കൽക്കരി എത്തിക്കാൻ വണ്ടിക്കൂലി ₹1400 കോടി! അദാനിയുടെ കൊള്ളയടിയെന്ന് കോടതി

ഛത്തീസ്ഗഡിൽനിന്ന് രാജസ്ഥാനിലെ രാജ്യ വിദ്യുത് ഉത്പാദൻ നിഗം ​​ലിമിറ്റഡിലേക്ക് കൽക്കരി ഇറക്കുമതി ചെയ്ത വകയിൽ അദാനി ഗ്രൂപ്പ് വാങ്ങിയെടുത്തത് 1400 കോടി രൂപയായിരുന്നു. കൊള്ളയാണ് നടന്നത് എന്നാണ് ജയ്‌പൂർ ജില്ലാ കോടതി കണ്ടെത്തിയിരിക്കുന്നത്

Update: 2025-11-26 12:30 GMT
Editor : RizwanMhd | By : Web Desk

വൻകിട സ്ഥാപനങ്ങൾക്ക് അനുകൂലമായ കരാറുകൾ നൽകുക, ചെറിയ തുകയ്ക്ക് ഭൂമി കൈമാറുക എന്നിങ്ങനെ സർക്കാരുകൾ കുത്തക മുതലാളിമാർക്ക് പലതരം ആനുകൂല്യങ്ങൾ ചെയ്തുകൊടുത്ത വാർത്തകൾ റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. ഇന്ത്യയുടെ കാര്യമാണെങ്കിൽ അദാനിയും അംബാനിയുമൊക്കെയായിരുന്നു പലപ്പോഴും ആ മുതലാളിമാർ. ഇപ്പോഴിതാ രാജസ്ഥാൻ സർക്കാരിൽനിന്ന് കോടികൾ തട്ടിയ ഒരു റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നു. വണ്ടിക്കൂലി ഇനത്തിൽ പേരിൽ തട്ടിയത് ഒന്നും രണ്ടുമല്ല, 1400 കോടി രൂപയാണ്.

അദാനി ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള ഒരു കൽക്കരി ഖനന സ്ഥാപനമാണ് ഇത്ര വലിയൊരു തുക ഗതാഗത ചാർജെന്ന പേരിൽ ഈടാക്കിയത്. ജയ്‌പൂർ ജില്ലാ കോടതിയാണ് ഈ കണ്ടെത്തൽ നടത്തിയിരിക്കുന്നത്. തുക കൊടുത്തുവെന്ന കാര്യം സംസ്ഥാന സർക്കാരും അംഗീകരിച്ചിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങളാണ് ഇന്നത്തെ ഇൻഡെപ്ത്ത് സംസാരിക്കുന്നത്, സ്വാഗതം.

Advertising
Advertising

2007-ൽ കേന്ദ്ര കൽക്കരി മന്ത്രാലയം, സർക്കാർ ഉടമസ്ഥതയിലുള്ള വൈദ്യുതി ഉൽപ്പാദന കമ്പനി രാജസ്ഥാൻ രാജ്യ വിദ്യുത് ഉത്പാദൻ നിഗം ​​ലിമിറ്റഡിന് ഛത്തീസ്ഗഢിലെ ഹസ്ദിയോ അരന്ദ് വനപ്രദേശത്തുള്ള രണ്ടു വലിയ കൽക്കരി ബ്ലോക്കുകൾ അനുവദിച്ചിരുന്നു. ഏകദേശം 450 ദശലക്ഷം ടണ്ണിലധികം കൽക്കരി ശേഖരമായിരുന്നു പാർസ ഈസ്റ്റ്, കെന്റെ ബസാൻ എന്നീ ബ്ലോക്കുകളിൽ ഉണ്ടായിരുന്നത്. ബിജെപി നേതാവ് വസുന്ധര രാജ നേതൃത്വം നൽകുന്ന സർക്കാരായിരുന്നു അക്കാലത്ത് സംസ്ഥാനം ഭരിച്ചിരുന്നത്.

അവർ മറ്റൊരു സംയുക്ത കരാർ കൂടി ഒപ്പിട്ടു. കൽക്കരി ഖനനം ചെയ്ത് ഛത്തീസ്ഗഡിൽ നിന്ന് രാജസ്ഥാനിലെ പവർ പ്ലാന്റുകളിലേക്ക് എത്തിക്കാൻ അദാനി എന്റർപ്രൈസസിന് മേൽക്കൈയുള്ള സംയുക്ത സംരംഭ കരാറായിരുന്നു അത്. അദാനി എന്റർപ്രൈസസ് ആയിരുന്നു പാർസ കെന്റെ കൊളിയറീസ് ലിമിറ്റഡ് എന്ന ആ കമ്പനിയുടെ 74% ഓഹരിയും കൈവശം വച്ചിരുന്നത്. അതുപ്രകാരം, ഖനന പ്രവർത്തനങ്ങൾക്കുള്ള ഫീസ് അദാനി ഗ്രൂപ്പിനും ഖനനം ചെയ്‌തെടുക്കുന്ന കൽക്കരി പൊതുമേഖലാ സ്ഥാപനത്തിനും ലഭിക്കും. രാജ്യത്ത് തന്നെ താരതമ്യേന പുതിയ തരത്തിലുള്ള ഒരു ക്രമീകരണമായിരുന്നു മൈൻ ഡെവലപ്പർ ആൻഡ് ഓപ്പറേറ്റർ എന്ന് അറിയപ്പെടുന്ന ഈ സംയുക്ത കരാർ.

എന്നാൽ, ഈ കരാറിനെ അദാനി ഗ്രൂപ്പ് കഴിയുന്നത്ര ചൂഷണം ചെയ്തുവെന്നാണ് ഇക്കഴിഞ്ഞ ജൂലൈയിൽ ജയ്പൂർ കോടതി കണ്ടെത്തിയത്. കൽക്കരി കൊണ്ടുവരാനും മറ്റുമുള്ള ഫീസായി അദാനി ഗ്രൂപ്പ് സംസ്ഥാന സർക്കാരിൽനിന്ന് വാങ്ങിയെടുത്തത് 1400 കോടി രൂപയായിരുന്നു. അർഹതപ്പെട്ടതല്ലാഞ്ഞിട്ടും കമ്പനി ഈ ചാർജുകൾ ചുമത്തുകയായിരുന്നുവെന്നും അവർ നടത്തിയത് കൊള്ളയടി ആണെന്നുമായിരുന്നു ജയ്‌പൂർ ജില്ലാ കോടതി ചൂണ്ടിക്കാട്ടിയത്. 50 ലക്ഷം രൂപയും കോടതി പിഴ ചുമത്തിയിരിക്കുന്നു. കൂടാതെ, സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി മുഴുവൻ ഇടപാടും ഓഡിറ്റ് ചെയ്യാൻ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിനോട് (സിഎജി) നിർദ്ദേശിക്കാനും വിധിപ്രസ്താവത്തിൽ പരാമർശമുണ്ടായിരുന്നു. നിലവിൽ ഓഡിറ്റ് പ്രക്രിയ രാജസ്ഥാൻ ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണെങ്കിലും, ജയ്‌പൂർ കോടതിയുടെ ഉത്തരവ് ഇന്ത്യയിലെ കൽക്കരി- വൈദ്യുതി മേഖലയിലെ കരാറുകളിലെ തട്ടിപ്പുകളിലേക്ക് വെളിച്ചം വീശുന്നതാണ്.

നേരത്തെ, രാജസ്ഥാൻ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു വൈദ്യുതി വിതരണ കമ്പനിയായ ജയ്പൂർ വിദ്യുത് വിത്രൻ നിഗം ​​ലിമിറ്റഡിൽനിന്ന് അദാനി പവർ രാജസ്ഥാൻ ലിമിറ്റഡ് 1,300 കോടി രൂപ വൈകിയുള്ള പേയ്‌മെന്റിന് സർചാർജായി ആവശ്യപ്പെട്ട സംഭവവും ഉണ്ടായിരുന്നു. ഇത് പക്ഷെ സുപ്രീംകോടതി തള്ളിക്കളയുകയായിരുന്നു.

കൽക്കരി ഖനനവുമായി ബന്ധപ്പെട്ട കരാറുകളിൽ, പൊതുമേഖലാ സ്ഥാപനങ്ങളെ ചൂഷണം ചെയ്ത് സ്വകാര്യ കമ്പനികളുണ്ടാക്കുന്ന കൊള്ളലാഭത്തെ കുറിച്ച് കൂടുതൽ അന്വേഷണത്തിന് വഴിതെളിക്കുന്നതാണ് ശരിക്കും ജയ്‌പൂർ കോടതിയുടെ ഉത്തരവ്. പൊതുതാൽപ്പര്യം സംരക്ഷിച്ചാണ് പൊതുവിഭവങ്ങൾ ഉപയോഗിക്കപ്പെടുന്നതെന്നും കരാർ ബാധ്യതകൾ ന്യായമായും നിയമപരമായും നടപ്പിലാക്കുന്നുണ്ടെന്നും ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം കൂടി എടുത്തുകാണിക്കുന്നുണ്ട് ഈ കേസ്.

Writer - RizwanMhd

contributor

Editor - RizwanMhd

contributor

By - Web Desk

contributor

Similar News