മഴക്കെടുതി നേരിടുന്നതില്‍ പരാജയം; കുവെെത്ത് പ്രധാനമന്ത്രിക്കെതിരെ കുറ്റവിചാരണാ പ്രമേയം
കുവൈത്തിൽ പ്രധാനമന്ത്രിക്കെതിരെയുള്ള കുറ്റവിചാരണ നിയമകാര്യ സമിതിക്ക് വിടാൻ തീരുമാനം. കഴിഞ്ഞ ദിവസം ചേർന്ന ദേശീയ അസംബ്ലിയുടേതാണ് തീരുമാനം. മഴക്കെടുതികൾ നേരിടുന്നതിൽ സർക്കാർ സംവിധാനങ്ങൾ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം കുറ്റവിചാരണാ പ്രമേയം അവതരിപ്പിച്ചത്.
പ്രധാനമന്ത്രി ശൈഖ് ജാബിർ അൽ മുബാറക് അൽ ഹമദ് സബാഹിനെതിരെയുള്ള കുറ്റവിചാരണ നിയമകാര്യ സമിതിക്കു വിടാനുള്ള തീരുമാനത്തിന് അനുകൂലമായി 41 എം.പിമാർ വോട്ടുചെയ്തപ്പോൾ 20 അംഗങ്ങൾ എതിർത്തു. രണ്ടു എം.പിമാർ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. ആകെ 63 എം.പിമാരാണ് ഇന്ന് സഭയിലെത്തിയത്. മഴക്കെടുതികൾ നേരിടുന്നതിൽ സർക്കാർ സംവിധാനങ്ങൾ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി പാർലമെൻറ് അംഗം ശുഐബ് അൽ മൂവൈസരിയാണ് പ്രധാനമന്ത്രിക്കെതിരെ കുറ്റവിചാരണക്ക് നോട്ടീസ് നൽകിയത്.
അപ്രതീക്ഷിതമായുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങൾ ചൂണ്ടിക്കാട്ടി കുറ്റവിചാരണ സമർപ്പിക്കുന്നതിന്റെ ഭരണഘടന സാധുതയടക്കം നിയമകാര്യ സമിതി പരിശോധിക്കും. അതിനു ശേഷമായിരിക്കും പ്രധാനമന്ത്രിക്കെതിരെയുള്ള കുറ്റവിചാരണ പാർലമെൻറിൽ ചർച്ചക്കെടുക്കുക.