കുവൈത്തില്‍ വിസമാറ്റം വിലക്കാന്‍ മാന്‍പവര്‍ അതോരിറ്റി

കുവൈത്തിൽ പുതുതായി എത്തുന്നവർക്ക് മൂന്നുവർഷത്തേക്ക് വിസ മാറ്റം വിലക്കുന്ന കാര്യം ആലോചനയിലാണെന്നു മാൻപവർ അതോറിറ്റി നേരത്തെ വ്യക്തമാക്കിയിരുന്നു

Update: 2019-01-06 18:33 GMT

കുവൈത്തിൽ കുടുംബ വിസയിൽ നിന്ന് തൊഴിൽ വിസയിലേക്കുള്ള മാറ്റം വിലക്കാൻ മാൻപവർ അതോരിറ്റി ആലോചിക്കുന്നതായി റിപ്പോർട്ട്. ജനസംഖ്യാ ക്രമീകരണം ലക്ഷ്യമിട്ടാണ് നടപടി. മാൻ പവർ അതോറിറ്റി വൃത്തങ്ങളെ ഉദ്ധരിച്ചു പ്രാദേശിക പത്രമാന് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

വിദേശികൾ ഇഖാമ സ്റ്റാറ്റസ് മാറ്റുന്നത് തടയുന്നതുമായി ബന്ധപ്പെട്ട പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മാൻപവർ അതോറിറ്റിയുടെ പുതിയ നീക്കം. അവിദഗ്ധ തൊഴിലാളികൾ വ്യാപിക്കുന്നത് തടയലും ജനസംഖ്യാ ക്രമീകരണവുമാണ് ലക്ഷ്യം. കുടുംബ വിസയിൽനിന്ന് സ്വകാര്യമേഖലയിലെ തൊഴിൽവിസയിലേക്ക് മാറ്റം വാങ്ങി വിദേശികൾ ഹോം ഡെലിവറി സർവിസ് ഉൾപ്പെടെ ലൈസൻസില്ലാതെ വാണിജ്യപ്രവർത്തനങ്ങൾ നടത്തുന്നതായി ആക്ഷേപമുണ്ട്.

ജനസംഖ്യ സന്തുലനം സാധ്യമാക്കുന്നതിനായി സ്വകാര്യ കമ്പനികളിലും മറ്റും ജോലി ചെയ്യുന്ന വിദേശികളുടെ വിസമാറ്റവുമായി ബന്ധപ്പെട്ട കൂടുതൽ ഉത്തരവുകൾ അടുത്ത് തന്നെ ഉണ്ടായേക്കുമെന്നും റിപ്പോർട്ടുണ്ട്. വിസക്കച്ചവടക്കാരുടെയും ഊഹ കമ്പനികളുടെയും പ്രവർത്തനങ്ങൾ തടയുന്ന തരത്തിലുള്ള നിയമ നിര്‍മ്മാണങ്ങളാണ് ഉണ്ടാവുക. കുവൈത്തിൽ പുതുതായി എത്തുന്നവർക്ക് മൂന്നുവർഷത്തേക്ക് വിസ മാറ്റം വിലക്കുന്ന കാര്യം ആലോചനയിലാണെന്നു മാൻപവർ അതോറിറ്റി നേരത്തെ വ്യക്തമാക്കിയിരുന്നു

Tags:    

Similar News