ജീവൻ രക്ഷാ മരുന്നുകൾ കുവൈത്ത് തദ്ദേശീയമായി ഉല്‍പ്പാദിപ്പിക്കും
ആരോഗ്യ മന്ത്രാലയം അന്താരാഷ്ട്ര മരുന്ന് നിർമാണ കമ്പനികളുമായി ചര്‍ച്ച നടത്തും
ജീവൻ രക്ഷാ മരുന്നുകൾ തദ്ദേശീയമായി ഉൽപാദിപ്പിക്കാൻ കുവൈത്ത് ആലോചിക്കുന്നു. ഇതിന്റെ ഭാഗമായി ആരോഗ്യ മന്ത്രാലയം അന്താരാഷ്ട്ര മരുന്ന് നിർമാണ കമ്പനികളുമായി ജനുവരിയിൽ ചർച്ച നടത്തും.
കുവൈത്ത് ആരോഗ്യമന്ത്രാലയത്തിലെ ഔഷധ നിരീക്ഷണകാര്യ അണ്ടർ സെക്രട്ടറി ഡോ. അബ്ദുല്ല അൽ ബദ്ർ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. അവശ്യമരുന്നുകളുടെ വില താങ്ങാൻ സാധിക്കാത്ത നിലയിലേക്ക് ഉയരുന്ന സാഹചര്യത്തിലാണ് ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ നീക്കം. അന്താരാഷ്ട്ര തലത്തിൽ അവശ്യമരുന്നുകളുടെ വില ദിനം പ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. ഇടത്തരക്കാരും സാധാരണക്കാരുമായ രോഗികൾക്ക് ഇത് പ്രയാസം സൃഷ്ടിക്കും. ഇറക്കുമതി തീരുവയുൾപ്പെടെ നൽകേണ്ടതായി വരുന്നതുകൊണ്ടാണ് വിദേശ മരുന്നുകൾക്ക് വില കൂടുന്നത്. അവശ്യമരുന്നുകൾ തദ്ദേശീയമായി ഉൽപാദിപ്പിക്കപ്പെടുന്ന സാഹചര്യമുണ്ടായാൽ വില പിടിച്ചുനിർത്താൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിക്കൊടുത്തുകൊണ്ട് ഔഷധ നിർമാതാക്കൾക്ക് നിബന്ധനകളോടെ രാജ്യത്ത് ഓഷധ നിർമാണ ഫാക്ടറികൾ നടത്താൻ അനുവാദം നൽകാനാണ് അധികൃതരുടെ പദ്ധതി.