സിപിഎം കേന്ദ്ര കമ്മിറ്റിക്ക് കുറ്റ്യാടിയിൽ നിന്ന് കത്ത്

കുറ്റ്യാടി സീറ്റിൽ സിപിഎം തന്നെ മത്സരിക്കണമെന്നാണ് ആവശ്യം. സീറ്റ് ജോസ് വിഭാഗത്തിന് നൽകിയതിൽ പ്രതിഷേധം നിലനിൽക്കുന്ന സാഹചര്യത്തിലാണ് കത്ത്.

Update: 2021-03-09 15:59 GMT

സിപിഎം കേന്ദ്ര കമ്മിറ്റിക്ക് കുറ്റ്യാടിയിൽ നിന്ന് കത്ത്. സിപിഎം കുറ്റ്യാടി മണ്ഡലം കമ്മിറ്റിയാണ് കത്ത് നൽകിയത്. കുറ്റ്യാടി സീറ്റിൽ സിപിഎം തന്നെ മത്സരിക്കണമെന്നാണ് ആവശ്യം. സീറ്റ് ജോസ് വിഭാഗത്തിന് നൽകിയതിൽ പ്രതിഷേധം നിലനിൽക്കുന്ന സാഹചര്യത്തിലാണ് കത്ത്.

മഞ്ചേശ്വരത്തെ സിപിഎം സ്ഥാനാർഥി നിർണയത്തെ ചൊല്ലിയും കലഹമുണ്ട്. സ്ഥാനാർഥിയായി പരിഗണിക്കുന്ന ജയാനന്ദയെ മാറ്റണമെന്ന് മണ്ഡലം കമ്മിറ്റിയിൽ ആവശ്യമുയർന്നു. യുഡിഎഫിലെയും എൻഡിഎയിലെയും അനൈക്യം മുതലെടുക്കാൻ ജയാനന്ദയ്ക്ക് സാധിക്കില്ലെന്നാണ് വിമർശനം.

മണ്ഡലം കമ്മിറ്റിയുടെ എതിർപ്പിനെ തുടർന്ന് തീരുമാനം ജില്ലാ കമ്മിറ്റിയുടെ പുനഃപരിശോധനയ്ക്ക് വിട്ടു. മഞ്ചേശ്വരം മണ്ഡലത്തിലെ സ്ഥാനാർഥി ചർച്ചക്കായി നാളെ വീണ്ടും യോഗം ചേരും. സിപിഎം ജില്ലാ സെക്രട്ടറി പങ്കെടുക്കും. അവസാനവട്ട അനുനയ ശ്രമങ്ങൾക്കായാണ് വീണ്ടും യോഗം ചേരുക. തീരുമാനം ആയില്ലെങ്കിൽ നാളെ മഞ്ചേശ്വരത്ത് സിപിഎം സ്ഥാനാർഥിയെ പ്രഖ്യാപിച്ചേക്കില്ല.

Advertising
Advertising

സ്ഥാനാർഥി നിർണയത്തെ ചൊല്ലി പൊന്നാനിയിലും കോങ്ങാടും സിപിഎമ്മിൽ പ്രതിഷേധം കനക്കുകയാണ്. പൊന്നാനിയിൽ ടി എം സിദ്ദിഖിനെ സ്ഥാനാര്‍ഥിയാക്കാത്തതില്‍ പ്രതിഷേധിച്ച് ഏരിയാ കമ്മിറ്റി അംഗങ്ങൾ ഉൾപ്പടെ ഏഴ് പേർ ഇന്ന് രാജിവെച്ചു. എന്നാൽ സ്ഥാനാർഥി നിർണയം സംബന്ധിച്ച പാർട്ടി തീരുമാനത്തില്‍ മാറ്റമില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എം വി ഗോവിന്ദൻ വ്യക്തമാക്കി.

പാലക്കാട്ടെ കോങ്ങാട് അഡ്വ. കെ.ശാന്തകുമാരിയെ മത്സരിപ്പിക്കുന്നതിനെതിരെയും മണ്ഡലം കമ്മിറ്റി യോഗത്തിൽ പ്രതിഷേധമുയർന്നു. മണ്ഡലത്തിന് അകത്തുള്ള നേതാക്കളെ മത്സരിപ്പിക്കണമെന്ന് ഒൻപതിൽ എട്ട് ലോക്കൽ കമ്മിറ്റികളും ആവശ്യപ്പെട്ടു. അതേസമയം റാന്നി സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കിയതില്‍ പരസ്യ പ്രതിഷേധങ്ങള്‍ പാടില്ലെന്ന് പ്രാദേശിക ഘടങ്ങൾക്ക് പത്തനംതിട്ട ജില്ലാ നേതൃത്വം നിർദേശം നൽകി.

Tags:    

Similar News