'നിലവാരമില്ലാത്ത കമ്പനിയാണ് ഇൻഡിഗോ'; ഇ.പി ജയരാജൻ അന്ന് പറഞ്ഞത്...

കേരളത്തിലെ വിമാനത്താവളങ്ങളിലടക്കം ഇന്നും ഇൻഡി​ഗോ വിമാന പ്രതിസന്ധി തുടരുകയാണ്.

Update: 2025-12-06 07:45 GMT

തിരുവനന്തപുരം: 10‌00ലേറെ വിമാനങ്ങൾ റദ്ദാക്കി യാത്രക്കാരെ കടുത്ത പ്രതിസന്ധിയിലാക്കിയ ഇൻഡി​ഗോയ്ക്കെതിരെ പ്രതിഷേധവും രോഷവും ശക്തമായിരിക്കെ മൂന്നര വർഷം മുമ്പ് സിപിഎം നേതാവും മുൻ മന്ത്രിയുമായ ഇ.പി ജയരാജൻ പറഞ്ഞ വാക്കുകൾ വീണ്ടും ചർച്ചയാവുന്നു. നിലവാരമില്ലാത്ത കമ്പനിയാണ് ഇൻഡിഗോയെന്നും ഇതിനേക്കാൾ മാന്യമായ കമ്പനികൾ വേറെയുണ്ടെന്നുമാണ് 2022 ജൂലൈ 18ന് ഇ.പി ജയരാജൻ പറഞ്ഞത്.

വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പിടിച്ചുതള്ളിയതിൽ യാത്രാവിലക്ക് ഏർപ്പെടുത്തിയപ്പോഴായിരുന്നു അന്ന് എൽഡിഎഫ് കൺവീനറായിരുന്ന ഇ.പി ജയരാജൻ ഇൻഡി​ഗോയ്ക്കെതിരെ രം​ഗത്തെത്തിയത്. മൂന്നാഴ്ചത്തെ യാത്രാ വിലക്കാണ് ഇൻഡിഗോ അദ്ദേഹത്തിന് ഏർപ്പെടുത്തിയിരുന്നത്.

Advertising
Advertising

ഇൻഡിഗോയുടെ യാത്രാ വിലക്ക് നിയമവിരുദ്ധമാണെന്നും ഇനി താനും കുടുംബവും ഇൻഡിഗോയിൽ യാത്ര ചെയ്യില്ലെന്നും ഇ.പി ജയരാജൻ പറഞ്ഞിരുന്നു. പല സ്ഥലത്തും അവരുടെ വിമാനങ്ങൾ അപകടത്തിൽപ്പെടുന്നതായുള്ള വാർത്തകൾ വരുന്നുണ്ട്. നടന്ന് പോയാൽ പോലും താൻ ഇൻഡിഗോയിൽ കയറില്ലെന്നും ജയരാജൻ പറഞ്ഞിരുന്നു. വിമാനത്തിൽ യാത്ര ചെയ്യാൻ വന്ന ക്രിമിനലുകളെ തടയാൻ ഇൻഡിഗോ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും ജയരാജൻ ആരോപിച്ചിരുന്നു.

മാന്യതയുള്ള കമ്പനിയാണെങ്കിൽ തനിക്ക് പുരസ്‌കാരം നൽകുകയാണ് വേണ്ടതെന്നും ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അന്ന് പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് രണ്ടാഴ്ചയും വിലക്കേർപ്പെടുത്തിയിരുന്നു. വിമാന കമ്പനിയുടെ ആഭ്യന്തര അന്വേഷണ സമിതിയുടെ നിർദേശപ്രകാരമായിരുന്നു നടപടി. 2022 ജൂൺ 14ന് കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കു പറന്ന ഇൻഡിഗോ വിമാനത്തിലായിരുന്നു മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധമുണ്ടായത്.

യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയ സംഭവത്തില്‍ ഇന്‍ഡിഗോ ക്ഷമാപണം നടത്തിയെന്ന് അതേ വർഷം സെപ്തംബറിൽ ഇ.പി ജയരാജന്‍ പറഞ്ഞിരുന്നു. ക്ഷമാപണം എഴുതി നല്‍കാത്തതിനാൽ ഇന്‍ഡിഗോയിലെ യാത്ര ഒഴിവാക്കുന്നത് തുടരുമെന്നും പറഞ്ഞ അദ്ദേഹം, വിമാനത്തേക്കാള്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നതാണ് സൗകര്യമെന്നും വ്യക്തമാക്കിയിരുന്നു.

എന്നാൽ, പിന്നീട് ബഹിഷ്കരണം അവസാനിപ്പിച്ച് ഇ.പി ജയരാജൻ ഇൻഡി​ഗോയിൽ യാത്ര ചെയ്തു. അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ കാണാനാണ് ഇപി വീണ്ടും ഇൻഡിഗോ വിമാനത്തിൽ കയറിയത്. അന്ന് കോഴിക്കോട്ടുനിന്ന് ഡൽഹിയിലേക്കാണ് അദ്ദേഹം പോയത്. യെച്ചൂരി മരിച്ചപ്പോൾ അദ്ദേഹത്തിന്റെ അടുത്തെത്താൻ തന്റെ തീരുമാനം തടസമാകാൻ പാടില്ല എന്നതുകൊണ്ടാണ് ബഹിഷ്കരണ തീരുമാനത്തിൽ മാറ്റംവരുത്തിയതെന്ന് ജയരാജൻ വ്യക്തമാക്കിയിരുന്നു. ബഹിഷ്കരണത്തേക്കാൾ വലുത് തനിക്ക് യെച്ചൂരിയാണെന്നും അദ്ദേഹം അന്തരിച്ചെന്ന് കേട്ടപ്പോൾ എങ്ങനെ ഡൽഹിയിൽ എത്താമെന്നായിരുന്നു തന്‍റെ ചിന്തയെന്നും ജയരാജൻ പ്രതികരിച്ചിരുന്നു.

കേരളത്തിലെ വിമാനത്താവളങ്ങളിലടക്കം ഇന്നും ഇൻഡി​ഗോ വിമാന പ്രതിസന്ധി തുടരുകയാണ്. ഇന്ന് മാത്രം രാജ്യമൊട്ടാകെ 500ലേറെ സർവീസുകളാണ് ഇൻഡി​ഗോ റദ്ദാക്കിയത്. കൊച്ചിയിലും സർവീസുകൾ മുടങ്ങി. ഇവിടെ പത്ത് വിമാന സർവീസുകളെ പ്രതികൂലമായി ബാധിച്ചു. കൊച്ചി- ബംഗളൂരു, ജമ്മു, ഹൈദരാബാദ് സർവീസുകളാണ് മുടങ്ങിയത്. കൊച്ചി, മുംബൈ സർവീസ് വൈകും. വിമാനം റ​ദ്ദാക്കിയതോടെ യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങി. ഇൻഡിഗോ അധികൃതർ വിവരങ്ങൾ പങ്കുവെക്കുന്നില്ലെന്നും പരാതിയുണ്ട്. ഹൈദരാബാദിൽ ഇതുവരെ 69ഉം ഡൽഹിയിൽ 106 വിമാനങ്ങളുമാണ് റദ്ദാക്കിയത്.

‌ഇൻഡി​ഗോ വിമാനങ്ങൾ വ്യാപകമായി റദ്ദാക്കിയതോടെ എക്കാലത്തേയും വലിയ പ്രതിസന്ധിയാണ് രാജ്യമൊട്ടാകെയുള്ള വിവിധ വിമാനത്താവളങ്ങളില്‍ സൃഷ്ടിച്ചത്. പൈലറ്റുമാരുടെ എണ്ണക്കുറവ് ഉൾപ്പെടെയുള്ള വിവിധ പ്രശ്‌നങ്ങള്‍ തുടര്‍ന്നതോടെയാണ് വിമാന കമ്പനി യാത്രക്കാര്‍ക്ക് ഇരുട്ടടിയേകുന്ന കടുത്ത തീരുമാനത്തിലേക്ക് നീങ്ങിയത്. ഇതോടെ, ശക്തമായ പ്രതിഷേധത്തിനാണ് വിമാനത്താവളങ്ങള്‍ സാക്ഷിയായത്.

ഇതിന് പിന്നാലെ ഇന്‍ഡിഗോ പ്രതിസന്ധിയില്‍ മാപ്പ് പറഞ്ഞ് സിഇഒ പീറ്റര്‍ എല്‍ബേഴ്‌സ് രംഗത്തെത്തിയിരുന്നു. പ്രശ്‌നം പരിഹരിക്കാന്‍ വിവിധ നടപടികള്‍ സ്വീകരിച്ചു. സമൂഹമാധ്യമങ്ങളിലൂടെ യാത്രക്കാര്‍ക്ക് കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കും. ശനിയാഴ്ച മുതല്‍ മികച്ച സേവനം ഉറപ്പാക്കാന്‍ ശ്രമിക്കും. നിര്‍ദേശം പിന്‍വലിച്ച ഡിജിസിഎ തീരുമാനം സ്വാഗതാര്‍ഹമെന്നും സിഇഒ പറഞ്ഞിരുന്നു. ഡിസംബര്‍ പത്തിനും 15നും ഇടയില്‍ പൂര്‍വസ്ഥിതിയിലേക്ക് എത്താന്‍ സാധിക്കുമെന്നും യാത്രക്കാര്‍ സഹകരിക്കണമെന്നും പീറ്റര്‍ എല്‍ബേഴ്‌സ് ആവശ്യപ്പെട്ടു.

എന്നാൽ, ഇന്‍ഡിഗോ പ്രതിസന്ധിയില്‍ ഡിജിസിഐ ഉത്തരവ് പൂര്‍ണമായും മരവിപ്പിച്ചിട്ടില്ലെന്ന് വ്യോമയാനമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. പൈലറ്റുമാരുടെ ഡ്യൂട്ടി സമയവുമായി ബന്ധപ്പെട്ട് ഇന്‍ഡിഗോയ്ക്ക് ഭാഗിക ഇളവുകള്‍ മാത്രമാണ് നല്‍കുക. ചില വ്യവസ്ഥകള്‍ മാത്രമാണ് മരവിപ്പിച്ചത്. രാത്രി ഡ്യൂട്ടി, രാത്രി ലാന്‍ഡിങ് എന്നിവയില്‍ ഇന്‍ഡിഗോയ്ക്ക് മാത്രമാകും ഫെബ്രുവരി 10 വരെ ഇളവ്. കേന്ദ്രത്തിന്റെ ഉന്നതതല അന്വേഷണ സമിതി 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും വ്യോമയാന മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.


Full View


Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News