കോതമംഗലത്ത് യുവാവിന്റെ മരണം: പെൺസുഹൃത്ത് വിഷം നൽകിയെന്ന് സംശയം; വധശ്രമത്തിന് കേസെടുത്ത് പൊലീസ്
പെണ്‍സുഹൃത്ത് എന്തോ കലക്കിതന്നെന്ന് ആശുപത്രിയിലേക്ക് പോകുന്ന വഴി അന്‍സില്‍ ബന്ധുവിനോട് പറഞ്ഞിരുന്നു
കൊച്ചി:എറണാകുളം കോതമംഗലത്ത് മാതിരപ്പള്ളി സ്വദേശി അൻസിലിന്റെ മരണം കൊലപാതകമെന്ന് സംശയം. പെൺ സുഹൃത്ത് വിഷം നൽകിയെന്നാണ് സംശയം. യുവതിക്കെതിരെ കൊലപാതക ശ്രമത്തിന് നേരത്തെ കേസെടുത്തിരുന്നു. അൻസിലിന്റെ മൃതദേഹം പോസ്റ്റ്‍മോര്‍ട്ടം ചെയ്യാനും തീരുമാനം.
ഇന്നലെ രാത്രിയാണ് അൻസിലിനെ വീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. പെണ്‍സുഹൃത്ത് എന്തോ തനിക്ക് കലക്കിതന്നെന്ന് ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് അന്‍സില്‍ ബന്ധുവിനോട് പറയുന്നത്. ബന്ധുവിന്‍റെ പരാതിയാണ് പെണ്‍സുഹൃത്തിനെ പ്രതിയാക്കി കേസെടുത്തിരുന്നു.
പീഡനക്കേസിലെ അതിജീവിതയാണ് പ്രതിയായ യുവതി.യുവതിയെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. യുവതി കുറ്റം സമ്മതിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം.പെണ്‍സുഹൃത്തിന്‍റെ വീട്ടില്‍ പരിശോധന നടത്തിയപ്പോള്‍ വിഷാംശമടങ്ങിയ കുപ്പിയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
കളമശേരി മെഡിക്കല്‍ കോളജിലാണ് അന്‍സിലിന്‍റെ പോസ്റ്റ്‍മോര്‍ട്ടം നടത്തുന്നത്. റിപ്പോര്‍ട്ട് വന്നതിന് ശേഷമായിരിക്കും യുവതിക്കെതിരെ നടപടിയുണ്ടാകുക എന്ന് പൊലീസ് പറയുന്നു.