസ്റ്റ്യൂട്ടിന്റെ നിലവാരം തകരും എന്ന അഭിപ്രായം പറഞ്ഞതും ദീപയെ കോപ്പിയടി ആരോപിച്ച് ഇൻസൽറ്റ് ചെയ്തതും) ഇന്ത്യയിലെ ദളിതുകളെ അക്കാദമിക്സിൽ നിന്നും പുറത്താക്കി നിർത്തുന്നതിനായി വരേണ്യ വർഗ്യം കെട്ടി ചമയ്ക്കുന്ന വ്യാജ ആരോപണങ്ങളിൽ പ്രധാനപെട്ടതാണ്.

ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിലനിൽക്കുന്ന ജാതിപരമായ വിവേചനത്തേയും അതുമൂലം ഉണ്ടാകുന്ന വിദ്യാർത്ഥികളുടെ കൊഴിഞ്ഞു പോക്കും ആത്മഹത്യകളെയും കുറിച്ച് ദിവസവും പത്രം വായിക്കുന്നവർക്ക് സുപരിചിതമായി തീർന്ന കാര്യമാണ്. ഇന്ത്യയിലെ ഏഴ് പ്രധാന ഐഐറ്റികളിൽ നിന്നും കൊഴിഞ്ഞു പോകുന്ന വിദ്യാർത്ഥികളിൽ അറുപതു ശതമാനവും SC/ST വിഭാഗത്തിൽ നിന്നും ഉള്ളവരാണെന്ന കണക്ക് രാജ്യസഭയിൽ ചർച്ചയായത് ഈ കഴിഞ്ഞ ആഗസ്റ്റിലാണ്. ഇത് കേരളത്തിന് പുറത്ത് മാത്രമാണെന്നും നമ്മുടെ നാട്ടിൽ ഇതൊന്നും നടക്കുന്നതല്ലെന്നും ഉള്ള കണ്ണടച്ച് ഇരുട്ടാക്കൽ ബൗദ്ധിക സത്യസന്ധത അൽപമെങ്കിലും ശേഷിക്കുന്ന നമ്മുടെ അക്കാദമിക്ക് സമൂഹത്തിന് ഭൂഷണമാണോ എന്നതാണ് ചോദ്യം. രോഹിത്ത് വെമുലയുടേതടക്കം ഗവേഷണ വിദ്യാർത്ഥികൾക്കിടയിലുണ്ടായ എത്രയോ ആത്മഹത്യകൾ തലങ്ങും വിലങ്ങും ചർച്ച ചെയ്ത സമൂഹമാണ് നമ്മുടേത്. പക്ഷെ നമ്മുടെ കൂടെയുള്ളയാൾക്ക് പ്രശ്നം നേരിടേണ്ടി വരുമ്പോൾ തടിതപ്പുകയും ജാതിപരമായ പ്രിവിലേജിന്റെ ഭാഗത്തേക്ക് കൂടുമാറുകയും ചെയ്യുന്ന കാപട്യത്തിന് കേരളത്തിലും ഒരു വ്യത്യാസവുമില്ല എന്ന് തെളിയിച്ചു തരുന്ന കാഴ്ചയാണ് ദീപ പി മോഹന്റെ സമരത്തിലൂടെ നാം കണ്ടുകൊണ്ടിരിക്കുന്നത്.

ദീപയുടെ സമരം വിജയിക്കേണ്ടത് സാമൂഹിക നീതിയേയും മനുഷ്യത്വത്തേയും കുറിച്ച് യാഥാർത്ഥ്യബോധത്തോടെയുള്ള കാഴ്ചപ്പാടുകൾ പുലർത്തുന്ന ഏതൊരാളുടെയും പ്രതീക്ഷകൾ നിലനിർത്താനാവശ്യമാണ്.

ജീവൻ ജോബ് തോമസ്

08.11.൨൦൨൧

Full View

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News