അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ ഈ മാസം കുവൈത്ത് സന്ദർശിക്കും

ജോർദാന്‍, ഈജിപ്ത്ത്, ബഹ്റൈൻ, യു.എ.ഇ, ഖത്തർ, സൗദി, ഒമാൻ എന്നീ രാജ്യങ്ങളിലും മൈക് പോംപിയോ സന്ദർശനം നടത്തും.

Update: 2019-01-06 18:39 GMT

അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ ഈ മാസം 15ന് കുവൈത്ത് സന്ദർശിക്കും. എട്ടോളം അറബ് രാജ്യങ്ങളിലെ പര്യടനത്തിന്‍റെ ഭാഗമായാണ് അദ്ദേഹം കുവൈത്തിലെത്തുന്നത്. ജോർദാന്‍, ഈജിപ്ത്ത്, ബഹ്റൈൻ, യു.എ.ഇ, ഖത്തർ, സൗദി, ഒമാൻ എന്നീ രാജ്യങ്ങളിലും മൈക് പോംപിയോ സന്ദർശനം നടത്തും.

സിറിയയിൽ നിന്ന് അമേരിക്കൻ സൈന്യത്തെ പിൻവലിക്കാനുള്ള ആലോചനയുടെ പശ്ചാത്തലത്തിലാണ് സ്റ്റേറ്റ് സെക്രട്ടറി അറബ് രാജ്യങ്ങൾ സന്ദർശിക്കുന്നതെന്നാണ് സൂചന. കുവൈത്ത് രാഷ്ട്ര നേതാക്കളുമായും പ്രതിരോധം, സാമ്പത്തികം, വിദ്യാഭ്യാസം, വ്യാപാരം, കസ്റ്റംസ് തുടങ്ങിയ വിഷയങ്ങളിൽ വിവിധ വകുപ്പ് തലവന്മാരുമായും അദ്ദേഹം ചർച്ച നടത്തും.

തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ നടത്തുന്ന യോജിച്ച പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടും ചർച്ചയുണ്ടാവും. യമൻ, സിറിയ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളിലെ ആഭ്യന്തര സംഘർഷങ്ങളും ഖത്തറുമായി ബന്ധപ്പെട്ട ജി.സി.സി പ്രതിസന്ധിയും ഗൾഫ് രാജ്യങ്ങളും ഇറാനും തമ്മിലുള്ള ബന്ധവും അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിയുടെ സന്ദർശനത്തിലെ പ്രധാന അജണ്ടയാണെന്നാണ് റിപ്പോർട്ട്.

Tags:    

Similar News