ദലിത്ബന്ധു എന്‍.കെ ജോസ്: ഗാന്ധി ഭക്തനില്‍നിന്ന് അംബേദ്കറേറ്റിലേക്കുള്ള സഞ്ചാരം

ദലിത് പഠനങ്ങള്‍ക്കും ചരിത്രരചനകള്‍ക്കും എന്‍.കെ ജോസ് നല്‍കിയ അവിസ്മരണീയമായ സംഭാവനകളെ ആദരിച്ചുകൊണ്ട് 1987 - ല്‍ കോട്ടയം തിരുനക്കര മൈതാനത്ത് വച്ച് സംഘടിപ്പിക്കപ്പെട്ട ദലിത് സംഗമത്തില്‍ ഇന്ത്യന്‍ ദലിത് ഫെഡറേഷന്‍ അദ്ദേഹത്തിന് ദലിത്ബന്ധു എന്ന ബഹുമതി നല്‍കിയതില്‍ പിന്നെ ദലിത് ബന്ധു എന്ന തൂലികാ നാമത്തിലാണ് അദ്ദേഹം എഴുതിയത്.

Update: 2024-03-08 15:48 GMT

വ്യവസ്ഥാപിത ചരിത്രകാരന്മാര്‍ വിസ്മരിച്ച ദലിതരുടെ ചരിത്രം അന്വേഷിച്ചും എഴുതിയും അവരില്‍ ഒരാളായി, അവരുടെ ബന്ധുവായി ചരിത്രത്തോടൊപ്പം സഞ്ചരിച്ച ജനകീയ ചരിത്രകാരന്‍ ദലിത്ബന്ധു എന്‍.കെ ജോസ് വിടവാങ്ങിയിരിക്കുന്നു. ഏഴു പതിറ്റാണ്ടുകാലത്തെ സ്വതന്ത്ര ചരിത്ര ഗവേഷണ പഠനങ്ങളിലൂടെ ചരിത്രരചനാ രംഗത്ത് അദ്ദേഹം ആവിഷ്‌കരിച്ച രീതി ശാസ്ത്രവും രചനാശൈലിയും സംവാദാത്മകതയും അനുകരിക്കാനാവാത്ത വിധം അനന്യമായ ഒന്നായിരുന്നു. ചരിത്രരചനാ രംഗത്ത് ആധിപത്യം പുലര്‍ത്തിയിരുന്ന പരമ്പരാഗത രചനാസമ്പ്രദായങ്ങളെയും സങ്കല്‍പനങ്ങളെയും ചോദ്യം ചെയ്തു കൊണ്ടായിരുന്നു ദലിത് ബന്ധു ചരിത്ര ഗവേഷണ രംഗത്തേക്ക് പ്രവേശിച്ചത്. ചരിത്രം എന്നാല്‍ വിജയികളുടെയും ഭരണാധികാരികളുടെയും വരേണ്യ വിഭാഗങ്ങളുടെയും ചരിത്രമാണന്ന ധാരണയെ നിരന്തരം ചോദ്യം ചെയ്ത അദ്ദേഹം സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും ചരിത്രം ഉണ്ടെന്നും അവരൊക്കെയും നാടിന്റെ ചരിത്ര നിര്‍മിതിയില്‍ പങ്കെടുത്തിട്ടുണ്ടെന്നും അതാണ് നാടിന്റെ യഥാര്‍ഥ ചരിത്രമെന്നും ബോധ്യപ്പെടുത്തി.

Advertising
Advertising

കോളജ് വിദ്യാഭ്യാസ കാലഘട്ടത്തില്‍ തന്നെ കമ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ് ആശയങ്ങളില്‍ പ്രചോദിതനായി രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ അദ്ദേഹം ആകൃഷ്ടനായിരുന്നു. പിന്നീട് സോഷ്യലിസ്റ്റ് ചിന്താധാരയിലും ഗാന്ധിസത്തിലും ആകൃഷ്ടനായി രാഷ്ട്രീയ പ്രവര്‍ത്തന രംഗത്ത് സജീവമായി. എന്നാല്‍, പിന്നീട് ഡോ. അംബേദ്കറെ വായിക്കാന്‍ ആരംഭിക്കുന്നതോടുകൂടിയാണ് ചരിത്രാന്വേഷണത്തിന്റെ പുതിയൊരു പന്ഥാവിലേയ്ക്ക് അദ്ദേഹം കടക്കുന്നത്. 

ചരിത്രത്തെയും ചരിത്ര വായനയെയും സാധാരണക്കാരോട് അടുപ്പിക്കുന്നതിലും അവരെ ചരിത്ര ബോധ്യമുള്ളവരായി മുന്നോട്ടു നയിക്കുന്നതിലും അദ്ദേഹം നല്‍കിയ സംഭാവനകള്‍ ഈടുറ്റതായിരുന്നു. ഉല്‍പ്പത്തി കഥകളാലും മഹാത്മ്യങ്ങളാലും ഭരണാധികാരികളുടെ അപദാനങ്ങളാലും കേരള ചരിത്ര രചനാരംഗം കളം നിറഞ്ഞിരുന്ന ഒരു കാലഘട്ടത്തിലായിരുന്നു എന്‍.കെ ജോസ് എന്ന ജനകീയ ചരിത്രകാരന്‍ ഉദയം ചെയ്യുന്നത്. ഉല്‍പ്പത്തി കഥകളെയും ഊഹാഭോഗങ്ങളെയും പാരമ്പര്യങ്ങളെയും ചോദ്യം ചെയ്ത അദ്ദേഹം കേരളത്തിന്റെ യഥാര്‍ഥ ചരിത്രം രൂപപ്പെട്ടതിന്റെ ചരിത്രം അന്വേഷണ വിധേയമാക്കി. തത്ഫലമായാണ് ലഹളകള്‍ എന്ന പേരില്‍ തമസ്‌ക്കരിക്കപ്പെട്ടിരുന്ന അടിസ്ഥാന ജനവിഭാഗങ്ങളുടെ ഉയര്‍ത്തെഴുന്നേല്‍പ്പുകളുടെയും പോരാട്ടങ്ങളുടെയും ചരിത്രം അനാവരണം ചെയ്യപ്പെടുന്നത്.

നൂറ്റാണ്ടുകള്‍ ജാത്യാധിപത്യത്തിന്‍ കീഴിലായിരുന്ന കേരളീയ സമൂഹത്തെ ജനാധിപത്യവത്ക്കരിക്കുന്നതില്‍ അടിസ്ഥാന ജനവിഭാഗങ്ങള്‍ നല്‍കിയ സംഭാവനകളെ രേഖപ്പെടുത്തിയ അദ്ദേഹം അതിന് നേതൃത്വം നല്‍കിയ നവോത്ഥാന നായകന്മാരെയും പ്രസ്ഥാനങ്ങളെയും ചിന്താധാരകളെയും ചരിത്ര വസ്തുക്കളുടെ വെളിച്ചത്തില്‍ കേരളീയ സമൂഹത്തെ ബോധ്യപ്പെടുത്തുകയും അതോടൊപ്പം നാടുവാഴ്ചയുടെയും ജന്മത്തത്തിന്റെയും രാജവാഴ്ചയുടെയും സവര്‍ണാധിത്തിന്റെയും ദുരന്തപൂര്‍ണമായ അവസ്ഥാന്തരങ്ങളെ തുറന്നുകാട്ടുകയും ചെയ്തു. ഇതിനായി അദ്ദേഹം നടത്തിയ അന്വേഷണങ്ങളും സമാഹരിച്ച രേഖകളും വെളുപ്പെടുത്തിയ വസ്തുകളും ആരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഡോ. അംബേദ്കറുടെ ചരിത്രാന്വേഷണ രീതി ശാസ്ത്രത്തെ അനുധാവനം ചെയ്ത അദ്ദേഹം ബ്രാഹ്മണിസവും ജാതിവ്യവസ്ഥയുമാണ് നാടിന്റെ പതനത്തിന്റെ കാരണമെന്നു വിളിച്ചു പറഞ്ഞ അപൂര്‍വം ചരിത്രകാരന്മാരില്‍ ഒരാളായിരുന്നു. നസ്രാണി സീരീസ്, ദലിത് സീരീസ് എന്നിങ്ങനെ രണ്ടു സീരീസുകളിലായി ഏതാണ്ട് നൂറ്റി നാല്‍പതിലധികം കൃതികള്‍ അദ്ദേഹത്തിന്റേതായുണ്ട് .

ചരിത്രം, സാമൂഹ്യ ചരിത്രം, ദലിത് പഠനം എന്നിങ്ങനെ അതിവിപുലമാണ് ദലിത് ബന്ധുവിന്റെ രചനാ ലോകം. മഹാനായ അയ്യന്‍കാളി, അംബേദ്കര്‍, പുലയലഹള, ചാന്നാര്‍ ലഹള, വയലാര്‍ ലഹള, ക്ഷേത്രപ്രവേശന വിളംബരം, വൈക്കം സത്യാഗ്രഹം ഒരു പ്രഹേളിക, ശിപായി ലഹള, ദിവാന്‍ മണ്‍റോ, വൈകുണ്ഠസ്വാമികള്‍, ജ്യോതിറ ഫൂലെ, കേരള പരശുരാമന്‍ പുലയ ശത്രു, അംബേദ്ക്കും മനുസ്മൃതിയും തുടങ്ങിയ രചനകള്‍ ദലിത് ബന്ധുവിന്റെ ചരിത്ര രചനാ പാഠവത്തിന്റെ നിദര്‍ശനങ്ങളായും ദലിത് ചരിത്ര രചനാ സാഹിത്യത്തിലെ നാഴികക്കല്ലുകളായും നിലകൊള്ളുന്നു.

1929 -ല്‍ വൈക്കത്തായിരുന്നു എന്‍.കെ ജോസിന്റെ ജനനം .ചേര്‍ത്തല, ചങ്ങനാശ്ശേരി എന്നിവിടങ്ങളിലായി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം തേവര സേക്രഡ് ഹാര്‍ട്ട്, സെന്റ് ആല്‍ബര്‍ട്ട് കോളജുകളിലായാണ് കോളജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. കോളജ് വിദ്യാഭ്യാസ കാലഘട്ടത്തില്‍ തന്നെ കമ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ് ആശയങ്ങളില്‍ പ്രചോദിതനായി രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ അദ്ദേഹം ആകൃഷ്ടനായിരുന്നു. പിന്നീട് സോഷ്യലിസ്റ്റ് ചിന്താധാരയിലും ഗാന്ധിസത്തിലും ആകൃഷ്ടനായി രാഷ്ട്രീയ പ്രവര്‍ത്തന രംഗത്ത് സജീവമായി. എന്നാല്‍, പിന്നീട് ഡോ. അംബേദ്കറെ വായിക്കാന്‍ ആരംഭിക്കുന്നതോടുകൂടിയാണ് ചരിത്രാന്വേഷണത്തിന്റെ പുതിയൊരു പന്ഥാവിലേയ്ക്ക് അദ്ദേഹം കടക്കുന്നത്. 1960 കളില്‍ കേരള കത്തോലിക്ക കോണ്‍ഗ്രസില്‍ സംസ്ഥാന തലത്തില്‍ പല പദവികളും അദ്ദേഹം വഹിച്ചിരുന്നു. . 1983-ല്‍ കത്തോലിക്ക പ്രവര്‍ത്തനങ്ങളില്‍ നിന്നും വിടവാങ്ങി മുഴുവന്‍ സമയം ദലിത് ചരിത്ര ഗവേഷകനായി മാറി. ദലിതരുടെ വിമോചന നായകന്‍ എന്ന നിലയിലും ജനാധിപത്യത്തിന്റെ സാരഥി എന്ന നിലയിലും ഡോ. അംബേദ്കറെ കേരളീയ സമൂഹത്തിന് പരിചയപ്പെടുത്തുന്നതിലും എന്‍.കെ ജോസ് നിസ്തുലമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.

നിയതാര്‍ഥത്തില്‍ ഗാന്ധി ഭക്തനായിരുന്ന അദ്ദേഹം ഗാന്ധിയുടെ കടുത്ത വിമര്‍ശകനായി മാറുന്നത് ഡോ. അംബേദ്ക്കറെ നിരന്തരം വായിച്ചും എഴുതിയുമായിരുന്നു. വൈക്കം സത്യാഗ്രഹത്തെ സംബന്ധിച്ചുള്ള തന്റെ പുസ്തകത്തില്‍ വരേണ്യ വിഭാഗങ്ങളുടെ താല്‍പര്യ സംരക്ഷണത്തിനു വേണ്ടി നിരന്തരം വാദിച്ചിരുന്ന ഗാന്ധിയുടെ യഥാര്‍ഥ മുഖം എന്‍.കെ ജോസ് തുറന്നു കാട്ടുന്നുണ്ട്. ദലിതരുടെ പടനായകന്‍ മഹാത്മ അയ്യന്‍കാളിയുടെ പോരാട്ടങ്ങളെ കേരളീയ സമൂഹത്തെ പരിചയപ്പെടുത്തുന്നതിലും എന്‍.കെ ജോസിന്റെ സംഭാവനകള്‍ അവിസ്മരണീയമാണ്. പുലയ ലഹളകള്‍ കേവലം ലഹളകള്‍ അല്ലെന്നും അവ അടിസ്ഥാന ജനതയുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ പോരാട്ട കാഹളമായിരുന്നുവെന്നും ലഹളകളുടെ ചരിത്രരചനയിലൂടെ അദ്ദേഹം രേഖപ്പെടുത്തി. ബ്രാഹ്മണിസവും ജാതി വ്യവസ്ഥയുമാണ് ഇന്ത്യന്‍ സമൂഹത്തെ അടിമുടി നശിപ്പിച്ച് ദലിതരെ അടിമത്തത്തിലേയ്ക്ക് തള്ളിവിട്ടതെന്ന് അദ്ദേഹം തന്റെ എഴുത്തുകളിലൂടെ നിരന്തരം ഓര്‍മപ്പെടുത്തി കൊണ്ടിരുന്നു.  


ചരിത്രം, സാമൂഹ്യ ചരിത്രം, ദലിത് പഠനം എന്നിങ്ങനെ അതിവിപുലമാണ് ദലിത് ബന്ധുവിന്റെ രചനാ ലോകം. മഹാനായ അയ്യന്‍കാളി, അംബേദ്കര്‍, പുലയലഹള, ചാന്നാര്‍ ലഹള, വയലാര്‍ ലഹള, ക്ഷേത്രപ്രവേശന വിളംബരം, വൈക്കം സത്യാഗ്രഹം ഒരു പ്രഹേളിക, ശിപായി ലഹള, ദിവാന്‍ മണ്‍റോ, വൈകുണ്ഠസ്വാമികള്‍, ജ്യോതിറ ഫൂലെ, കേരള പരശുരാമന്‍ പുലയ ശത്രു, അംബേദ്ക്കും മനുസ്മൃതിയും തുടങ്ങിയ രചനകള്‍ ദലിത് ബന്ധുവിന്റെ ചരിത്ര രചനാ പാഠവത്തിന്റെ നിദര്‍ശനങ്ങളായും ദലിത് ചരിത്ര രചനാ സാഹിത്യത്തിലെ നാഴികക്കല്ലുകളായും നിലകൊള്ളുന്നു. ദലിത് പഠനങ്ങള്‍ക്കും ചരിത്രരചനകള്‍ക്കും അദ്ദേഹം നല്‍കിയ അവിസ്മരണീയമായ സംഭാവനകളെ ആദരിച്ചുകൊണ്ട് 1987 - ല്‍ കോട്ടയം തിരുനക്കര മൈതാനത്ത് വച്ച് സംഘടിപ്പിക്കപ്പെട്ട ദലിത് സംഗമത്തില്‍ ഇന്ത്യന്‍ ദലിത് ഫെഡറേഷന്‍ അദ്ദേഹത്തിന് ദലിത് ബന്ധു എന്ന ബഹുമതി നല്‍കിയതില്‍ പിന്നെ ദലിത്ബന്ധു എന്ന തൂലികാ നാമത്തിലാണ് അദ്ദേഹം എഴുതിയത്. സാഹിത്യ രംഗത്തെ സമസ്ത സംഭാവനകളെ ആദരിച്ച് 2019-ല്‍ കേരള സാഹിത്യ അക്കാദമി അദ്ദേഹത്തിന് സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം നല്‍കിയപ്പോഴും കാലടി സര്‍വകലാശാല അദ്ദേഹത്തിന്റെ പേരില്‍ ആര്‍ക്കെവ്‌സ് ആരംഭിച്ചപ്പോഴും അംഗീകിക്കപ്പെട്ടത് ദലിത് ബന്ധു എന്ന ചരിത്രകാരനെയായിരുന്നു എന്നത് സ്മരണീയമാണ്. ജീവിതാവസാനം വരെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച് അടിസ്ഥാന ജനതയുടെ ചരിത്രാന്വേഷണങ്ങള്‍ക്ക് വെളിച്ചം പകര്‍ന്ന ദലിത് ബന്ധവുവിന് യാത്രാമൊഴി.



Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ആര്‍. അനിരുദ്ധന്‍

Writer

Similar News