അടിയന്തരാവസ്ഥക്ക് 50; യഥാർഥ രാജൻ ആരായിരുന്നു ? രാജൻ വേട്ടയും കക്കയം ക്യാമ്പും - വെളിപ്പെടുത്തൽ
അടിയന്തരാവസ്ഥയ്ക്ക് അമ്പതാണ്ട് പിന്നിടുമ്പോൾ കേരളത്തിൻറെ ഓർമയിൽ നിന്ന് മാഞ്ഞ് പോകാത്ത ചില ഏടുകളുണ്ട്. ഞെട്ടിക്കുന്ന പൊലീസ് പീഡനങ്ങളും കൊലപാതകങ്ങളും നിറഞ്ഞ യാഥാർഥ്യങ്ങളുടെ ഏട് . അതിലാദ്യം വായിക്കുന്ന അദ്ധ്യായം കോഴിക്കോട് ആർ. ഇ.സി വിദ്യാർഥിയായ പി. രാജൻറെ തിരോധാനമാണ്
അടിയന്തരാവസ്ഥയ്ക്ക് അമ്പതാണ്ട് പിന്നിടുമ്പോൾ കേരളത്തിൻറെ ഓർമയിൽ നിന്ന് മാഞ്ഞ് പോകാത്ത ചില ഏടുകളുണ്ട്. ഞെട്ടിക്കുന്ന പൊലീസ് പീഡനങ്ങളും കൊലപാതകങ്ങളും നിറഞ്ഞ യാഥാർഥ്യങ്ങളുടെ ഏട് . അതിലാദ്യം വായിക്കുന്ന അദ്ധ്യായം കോഴിക്കോട് ആർ. ഇ.സി ( ഇന്നത്തെ എൻ. ഐ. ടി) വിദ്യാർഥിയായ പി. രാജൻറെ തിരോധാനമാണ്.
വാസ്തവത്തിൽ പി. രാജനെ പൊലീസ് കസ്റ്റഡിയിലെടുത്തതെന്തിനായിരുന്നു ? രാജൻ നക്സലൈറ്റായിരുന്നോ? അതിനുപിന്നിലുണ്ടായ സംഭവമെന്തായിരുന്നു? അതിന് വാർത്താപ്രാധാന്യം ലഭിക്കാതെ പോയതെന്തുകൊണ്ടായിരിക്കാം? ഇവിടെയാണ് കായണ്ണ പൊലീസ് സ്റ്റേഷനാക്രമണവും രാജൻ വേട്ടയുമെല്ലാം പ്രസക്തമാകുന്നത്. വിപ്ലവ പാർട്ടിയായ സിപിഐ എം.എല്ലിൻറെ ശ്രദ്ധേയമായ, പ്രതീകാത്മക വിപ്ലവങ്ങളിലൊന്നായിരുന്നു കായണ്ണ പൊലീസ് സ്റ്റേഷനാക്രമണം. ഇതിനെ തുടർന്നുള്ള പൊലീസ് വേട്ടയിലാണ് രാജൻ കൊല്ലപ്പെടുന്നത്. കുപ്രസിദ്ധമായ കക്കയം ക്യാംപും ജയറാം പടിക്കലും, ലക്ഷ്മണയും പുലിക്കോടനുമെല്ലാം ചരിത്രത്തിൻറെ ഭാഗമാകുന്നു. സ്റ്റേഷനാക്രമണത്തിൽ പങ്കെടുത്ത ഒരു രാജനുവേണ്ടിയുളള അന്വേഷണത്തിൽ രാജനെന്ന് പേരുള്ള നിരവധിപേർ പീഡിപ്പിക്കപ്പെട്ടു. അന്ന് പീഡിപ്പിക്കപ്പെട്ട രാജന്മാരെ കണ്ടെത്തി മുമ്പ് ഫീച്ചർ തയാറാക്കിയിരുന്ന എന്നോട് ഞെട്ടിക്കുന്ന വിവരങ്ങളാണ് അവരെല്ലാം പങ്കുവച്ചത്. . അവരിൽ പലരും ഇന്ന് ജീവിച്ചിരിപ്പില്ല. പുറം ലോകം ആത്മഹത്യയാണെന്ന് കരുതിയ ആർ. ഇ. സിലെ തൂപ്പുകാരി ദേവകിയുടെയും ടാപ്പിങ് തൊഴിലാളി രാജൻറെയും മരണം അതിക്രൂരമായ കൊലപാതകമായിരുന്നു എന്ന ഞെട്ടിക്കുന്ന വിവരം പോലും അറിയാൻ സാധിച്ചു. ചാത്തമംഗലത്ത് ടൈപ്റൈറ്റിങ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയിരുന്ന കാനങ്ങോട്ട് രാജനെന്ന കെ. രാജനിൽ നിന്ന് തുടങ്ങിയ അന്വേഷണ യാത്രയിൽ പല രാജന്മാരുടെയും പീഡനകഥകളുടെ ചുരുളഴിഞ്ഞു. ആർ. ഇ. സി വിദ്യാർഥിയായ പി. രാജൻ പീഡനത്തെ തുടർന്ന് മരണമടഞ്ഞതിന് ദൃക്സാക്ഷിയാണ് കെ. രാജൻ.
അടിയന്തരാവസ്ഥ പ്രഖ്യാപനവും ആക്രമണ പദ്ധതിയും
അന്ന് പീഡിപ്പിക്കപ്പെട്ട മറ്റു രാജന്മാരെക്കുറിച്ച് പറയുന്നതിനുമുമ്പ് കായണ്ണ സ്റ്റേഷനാക്രമണത്തെക്കുറിച്ചും അതിനു പിന്നിലുണ്ടായിരുന്ന നക്സലൈറ്റുകളെക്കുറിച്ചും അറിയേണ്ടതുണ്ട്. 1976 ഫെബ്രുവരി 28 നാണ് സ്റ്റേഷനാക്രമിക്കപ്പെടുന്നത്. നക്സലൈറ്റുകളായിരുന്ന കെ. വേണുവും എം. എം. സോമശേഖരനുമായിരുന്നു ആക്രണത്തിൻറെ സൂത്രധാരകർ. സ്റ്റേഷനാക്രമണത്തിൽ രാജനെന്ന് പേരുള്ള ഒരാൾ പങ്കെടുത്തു എന്ന വിവരം പൊലീസിൻറെ പക്കലുണ്ടായിരുന്നു. ഇതായിരുന്നു രാജൻവേട്ടയ്ക്കുള്ള കാരണം.
പി. രാജനെന്ന ആർ.ഇ. സി രാജൻ നക്സലായിരുന്നോ എന്ന ചോദ്യത്തിന് അച്ഛൻ ഈച്ചരവാര്യരുടെ അല്ല എന്ന മറുപടിയാണ് കേരളം ഏറെയധികം കേട്ടതും വിശ്വസിക്കുന്നതും. യഥാർഥത്തിൽ രാജൻറെ തിരോധാനത്തോടെയാണ് കായണ്ണ പൊലീസ് സ്റ്റേഷനാക്രമണം തമസ്കരിക്കപ്പെട്ട വാർത്തയായി മാറുന്നത്. സ്റ്റേഷനാക്രമണം നടത്തിയത് ഏത് പാർട്ടിയാണെന്നോ, അതിൽ പങ്കെടുത്ത വിപ്ലവകാരികളാരൊക്കയാണെന്നോ എന്നുള്ള വാർത്തകളൊന്നും ഒരിടത്തും വന്നില്ല. "വളരെ തയാറെടുപ്പുകളോടെ നടത്തിയ ഒരു ഗൂഢാലോചനയുടെ ഫലമായിരുന്നു ഇത്. മുഖ്യധാരാ ഇടതുപക്ഷത്തുള്ള സംഘടനകൾ ഉൾപ്പെടെ എല്ലാവരും നക്സലൈറ്റുകൾക്ക് ഇതിലുള്ള പങ്ക് disown ചെയ്യുകയായിരുന്നു"- ഈ തമസ്കരണത്തെക്കുറിച്ച് കായണ്ണ പൊലീസ് സ്റ്റേഷനാക്രമണത്തിലെ ഒന്നാം പ്രതിയായ എം. എം. സോമശേഖരൻ പറയുന്നുണ്ട്. ജനക്കൂട്ടം പൊലീസ് സ്റ്റേഷനാക്രമിച്ചു എന്ന രീതിയിൽ അടിയന്തരാവസ്ഥയ്ക്കെതിരെ നടന്ന ഏറ്റവും വലിയ പ്രതിരോധത്തിൻറെ അവകാശം ഏറ്റെടുക്കാനുള്ള വ്യഗ്രതയിലായിരുന്നു, യഥാർഥ പ്രതികൾ ജയിലിലും ലോക്കപ്പിലും കിടക്കുമ്പോൾ പുറത്തുള്ളവരുടെ ശ്രമം.
1968ൽ കുന്നിക്കൽ നാരായണൻറെ നേതൃത്വത്തിൽ നടന്ന ആക്രമണങ്ങളിൽ വർഗശത്രുവിനെ ഉന്മൂലനം ചെയ്യുക എന്ന തത്വമായിരുന്നു നടപ്പിലാക്കിയിരുന്നത്. പിന്നീട് ജന്മിമാരെ ഉന്മൂലനം ചെയ്യുക എന്ന ചാരുംമജുംദാറിൻറെ നയത്തിനോടൊപ്പം തന്നെ ഭരണകൂടത്തിനെതിരായും ആക്രമണങ്ങൾ വേണമെന്ന വാദം നക്സലൈറ്റുകളുടെയിടയിലുണ്ടായിരുന്നു. ഇതിൻറെ പേരിൽ പ്രസ്ഥാനത്തിൽ ഭിന്നസ്വരങ്ങളുണ്ടായിരുന്നെങ്കിലും ജന്മിമാരെ ഉന്മൂലനം ചെയ്യുക എന്ന മാർഗമാണ് യഥാർഥ വിപ്ളവ ലക്ഷ്യമെന്ന് വിശ്വസിച്ച് നക്സലാക്രമണങ്ങൾ തുടർന്നുവരികയും ചെയ്തു. ഇതിനെതുടർന്നാണ്. നഗരൂർ- കുമ്മിൾ, കോങ്ങോട് തുടങ്ങിയ സ്ഥലത്ത് ആക്രമണങ്ങൾ നടന്നതും കെ.വേണുവെല്ലാം ജയിലിലാകുന്നതും. ഒരർത്ഥത്തിൽ പ്രസ്ഥാനത്തെ പൂർണമായും തകർക്കാൻ ഭരണകൂടത്തിന് കഴിഞ്ഞെങ്കിലും പുറത്ത് കൃത്യമായ കണക്കുകൂട്ടലുകളിലൂടെയും സ്റ്റഡിക്ലാസുകളിലൂടെയും സജ്ജരായ ഒരു ഗ്രൂപ്പ് വളരുന്നുണ്ടായിരുന്നു. ഈ ഘട്ടത്തിലാണ് 1975 ജൂൺ 25 ന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. ഇത് നക്സലൈറ്റുകളുടെ ഒളിപ്രവർത്തനത്തിന് സഹായകരമായി.
അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിന് മൂന്നു നാലു മാസം മുമ്പാണ് കെ .വേണു പുറത്തുവരുന്നത്. ഭരണകൂടത്തിനെതിരെയും പ്രതിരോധം ശക്തമാക്കണമെന്ന ലക്ഷ്യത്തോടെ പദ്ധതികളാസൂത്രണം ചെയ്തെങ്കിലും പലതും പാളിപ്പോയി. തൃശൂർ - മതിലകം, മാരാരിക്കുളം പൊലീസ് സ്റ്റേഷൻ തുടങ്ങിയവ ഇങ്ങനെ പാളിപ്പോയ ആക്രമണങ്ങളാണ്. ഇവിടെ പൊലീസ് മർദനത്തിന് താവളമാക്കിയത്, എറണാകുളത്തെ ഇടപ്പള്ളിയിലെ പൊലീസ് ക്യാമ്പായിരുന്നു. ഈ പരാജയങ്ങളിൽ നിന്നാണ് എന്തുവന്നാലും വിജയകരമായ ഒരു ആക്രമണം നടത്തിയേപറ്റൂ എന്ന് നക്സലൈറ്റുകൾ തീരുമാനിച്ചുറപ്പിക്കുന്നതും കായണ്ണ സ്റ്റേഷനാക്രമണം പദ്ധതിയിടുന്നതും.
കായണ്ണ പൊലീസ് സ്റ്റേഷനാക്രമണം
അടിയന്തരാവസ്ഥയിലെ പ്രതൃക്ഷ ഭരണകൂട ഉപകരണങ്ങളായ പൊലീസുകാരുടെ മനോവീര്യം തകർക്കുക, സ്റ്റേഷനാക്രമിച്ച് ആയുധങ്ങൾ തട്ടിയെടുക്കുക എന്നതായിരുന്നു അന്ന് നടന്ന പൊലീസ് സ്റ്റേഷനാക്രണങ്ങളുടെ ലക്ഷ്യം. പൊലീസുകാരെ ഉന്മൂലനം ചെയ്യുക എന്നത് സിദ്ധാന്തത്തിലോ പ്രയോഗത്തിലോ ഒരിക്കലും ഉണ്ടായിരുന്നില്ല. നേതൃത്വത്തിന് പ്രതിബദ്ധതയുളള ശക്തമായ ഒരു ഗ്രൂപ്പ് കോഴിക്കോടുണ്ടായിരുന്നു. കെ. വേണുവിൻറെ നേതൃത്വത്തിലാണ് സ്റ്റേഷനാക്രമണം നടന്നതെങ്കിലും അയനിക്കാട് ദാമോദരൻമാഷാണ് പ്രവർത്തകരുമായി ബന്ധപ്പെട്ടത്. മടപ്പള്ളി കോളജിലെ വിദ്യാർഥിയായിരുന്ന സോമശേഖരനായിരുന്നു പ്രാദേശിക കോർഡിനേഷൻറെ ചുമതല. മടപ്പള്ളി കോളജിൽ സോമശേഖരൻ, മെഡിക്കൽ കോളജിൽ ഡോ. വാസു, ആർ. ഇ. സിയിൽ മുരളി കണ്ണമ്പള്ളി എന്നിങ്ങനെയായിരുന്നു പ്രസ്ഥാനത്തിൻറെ മുഖ്യ പ്രവർത്തകർ. പ്രസ്ഥാനത്തിൻറെ പ്രധാന അനുഭാവിയായിരുന്നു, അന്ന് ചാത്തമംഗലത്ത് ടൈപ്പ്റൈറ്റിങ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയിരുന്ന കാനങ്ങോട് രാജനെന്ന കെ. രാജൻ (2016 സെപ്തംബറിൽ അന്തരിച്ചു). ആർ.ഇ.സിയിലേക്കുള്ള നക്സലൈറ്റുകളുടെ കണ്ണികൂടിയായിരുന്നു കെ.രാജൻ. എന്നാൽ കായണ്ണ ആക്ഷനെക്കുറിച്ചൊന്നും രാജനറിയില്ലായിരുന്നു.
ഫെബ്രുവരി -18 ന്, സഖാവ് വർഗീസ് രക്തസാക്ഷി ദിനത്തിന് ആക്രമണം നടത്താനായിരുന്നു ആദ്യ പദ്ധതി. എന്നാൽ അന്ന് വെളുത്തവാവായതിനാൽ മാറ്റിവച്ചു. പിന്നീട് 10 ദിവസം കഴിഞ്ഞ് 28 നാണ് ആക്ഷൻ നടക്കുന്നത്. കെ. വേണുവാണ് ക്യാപ്റ്റൻ. നേരത്തേ നിശ്ചയിച്ച പ്രകാരം എല്ലാവരും കൂരാച്ചുണ്ടിലെത്തി. ഗ്രൂപ്പായി നിൽക്കാതെ രണ്ടും മൂന്നുപേരായി അടുത്തുള്ള തിയറ്ററിൽ ഫസ്റ്റ് ഷോയ്ക്ക് കയറുന്നു. അതിനുശേഷം പറഞ്ഞുറപ്പിച്ച സ്ഥലങ്ങളിലെത്തി ലക്ഷ്യത്തിലേക്ക് നീങ്ങുന്നു. രണ്ടുമൂന്ന് നാടൻകത്തികളും ഇരുമ്പുവടികളുമായിരുന്നു ഇവരുടെ പ്രധാന ആയുധങ്ങൾ. എന്നാൽ പണി ചെറുതായൊന്നുപാളി. അന്ന് ഫസ്റ്റ് ഷോ മാത്രമുണ്ടായിരുന്ന തിയറ്ററിൽ സെക്കൻറ് ഷോ ഉണ്ട്. വീണ്ടും സിനിമയ്ക്ക് കയറി. അന്ന് കണ്ട സിനിമിയുടെ പേരുപോലും അറിയില്ല. അടുത്തമണിക്കൂറിനുള്ളിൽ ചെയ്യാൻ പോകുന്ന പ്രവൃത്തിയെക്കുറിച്ചുള്ള ആശങ്കയും ടെൻഷനുമായാണ് തിയറ്ററിലിരുന്നതെന്ന് കെ. വേണു പറയുന്നുണ്ട്.
ജയറാം പടിക്കൽ
സിനിമ കഴിഞ്ഞ് 12 മണിയൊടെ ആളുകളെല്ലാം പോയി, ടൌൺ വിജനമായി. പറഞ്ഞപ്പോലെ പാറക്കെട്ടിനടുത്ത് സഖാക്കളൊത്തുകൂടി. ഇരുമ്പ് വടി കൊണ്ടുവരാമെന്നേറ്റ വടകരയിലെ രണ്ടുസഖാക്കൾ കുറവുണ്ട് എന്ന് അപ്പോഴാണ് മനസിലാകുന്നത്. എന്തായാലും മുന്നോട്ട് എന്ന തീരുമാനത്തിൽ ആക്ഷന് തയാറെടുത്തു. സോമശേഖരൻ, ദാമോദരൻ മാഷ്, കുന്നേൽ കൃഷ്ണൻ, ഭരതൻ, അച്യുതൻ, വി. കെ. പ്രഭാകരൻ, സുഗതൻ, അശോകൻ, (ചെറിയ) രാജൻ, വാല്യക്കോട്ട് പുഷ്പരാജൻ, രാഘവൻ, അപ്പുട്ടി, ഇത്രയും പേരടങ്ങുന്നതാണ് സംഘം. കെ. വേണുവിൻറെ നേതൃത്വത്തിൽ സ്റ്റേഷനുനേരെ നീങ്ങി. മുൻ നിരയിലുണ്ടായിരുന്ന കുന്നേൽ കൃഷ്ണൻ, ഭരതൻ, വേണു എന്നിവരടങ്ങുന്ന സംഘം നടന്നടുക്കുന്ന ശബ്ദം കേട്ട് സെൻട്രികൾ ആരെടാ എന്നു ചോദിച്ച് എഴുന്നേറ്റുവന്നു. “നക്സലൈറ്റുകളാണ് കീഴടങ്ങൂ” എന്നുപറഞ്ഞ് വേണുവും സംഘവും പൊലീസുകാരുടെ നേരെ ടോർച്ചടിച്ച് മുന്നോട്ട് നീങ്ങി. നക്സലുകളെന്ന് കേട്ടതും പൊലീസുകാർ “ഞങ്ങളെ കൊല്ലുന്നേ” എന്നു പറഞ്ഞ് ഉറക്കെ കരഞ്ഞു. ഇതിനിടയിൽ സെൻട്രികളുടെ കൈവശമുള്ള രണ്ട് റിവോൾവറുകൾ നക്സലൈറ്റുകൾ തട്ടിയെടുത്തു. ഇതിനിടയിൽ പെട്രോമാക്സ് കത്തിച്ച് പുറത്തേക്ക് വന്ന പൊലീസുകാരൻറെ കൈയ്യിൽ നിന്ന് വിളക്ക് കെടുത്താൻ ശ്രമിച്ചു വേണു, വിളക്ക് കെട്ടില്ലെന്ന് മാത്രമല്ല താഴെ വീണ മണ്ണെണ്ണയിൽ നിന്ന് തീയാളിപടർന്നു, ഈ സമയത്ത് വേണുവിൻറെ തലയ്ക്ക് പൊലീസുകാരൻ അടിക്കുകയും ചെയ്തു. തലപൊട്ടി ചോരവന്നു തുടങ്ങി. അകത്തുകയറി ആയുധങ്ങളെടുക്കുക എളുപ്പമല്ലെന്ന് മനസിലാക്കിയ വേണു സഖാക്കളോട് പിന്മാറാൻ പറഞ്ഞു. എല്ലാവരും രക്ഷപ്പെട്ടു. ഇനിയാരെങ്കിലുമുണ്ടോ എന്നു നോക്കാൻ വേണുവും സോമശേഖരനും മുന്നോട്ട് നീങ്ങി. ഈ സമയം ഒരു പൊലീസുകാരൻ തലങ്ങും വിലങ്ങും വെടിവെയ്ക്കുന്നുണ്ടായിരുന്നു. ഇതിനിടയിലാണ് കുന്നേൽ കൃഷ്ണൻ വേണുവിൻറെ സ്ക്വാഡിലെ പേരുവിളിക്കുന്നത് കേട്ട് അങ്ങോട്ട് നീങ്ങി. ഒരു പൊലീസുകാരനും കുന്നേൽ കൃഷ്ണനും കൂടി പുല്ലിൽ കിടന്നുരുളുന്നു. വേണു കൈയ്യിലെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പൊലീസുകാരനിൽ നിന്നും കൃഷ്ണനെ മോചിപ്പിച്ച് മൂന്നൂപേരും രക്ഷപ്പെട്ടു. ആയുധങ്ങൾ മുഴുവൻ പിടിച്ചെടുക്കാനായില്ലെങ്കിലും രണ്ട് തോക്കുകൾ കൈക്കലാക്കിയതോടെ ആക്ഷൻ വിജയിച്ചതായി സഖാക്കൾ വിലയിരുത്തി, പലവഴിക്ക് പിരിഞ്ഞു. ഇതിനുശേഷമാണ് പൊലീസ് വേട്ട തുടങ്ങുന്നത്.
രാജനെ തേടിയുളള പൊലീസിൻറെ പരക്കം പാച്ചിൽ
തെക്കുമ്പാട്ട് രാജൻ എന്ന വിദ്യാർഥിയിൽ നിന്ന് തന്നെ തുടങ്ങാം രാജന്മാരെ തേടിയുള്ള യാത്രയും പൊലീസ് പീഡനകഥയും. ബാംഗ്ലൂരിലെ മാർത്തഹല്ലി കോളജിൽ ടി.സി.എച്ചിൻറെ ആദ്യ ബാച്ച് വിദ്യാർഥിയായിരുന്നു മേപ്പയ്യൂർക്കാരനായ രാജൻ. നാട്ടിലെത്തിയിട്ട് ഏതാനും ദിവസങ്ങളേയായിട്ടുള്ളൂ. കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് അപ്പൻറിസൈറ്റിസ് ഓപറേഷൻ കഴിഞ്ഞ് വീട്ടിൽ വിശ്രമിക്കുന്ന സമയം.
1976- മാർച്ച് 3. രാവിലെ. രാജൻ മുറ്റത്ത് നിന്ന് പല്ലുതേക്കുകയാണ്. പതിവില്ലാതെ വീടിനടുത്തുള്ള കനാലിനടുത്ത് പൊലീസ് ജീപ്പ് നിർത്തിയിട്ടുണ്ട്. ഒരു പൊലീസുകാരൻ വീട്ടുമുറ്റത്തേയ്ക്ക് കയറിവന്ന് രാജനോട് സ്റ്റേഷൻ വരെ വരണമെന്നാവശ്യപ്പെടുന്നു. കാര്യമെന്താണെന്ന് മനസിലായില്ലെങ്കിലും അകത്തുപോയി ഷർട്ടിട്ട് വന്ന് പൊലീസുകാരനൊപ്പം നടന്നു. നിർത്തിയിട്ട ജീപ്പ് നേരെ പോയത് പേരാമ്പ്ര പൊലീസ് സ്റ്റേഷനിലേക്കാണ്. പൊലീസുകാരുടെ സംസാരത്തിൽ തന്നെ അന്വേഷിച്ച് ഇവർ ബാംഗ്ലൂരിലും ചെന്നിരുന്നെന്ന് രാജന് മനസിലായി. സ്റ്റേഷനിലെത്തിയപ്പോൾ സി.ഐ മോഹൻ അവിടെയില്ല. ജീപ്പ് വീണ്ടും മറ്റൊരിടത്തേയ്ക്ക് വിട്ടു.
സി .ഐ മോഹന്റെ മുന്നിലെത്തി രാജൻ. കുറച്ചാളുകളുടെ പേര് വായിച്ച് ഇവരൊക്കെ എവിടെയാണുള്ളത് എന്ന് ചോദിച്ചു സി ഐ. "ഇവരൊയൊന്നും എനിക്കറിയില്ല" എന്ന രാജൻറെ ഉത്തരത്തിന്, "തനിക്കിനിയും ഓപറേഷൻ ചെയ്യേണ്ടിവരുമല്ലോ" എന്നായിരുന്നു അദ്ദേഹത്തിൻറെ മറുപടി. എന്തായാലും അന്ന് രാജനെ വെറുതെ വിട്ടു. ഇനിയും വിളിപ്പിക്കും എന്ന ഭീഷണിയോടെ.
ഒരു പാരമ്പര്യ കോൺഗ്രസ് കുടുംബത്തിലെ അംഗമായിരുന്ന, ഇന്ദിരാഗാന്ധിയെ ആരാധിച്ചിരുന്ന, രാജൻറെ കുടുംബത്തിന് പൊലീസിൻറെ ഈ നീക്കത്തിൽ ആദ്യമൊന്നും പേടി തോന്നിയില്ല. എന്നാൽ കാര്യങ്ങളുടെ സ്ഥിതി അങ്ങനെയായിരുന്നില്ലെന്ന് രാജൻറെ ചേട്ടന് ബോധ്യമായി. കായണ്ണ പൊലീസ് സ്റ്റേഷനാക്രമിച്ച നക്സലൈറ്റുകൾക്ക് നേതൃത്വം കൊടുത്തത് ഒരു രാജനാണെന്നും അയാളെ തേടി പൊലീസ് പരക്കം പായുകയാണെന്നും രാജന്റെ ചേട്ടന് അങ്ങാടിയിൽ നിന്നറിയാൻ കഴിഞ്ഞിരുന്നു. പിറ്റേദിവസം ചെക്കപ്പിനായി മെഡിക്കൽ കോളജിലേക്കു പോയ രാജനെ അന്വേഷിച്ച് വീണ്ടും പൊലീസ് വീട്ടിലെത്തി. സംഗതി പന്തിയല്ലെന്ന് മനസിലാക്കിയ ചേട്ടൻ അനുജനെ തല്ക്കാലത്തേയ്ക്ക് നാട്ടിൽ നിന്ന് മാറ്റി നിർത്തി. രാജൻ കോഴിക്കോട്ടെ പല ലോഡ്ജുകളിലും മാറി മാറി നിന്നു. പൊലീസ് അന്വേഷണം തുടരുകയാണ്. അന്ന് മന്ത്രിയായിരുന്ന കെ. ജി അടിയോടിയെ രാജൻറെ അച്ഛൻ കൃഷ്ണൻ നായർ കാണാനായി ചെന്നു. അടിയോടി പേരാമ്പ്രയിൽ നിന്നുള്ള എം എൽ എ ആയതിനാൽ പറഞ്ഞാലറിയും. രാജൻറെ അച്ഛൻ കാര്യങ്ങളവതരിപ്പിച്ചു. "എന്തായാലും അഞ്ചാറുദിവസമായില്ലേ, മകനെ എസ് പിയുടെ മുമ്പിൽ ഹാജരാക്കൂ, അല്ലെങ്കിൽ കേസ് ക്രൈംബ്രാഞ്ചിനു പോയാൽ പ്രശ്നമാകുമെന്നായിരുന്നു" മന്ത്രിയുടെ നിർദേശം .
ഒടുവിൽ അമ്മാവൻ രാഘവൻ നായർക്കൊപ്പം രാജനെ എസ് പിയുടെ മുന്നിൽ ഹാജരാക്കാനായി പറഞ്ഞയച്ചു. അമ്മാവൻ പേരാമ്പ്ര പൊലീസ് സ്റ്റേഷനിലെത്തി അന്വേഷിച്ചപ്പോൾ എസ് പിയുള്ളത് കക്കയത്താണെന്ന് മറുപടി കിട്ടി. രാജനെയും കൊണ്ട് കക്കയത്തേയ്ക്ക് പോകാനൊരുങ്ങി. ബസ് സർവീസൊന്നുമില്ലാത്തതിനാൽ ടാക്സിയിലാണ് പോയത്. അപ്പോഴേക്കും നക്സലുകളെയെല്ലാം പൊലീസ് പിടികൂടി കക്കയത്തേക്ക് കൊണ്ടുപോകുകയാണെന്നുള്ള വാർത്ത പരന്നിരുന്നു. ടാക്സിക്കാർ അങ്ങോട്ടുപോകാനും മടിച്ചു. ഒടുവിൽ തയാറായ ഒരു ഡ്രൈവറൊപ്പമാണ് രാജനും അമ്മാവനും കക്കയത്തേയ്ക്ക് പുറപ്പെട്ടത്.
ക്യാമ്പിലെത്തിയ രാജനെ പൊലീസുകാർ എസ്. പി ലക്ഷ്ണയുടെ മുന്നിലേക്കാണെത്തിച്ചത്. ഇതാണ് തെക്കുമ്പാട്ട് രാജനെന്ന് പറഞ്ഞതും ലക്ഷ്മണ ചാടിയെഴുന്നേറ്റ് രാജൻറെ വയറും കൂട്ടി ഒരു പിടുത്തം. വേദനകൊണ്ടു പിടഞ്ഞ രാജൻ നിലവിളിച്ചു. മെഡിക്കൽ കോളജിലെ ഓപറേഷൻറെ ചീട്ടുകളെടുത്ത് കാണിച്ച അമ്മാവൻ, രാജനെ ഉപദ്രവിക്കരുതെന്ന് അപേക്ഷിച്ചു. വയറിൽ നിന്ന് പിടുത്തം വിട്ട ലക്ഷ്മണ, അകത്തുനിന്നും രണ്ടുമൂന്നു പേരെ വിളിച്ചു നിർത്തി, ഇവരെ അറിയില്ലേ എന്ന് രാജനോട് ചോദിച്ചു, അറിയില്ലെന്ന് രാജൻ മറുപടി നൽകി. അന്ന് വൈകുന്നേരം വരെ അമ്മാവനെയും രാജനെയും അവിടെ നിർത്തിയതിനുശേഷം പോകാനനുവദിച്ചു. സത്യത്തിൽ അപ്പൻറിസൈറ്റിസ് ഓപറേഷനാണ് രാജനെ രക്ഷിച്ചത്. അപ്പോഴും നക്സലൈറ്റ് രാജനെ അന്വേഷിച്ച് പൊലീസ് ജീപ്പുകൾ ചീറിപ്പായുന്നുണ്ടായിരുന്നു.
കെ. രാജൻറെ അറസ്റ്റ്
മാർച്ച്-1.
കുന്ദമംഗലം അങ്ങാടിയിൽ രാവിലെ സാധനങ്ങൾ വാങ്ങാനെത്തിയ കെ. രാജന് തലേദിവസം എന്തോ സംഭവിച്ചു എന്ന് മനസിലായി. കാരണം അപ്പോഴേയ്ക്കും ബാലുശേരി വഴിയുള്ള റോഡ് ഗതാഗതം ബ്ളോക്ക് ചെയ്തിരുന്നു. തിരിച്ചുവന്ന രാജൻ ചാത്തമംഗലത്തുള്ള പാർട്ടിയുടെ മറ്റൊരനുഭാവിയായ വേണുവിനോട് കാര്യം പറയുകയും ചെയ്തു. സൂക്ഷിക്കണമെന്ന് പറഞ്ഞ് ശിവരാത്രി പരിപാടികൾ കാണാനായി വേണു അമ്പലപ്പറമ്പിലേക്ക് പോയി. എന്നാൽ അന്ന് രാത്രി 12 മണിയ്ക്ക് തന്നെ രാജനെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തു. സി.ഐ ശ്രീധരനും കോൺസ്റ്റബിൾ രാഘവൻനായരുമടങ്ങുന്ന സംഘമെത്തുമ്പോൾ രാജൻറെ പ്രായമായ അമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഡിഐജി ജയറം പടിക്കലിൻറെ നിർദേശപ്രകാരമായിരുന്നു രാജനെ കസ്റ്റഡിയിലെടുത്തത്. ജീപ്പിലേക്ക് കയറ്റിയ സി.ഐ ശ്രീധരൻ സഖാക്കൾക്ക് വേണ്ടി രാജൻ ചെയ്തുകൊടുത്ത സഹായങ്ങളെക്കുറിച്ചെല്ലാം പറഞ്ഞുകൊണ്ടിരുന്നു. ബാക്കിയുള്ള കാര്യങ്ങൾ ക്യാമ്പിലെത്തുമ്പോൾ താനേ പറഞ്ഞുകൊള്ളും എന്നും മുന്നറിയിപ്പ് നൽകി. ഇനി രക്ഷപ്പെടില്ല എന്ന് രാജനും മനസിലായി. ആർ. ഇ. സി യിലേക്കായിരുന്നു ജീപ്പ് നേരെ പോയത്. ആർ. ഇ സിയുടെ പടിഞ്ഞാറെവശമായി ‘ഇങ്ക്വിലാബ്’ അടിക്കാൻ ഉപയോഗിച്ചിരുന്ന കെട്ടിടത്തിൻറെ മുകളിലെ മുറിയിൽ പോയി നോക്കി. പക്ഷേ അവിടെ ആരുമുണ്ടായിരുന്നില്ല. തിരിച്ച് ജീപ്പ് രാജനെയും കൊണ്ട് നേരെ കോഴിക്കോട് മഹാറാണിക്കടുത്തുള്ള ക്രൈംബ്രാഞ്ചിൻറെ ഷെഡിലേക്കാണ് വന്നത്. അന്ന് രാത്രി മുഴുവൻ രാജൻ അവിടെ കഴിച്ചുകൂട്ടി. അപ്പോഴൊന്നും മർദനം തുടങ്ങിയിരുന്നില്ല. എത്രയും പെട്ടെന്ന് കക്കയം ക്യാമ്പിലെത്തിക്കുക എന്നതാണ് പൊലീസിൻറെ ഡ്യൂട്ടി.
രാവിലെ സി. ഐ. ശ്രീധരനും സംഘവും രാജനെക്കൂട്ടി കമ്മീഷണറുടെ ഓഫീസിലെത്തി. അവിടെ അപ്പോൾ കെ. വേണുവിൻറെ അളിയൻ ഉണ്ണികൃഷ്ണൻ, ക്രിസ്ത്യൻ കോളജ് ലക്ചറായ ശിവശങ്കരൻ, ആകാശവാണിയിലെ സലിം എന്നിവരെയും അറസ്റ്റ് ചെയ്ത് നിർത്തിയിരുന്നു. രാജനടക്കം നാലുപേരായി. ഇവരെയും കൊണ്ട് പൊലീസ് ജീപ്പ് നേരെ മെഡിക്കൽ കോളജിലേക്കു പോയി. കായണ്ണ സ്റ്റേഷനാക്രമണത്തിൽ പരുക്കേറ്റ പൊലീസുകാരുടെ അടുത്തേക്കായിരുന്നു ഇവരെ കൊണ്ടുപോയത്. നാലു പേരെയും കാണിച്ച് ‘ ‘ഇവരാണോ അക്രമിച്ചത്’ എന്ന് ചോദിച്ചു. ‘ഇവരല്ല’ എന്ന് പൊലീസുകാർ മറുപടി പറഞ്ഞു. യഥാർഥത്തിൽ ആക്രമണത്തിൽ ഒരു പൊലീസുകാരനും പരിക്കേറ്റിരുന്നില്ല. കെ. വേണുവിനു മാത്രമായിരുന്നു പരിക്ക്. പൊതുജനങ്ങളെ വിപ്ലവകാരികൾക്കുനേരെ തിരിക്കാനുള്ള പൊലീസിൻറെ വിദ്യയായിരുന്നു ഇതൊക്കെ.
നേരം ഉച്ചയായി. ജീപ്പ് നേരെ കക്കയത്തേയ്ക്ക് പാഞ്ഞു. ഇവരെയും കാത്ത് ക്യാമ്പിൽ ഉന്നത പൊലീസ് സംഘം നിൽക്കുന്നുണ്ട്. ഉത്തരമേഖലാ ഡിഐജി മധുസൂദൻ, ക്രൈംബ്രാഞ്ച് ഡിഐജി ജയറാംപടിക്കൽ, ഡിഎസ്പി ലക്ഷ്മണ, മുരളീ കൃഷ്ണദാസ് എന്നിവരടങ്ങുന്ന സംഘം. അന്ന് ഉച്ചമുതൽ കെ. രാജനുമേൽ കൊടിയ പീഡനങ്ങളുടെ പരമ്പര തുടങ്ങുകയായിരുന്നു.
പീഡനപർവം
ക്യാമ്പിലെത്തിയ രാജനോട്, കെ. വേണുവിൻറെ താടിവച്ച് ഫോട്ടോ കാണിച്ച് “ഇയാളെ അറിയില്ലേ” എന്നായിരുന്നു ചോദ്യം. “ അറിയില്ല” എന്ന് മറുപടി പറഞ്ഞു. പിന്നെ താടി മറച്ച് പിടിച്ച് ചോദിച്ചു ‘ഇയാളെ കണ്ടിട്ടില്ലേ’ എന്ന്. അതിനും ‘ഇല്ല’ എന്ന് തന്നെ രാജൻ മറുപടി പറഞ്ഞു. രാജനെ മുഖത്തും, പുറത്തും വയറിനുമെല്ലാം മർദിച്ചവശനാക്കി. തുടർന്നാണ് ജയറാം പടിക്കലിൻറെ ശാസ്ത്രീയ കുറ്റാന്വേഷണ രീതി പുറത്തെടുത്തത്- ഉരുട്ടൽ പ്രയോഗം. കൂട്ടിയിട്ട ബെഞ്ചിനുമുകളിലേക്ക് അടിവസ്ത്രം മാത്രമിട്ട് രാജനെ കിടത്തി. രണ്ട് കൈകളും പിറകോട്ട് വച്ച് ബെഞ്ചിൻറെ കാലിൽ കെട്ടി. കാലുകളുടെ തള്ളവിരൽ ചേർത്തുകെട്ടി. ശബ്ധം പുറത്തുവരാതിരിക്കാൻ വായിൽ തുണി തിരുകി. എന്നിട്ട് അരക്കെട്ടിന് താഴെ തുടങ്ങി മുട്ടുകാലുവരെയുള്ള മസിലുകൾ മാത്രമുള്ള മാംസം ചതച്ചരച്ച് ഇരുമ്പുലക്ക തുടയിലൂടെ നീങ്ങി തുടങ്ങി. എത്ര പ്രാവശ്യം ഉരുട്ടിയെന്ന് ഉരുട്ടിയ പൊലീസുകാരനും അനുഭവിച്ച രാജനും അറിയില്ല.
സോമശേഖരൻ
കായണ്ണ സ്റ്റേഷനാക്രമണവുമായി ഏറ്റവും കൊടിയ പീഡനമേൽക്കേണ്ടിവന്നത് കെ.രാജനായിരുന്നുവെന്ന് കേസിലെ പ്രധാനപ്രതികളായ വേണുവും സോമശേഖരനും സമ്മതിക്കുന്നുണ്ട്. സ്റ്റേഷനാക്രമണത്തെക്കുറിച്ച് ഒന്നുമറിയാത്ത ഇയാളെ എത്ര പീഡിപ്പിച്ചാലും ഒരു വിവരവും കിട്ടില്ല. “ യഥാർഥത്തിൽ അർഹതപ്പെട്ടത് എനിക്ക് കിട്ടിയില്ല എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. അതിൻറെ എത്രയോ ഇരട്ടിയാണ് രാജനെ പീഡിപ്പിച്ചത്. ജോസഫ് ചാലിക്കും ഇതേപോലെ കിട്ടിയിട്ടുണ്ട്. ഇവരിൽ നിന്ന് കിട്ടുന്ന ഒരു വാക്കുപോലും പൊലീസിന് വിലപ്പെട്ടതാണ് ”- സോമശേഖരൻ പറയുന്നു.
ഉരുട്ടലിനിടയിൽ രാജൻ പറയുന്നുണ്ടായിരുന്നു, ചാത്തമംഗലത്ത് ഹെയർ കട്ടിങ് സലൂൺ നടത്തുന്ന വേണുവിനെയാണ് തനിക്കറിയാവുന്നത് എന്ന്. ആ വേണുവിനെയും പൊലീസ് പിടിച്ചുകൊണ്ടുവന്നു ഉരുട്ടിയും അടിച്ചും പരത്തിയപ്പോൾ അയാൾക്കറിയാവുന്നതും പൊലീസിനോട് പറഞ്ഞു തുടങ്ങി. അങ്ങനെയാണ് ആർ. ഇ. സിയിലെ പി. രാജനെയും ചാലിയെയും അന്വേഷിച്ച് പൊലീസ് പുറപ്പെടുന്നത്. കെ. രാജന് ഇവരെ രണ്ടുപേരെയും അറിയില്ലായിരുന്നു. അങ്ങനെ രണ്ട് രാജന്മാരുടെ ചിത്രം പൂർത്തിയാവുകയായിരുന്നു
പി. രാജനെന്ന ആർ. ഇ. സി രാജനെ തേടിയുള്ള യാത്ര
പൊലീസിൻറെ അടുത്ത ലക്ഷ്യം പി. രാജനെയും, ജോസഫ് ചാലിയെയും പിടിക്കുക എന്നതായിരുന്നു. ഉരുട്ടി ഏതാണ്ട് മൃതപ്രായനായ കെ. രാജനെ ജീപ്പിലേക്ക് വലിച്ചിട്ട് പാതിരാത്രിയിൽ പൊലീസ് ആർ. ഇ സിയിലേക്കു തിരിച്ചു. ചാലി താമസിക്കുന്ന മുറിയിലെത്തിയ സി.ഐ ശ്രീധരനും സംഘവും പുസ്തകങ്ങളെല്ലാം വാരിവലിച്ചിട്ടു. ഈ സമയത്താണ് പുറത്തുപോയ ചാലി മുറിയിലേക്ക് കടന്നുവരുന്നത്. രക്ഷപ്പെടാൻ ശ്രമം നടത്തിയെങ്കിലും ചാലിയെ പിടികൂടി. അടുത്തത്. പി. രാജനായിരുന്നു.
ഫാറൂഖ് കോളജിൽ ഡി സോൺ ഫെസ്റ്റിവലിന് പങ്കെടുത്ത് തിരിച്ച് കോളജ് ബസിൽ വന്നിറങ്ങുമ്പോഴാണ് പി. രാജനെ പിടിക്കുന്നത്. പി. രാജനും, ചാലിയും ഒരു ജീപ്പിലായിരുന്നു ഇരുന്നത്. ഇവരെ കോഴിക്കോട്ടേയ്ക്കും പിന്നീട് കക്കയം ക്യാമ്പിലേക്കും പൊലീസ് കൊണ്ടുപോയി മറ്റൊരു ജീപ്പിലായിരുന്നു കെ. രാജനെ കോഴിക്കോട് ഫ്രാൻസിസ് റോഡിലെ ഇങ്ക്വിലാബ് അച്ചടിക്കുന്ന സൈക്ലേസ്റ്റെൽ മെഷീൻ നന്നാക്കാൻ കൊടുത്ത കടയിലെത്തിച്ചതിനുശേഷം കക്കയത്തേയ്ക്ക് തന്നെ മടങ്ങി.
പി. രാജൻ കൊല്ലപ്പെടുന്നത്
ക്യാമ്പിലെത്തിച്ചതിനുശേഷം, ജോസഫ് ചാലിയുടെ ശരീരത്തിലായിരുന്നു ആദ്യ ഉരുട്ടൽ പ്രയോഗം തുടങ്ങുന്നത്. അതിക്രൂരമായി തന്നെ ചാലിയെ മർദിച്ചു, തുടയിലെ മാംസമെല്ലാം ചതഞ്ഞരഞ്ഞു. അടുത്ത ഊഴം പി. രാജൻറേതായിരുന്നു. ചാലിയെ അൽപായുസ്സാക്കി മാറ്റിയിട്ട് ആ ബെഞ്ചിലേക്ക് പി.രാജനെ കിടത്തി.
ഈ സമയം അടുത്ത മുറിയിൽ വീണ്ടും ഉരുട്ടലിന് വിധേയമാക്കികൊണ്ടിരിക്കുന്ന കെ. രാജന്, പി.രാജനെ കാണാമായിരുന്നു. രാജനെ ഉരുട്ടുമ്പോൾ പൊലീസുകാർ വായയിൽ തുണി തിരുകുന്നതിനുപകരം വായയും മൂക്കും കൂടി ചേർത്ത് തുണിവച്ച് ഒരു പൊലീസുകാരൻ അമർത്തിപ്പിടിക്കുകയായിരുന്നു. ചാലിയ്ക്കും, കെ. രാജനും കിട്ടിയ ഉരുട്ടലിൻറെ നാലിലൊരുഭാഗം പോലും പീഡിപ്പിക്കാൻ കഴിയുന്നതിനുമുമ്പ് പി. രാജൻറെ ബോധം മറഞ്ഞു. പീഡനത്തിന് നേതൃത്വം കൊടുത്ത പുലീക്കോടൻ ഉരുട്ടൽ നിർത്തി. മുഖത്തേയ്ക്ക് വെളളം കുടഞ്ഞു. അനക്കമില്ല. നിവർത്തി ഇരുത്തി നോക്കി, തല ഒരുവശത്തേയ്ക്ക് ചരിഞ്ഞുപോയി. രാജൻറെ ശരീരം നിശ്ചലമായിരുന്നു.
അപ്പുറത്തിരുന്ന ജയറാംപടിക്കലിനെ പെട്ടെന്ന് വിളിച്ചുവരുത്തി കാണിച്ചു. പടിക്കൽ ഡോക്ടറെ വിളിക്കാൻ എസ് ഐ മൊയ്തീനോടാവശ്യപ്പെട്ടു. ഡോക്ടറെ വിളിക്കാനായി എസ് ഐ പോയെങ്കിലും, ക്യാമ്പിലേക്കെത്തുന്നതിനുമുമ്പ് പടിക്കൽ ഡോക്ടറെ തിരിച്ചയച്ചു. രാജൻ മരിച്ചു എന്ന് പൊലീസ് സംഘത്തിന് ബോധ്യമായി. ഇതേസമയം അടുത്തമുറിയിൽ കെ. രാജനെ ഉരുട്ടുന്നതും നിർത്തിവച്ചു. പിന്നെ പുലിക്കോടനും ഏതാനും പൊലീസുകാരും ചേർന്നു രാജൻറെ ശരീരം കെ. രാജൻ കിടക്കുന്ന മുറിയുടെ വാതിലിലൂടെയാണ് പുറത്തേക്ക് കൊണ്ടുപോയത്. അർധബോധത്തിലായിരുന്ന ജോസഫ് ചാലിയും ഇതിനു സാക്ഷിയാണ്. പിന്നീട് പി. രാജൻറെ ശരീരം ഐ.ബിയിലേക്ക് മാറ്റി. രാജനെ ഉരുട്ടുമ്പോൾ വായയും മൂക്കും പൊത്തിപ്പിടിച്ചതിനാൽ ശ്വാസം കിട്ടാതെയാണ് മരിച്ചത് എന്ന് ദൃക്സാക്ഷിയായ കെ. രാജൻ വിശ്വസിക്കുന്നു. ഈ അഭിപ്രായത്തോട് സോമശേഖരനും യോജിക്കുന്നു- ‘”അങ്ങനെയാകാൻ സാധ്യതയുണ്ട്. പിന്നീട് എന്നെ ഉരുട്ടുമ്പോൾ വായ പൊത്തിപ്പിടിക്കുമ്പോൾ ശ്രദ്ധിക്കണമെന്ന് മുരളീകൃഷ്ണദാസ് പൊലീസുകാർക്ക് ഇടയ്ക്കിടെ നിർദേശം നൽകുന്നുണ്ടായിരുന്നു. യഥാർഥത്തിൽ രാജനെ കൊല്ലുക എന്നതായിരുന്നില്ല പൊലീസിൻറെ ലക്ഷ്യം. കൊല്ലാതെ കൊന്ന് വിവരങ്ങളറിഞ്ഞെടുക്കുക എന്നതായിരുന്നു. പൊലീസിന് പറ്റിയ കൈയബദ്ധമാണ് രാജൻറെ മരണം.”
വീണ്ടും കൊലപാതകങ്ങൾ
ആർ. ഇ.സി രാജൻ മരണപ്പെട്ടതോടെ പീഡനമുറകളാൽ ശബ്ദമുഖരിതമായിരുന്ന ക്യാംപ് മൂകമായതായി കെ.രാജൻ പറയുന്നു. പൊലീസിൻറെ അടുത്തലക്ഷ്യം തെളിവ് നശിപ്പിക്കുക എന്നതായിരുന്നു. മാർച്ച് രണ്ടിനാണ് പി.രാജൻ കൊല്ലപ്പെടുന്നത്. അന്ന് രാത്രി തന്നെ കക്കയം ക്യാമ്പിൽ നിന്ന് ചാലിയെയും കെ. രാജനെയും ജീപ്പിലേക്ക് വലിച്ചിട്ട് പൊലീസ് വീണ്ടും ചാത്തമംഗലത്തേയ്ക്ക് തിരിച്ചു. പി. രാജനെ പൊലീസ് പിടിച്ച് ജീപ്പിൽ കൊണ്ടുപോകുന്ന കണ്ട പ്രധാന സാക്ഷികളാണ് കെ. രാജൻ, ജോസഫ് ചാലി, ആർ. ഇ സിക്കടുത്ത് താമസിച്ചിരുന്ന അലക്കുകാരൻ പയ്യനായ സത്യൻ. സത്യനെ പൊലീസ് പിടിച്ചുകൊണ്ടുപോകുന്നത് കണ്ട് അലറികരഞ്ഞ സത്യൻറെ അമ്മയുടെ നിലവിളി കേട്ടിട്ടാണ്, അടുത്ത മുറിയിൽ താമസിച്ചിരുന്ന ആർ.ഇ.സിയിലെ തൂപ്പുകാരി ദേവകിയും ടാപ്പിങ് തൊഴിലാളി രാജനും ഓടിവന്നത്. ഈ സമയം ജീപ്പിലിരിക്കുന്ന പി.രാജനെ കണ്ടു എന്നതാണ് ടാപ്പിങ് തൊഴിലാളി രാജൻറെ ജീവൻ നഷ്ടമാകാനിടയാക്കിയത്.
ബന്ധുക്കളുടെ അന്വേഷണത്തിൽ ജോസഫ് ചാലിയും കെ.രാജനും കസ്റ്റഡിയിലുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് അവരെ ഇല്ലാതാക്കുക എളുപ്പമല്ല. പിന്നെ അലക്കുകാരൻ പയ്യൻ. അവൻ ഒരിക്കലും പി. രാജനെ കണ്ടിട്ടുണ്ട് എന്ന് പറയില്ല എന്നത് പൊലീസിനുറപ്പാണ്. അതിനുള്ള മരുന്നൊക്കെ അവന് ഒറ്റദിവസം കൊണ്ട് പൊലീസ് കൊടുത്തിരുന്നു.
കെട്ടിത്തൂക്കിയ രണ്ട് മൃതദേഹങ്ങൾ
മാർച്ച്- 4
രണ്ട് മൃതദേഹങ്ങൾ ആർ. ഇ. സി വളപ്പിലെ ഒരു മാവിൻ കൊമ്പിൽ തൂങ്ങി നിൽക്കുന്നു. ടാപ്പിങ് തൊഴിലാളി രാജൻറെയും തൂപ്പുകാരി ദേവകിയുടെതുമായിരുന്നു ആ മൃതദേഹങ്ങൾ. ആത്മഹത്യ എന്നായിരുന്നു അന്ന് പത്രറിപ്പോർട്ടുകൾ. എന്നാൽ എല്ലാവരും മറന്നുകളഞ്ഞ ആ സംഭവം കൊലപാതകമായിരുന്നെന്ന് കെ. രാജൻ വെളിപ്പെടുത്തുന്നുണ്ട്. “എന്നെയും ചാലിയെയും കൊണ്ടുവന്ന ജീപ്പ് പുഴയുടെ അടുത്തു നിർത്തി. ചാലിയെ പുഴയുടെ കരയിലേക്ക് ഇറക്കി കൊണ്ടുപോയി. എന്നെയും കൊണ്ട് ജീപ്പ് ആർ. ഇ. സി ജങ്ഷനിലേക്കുപോയി, അവിടെ നിർത്തിയിട്ട് നാലു പൊലീസുകാർ ഇറങ്ങിപോയി. തിരിച്ചുവന്ന പൊലീസുകാർ ഉദ്യോഗസ്ഥരോട് പറഞ്ഞു; ‘ തള്ള ഉറങ്ങിയിട്ടില്ല” എന്ന്. കണ്ണും ചെവിയും കേൾക്കാത്ത പ്രായമായ അമ്മയുണ്ടായിരുന്നു ദേവകിയുടെ കൂടെ. ജീപ്പ് വീണ്ടും മുക്കം വരെ പോയി, തിരിച്ച് നേരത്തെ ചെന്ന സ്ഥലത്തേയ്ക്ക് തന്നെ വന്നു. രണ്ടാമത്തെ വരവിൽ ഈ പൊലീസുകാരാണ് രാജനെയും ദേവകിയെയും കൊന്നു തൂക്കിയത്. പിറ്റേന്ന് വെളുപ്പിനാണ് ഞങ്ങളെ കുന്ദമംഗലം സ്റ്റേഷനിൽ കൊണ്ടുവരുന്നത്. ഇത് സമ്മതിക്കുന്ന പലരും പൊലീസിലുണ്ട്. അവരിലാരെങ്കിലും ഏതെങ്കിലും കാലത്ത് ഇത് തുറന്നുപറയും എന്നാണ് പ്രതീക്ഷിക്കുന്നത്”.
ഈ മൃതദേഹങ്ങൾ ഒരു ദിവസം മുഴുവൻ മാവിൻകൊമ്പിൽ തൂങ്ങിയാടി. ഇതു കാണിച്ച് ആർ. ഇ.സി പ്രദേശത്തെ മുഴുവൻ പൊലീസ് വിറപ്പിച്ചു എന്നതാണ് സത്യം.
ചെറിയ രാജൻ എന്ന യഥാർഥ രാജൻ
കായണ്ണ സ്റ്റേഷനാക്രമണത്തിന് നേതൃത്വം നൽകിയത് രാജൻ എന്ന നക്സലൈറ്റാണെന്ന വിവരമാണ് കോൺഗ്രസ് അനുഭാവിയായ തെക്കുമ്പാട്ട് രാജനുൾപ്പെടെ നിരവധി രാജന്മാരെ കക്കയം ക്യാമ്പിലെത്തിച്ചതും പീഡനത്തിനും ഇടയാക്കിയതും. യഥാർഥത്തിൽ ആ രാജനാരായിരുന്നു? തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലെ യഥാർഥ രാജൻ പുതിയോട്ടുപുരക്കൽ രാജൻ അല്ലെങ്കിൽ രാമല്ലൂർ (ചെറിയ) രാജൻ ആയിരുന്നു. രാജൻ അന്ന് സിപിഐ എം എല്ലിൻറെ സ്റ്റേറ്റ് കമ്മിറ്റിയിലുണ്ടായിരുന്നു. സ്റ്റേഷനാക്രമണത്തിലെ ഒന്നാം പ്രതിയായിരുന്ന സോമശേഖരൻ സ്റ്റേഷൻ പരിസരത്തെക്കുറിച്ചുള്ള അന്വേഷണത്തിനുളള ഒരുക്കങ്ങൾ നടത്തിയിരുന്നത്, ചെറിയ രാജൻറെ കൂരാചുണ്ടിലെ ചേട്ടൻറെ വീട്ടിലിരുന്നാണ്.
സ്റ്റേഷനാക്രമണത്തിൽ പങ്കെടുക്കുമ്പോൾ ചെറിയ രാജന് 17 വയസാണ് പ്രായം. പത്താം ക്ലാസ് പാസായി ടൈപ്റൈറ്റിങും ഷോട്ട് ഹാൻഡും പഠിക്കുന്നു. സ്റ്റേഷനാക്രമണത്തെ തുടർന്ന് ചെറിയ രാജനെ അന്വേഷിച്ച് പൊലീസ് വീട്ടിലെത്തി. “രാജൻ അടുത്തുള്ള അമ്പലത്തിൽ ഉത്സവത്തിന് പോയതാണ് വന്നിട്ടില്ല എന്ന്” അമ്മ കുട്ട്യാച്ച മറുപടിയും പറഞ്ഞു. മകൻ ഇതിൽ പങ്കെടുത്തത് അമ്മയ്ക്കോ രാജന്റെ ചേട്ടന്മാർക്കോ ഒന്നും അറിയില്ലായിരുന്നു. രാജൻ പഠിക്കാൻ പോയ ടൈപ്റൈറ്റിങിന്റെ എന്തോ കടലാസ് കൂരാചുണ്ട് നിന്ന് കിട്ടിയിട്ടുണ്ടെന്ന് പൊലീസുകാരൻ രാജന്റെ അമ്മയോട് പറഞ്ഞു. അന്ന് പേരാമ്പ്രയിലെ കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നു രാജൻ ടൈപ്റൈറ്റിങ് പഠിക്കാൻ പോയിരുന്നത്. ഇവിടെ തന്നെയാണ് ആദ്യം പരാമർശിച്ച തെക്കുമ്പാട്ട് രാജൻ ടൈപ്റൈറ്റിങ് പഠിച്ചതും. തെക്കുമ്പാട്ട് രാജനെ അന്വേഷിച്ച് പൊലീസ് സ്റ്റേഷൻ പരിസരത്ത് നിന്ന് തൊണ്ടിയായി കണ്ടെടുത്ത ടൈപ്റൈറ്റിങ് കടലാസുമായി കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ടിലെത്തിയ പൊലീസിന് അവിടെ നിന്നാണ് ചെറിയ രാജനെക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്.
ചെറിയ രാജനെ അന്വേഷിച്ച് കുറേ ദിവസം പൊലീസുകാർ വീട്ടിൽ വന്നുകൊണ്ടിരുന്നു. ഈ വിവരം പേരാമ്പ്ര ടൌണിൽ നിന്നറിഞ്ഞ രാജൻ വീട്ടിലേക്ക് വന്നതുമില്ല. തുടർന്നുള്ള ദിവസങ്ങളിൽ രാജൻറെ വരവും കാത്ത് പൊലീസ് വീടിനു മുമ്പിലും പിമ്പിലും കാവൽ നിന്നു. അമ്മ കുട്ട്യാച്ചയെക്കൂടാതെ മകൾ സരോജിനിയും മാത്രമേ വീട്ടിലുള്ളൂ. മകളാകട്ടെ പ്രസവിച്ചുകിടക്കുകയുമാണ്. അന്ന് പുലിക്കോടനൊക്കെ വീട്ടിൽ രാജനെ തിരഞ്ഞുവന്നിട്ടുണ്ടെന്ന് അമ്മ കുട്ട്യാച്ച ഓർക്കുന്നുണ്ട്. കുറെ ദിവസം പൊലീസ് രാജനെ കാത്തുനിന്നു. ഇതെല്ലാം ഒളിവിൽ കഴിയുന്ന രാജനറിയുന്നുണ്ടായിരുന്നു. വീട്ടുകാർക്കുനേരെ പൊലീസിൻറെ ഭീഷണികൂടിയതൊടെ ചെറിയ രാജൻ കീഴടങ്ങാൻ തീരുമാനിക്കുകയായിരുന്നു. പേരാമ്പ്ര എസ്. ഐയുടെ മുന്നിൽ രാജൻ കീഴടങ്ങി. അവിടെ നിന്ന് നേരെ മാലൂർകുന്നിലേക്കും പിന്നീട് കണ്ണൂർ ജയിലിലേക്കും മാറ്റി.
രണ്ടുകൊല്ലം വിചാരണത്തടവുകാരനായി കണ്ണൂർ ജയിലിൽ കിടന്ന ചെറിയ രാജനെ കാണുവാനായി അമ്മ കുട്ട്യാച്ച പോകുമായിരുന്നു. കോടതിയിലേക്ക് വരുമ്പോഴും “ വളരട്ടെ വളരട്ടെ നക്സൽബാരി വളരട്ടെ” എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് ഇവരെല്ലാം വന്നത് എന്നും കുട്ട്യാച്ച ഓർക്കുന്നു. പിന്നീട് ജയിൽ മോചിതനായതിനുശേഷവും പ്രസ്ഥാനവുമായി രാജൻ ബന്ധം തുടർന്നു. ഈ പ്രവർത്തനത്തിൽ നിന്ന് മോചിതനാക്കാൻ കുടുംബം പല ശ്രമങ്ങളും നടത്തിയെങ്കിലും മരണം വരെ പ്രസ്ഥാനത്തിനുവേണ്ടി രാജൻ പ്രവർത്തിച്ചു. പിന്നീട് 1978 ഡിസംബർ 18 മൂത്തകുന്നത്തെ എൽ. പി സ്കൂൾ വരാന്തയിൽ ആത്മഹത്യ ചെയ്ത നിലയിലാണ് രാജൻറെ മൃതദേഹം പൊലീസ് കണ്ടെത്തുന്നത്. മകൻറെ രാഷ്ട്രീയ വീക്ഷണത്തെ എന്നും ബഹുമാനത്തോടെ അംഗീകരിച്ച ഒരാളായിരുന്നു അമ്മ കുട്ട്യാച്ച. “ഓൻ ഓൻറെ വിശ്വാസത്തിനുവേണ്ടി ജീവിച്ചു, ഓനെക്കുറിച്ചോ, ഓൻറെ മരണത്തെക്കുറിച്ചോ അന്വേഷിച്ച് ഒരു പത്രക്കാരും എൻറെയടുത്ത് വന്നിട്ടില്ല. നിങ്ങൾക്ക് തരാൻ എൻറെ കൈയ്യിൽ രാജൻറെ ഒരു ഫോട്ടാപോലുമില്ല. കണ്ണൂർ സെൻട്രൽ ജയിലിൽ കാണുമായിരിക്കും- മകനെക്കുറിച്ചുള്ള കുട്ട്യാച്ചയുടെ വാക്കുകൾ.
പി. രാജൻ നക്സലൈറ്റായിരുന്നോ?
കക്കയം പൊലീസ് സ്റ്റേഷനാക്രമണത്തെതുടർന്ന് ആർ.ഇ. സി വിദ്യാർഥിയായ പി. രാജനെ തേടി പൊലീസ് വന്നതെന്തിനാണ്? സ്റ്റേഷനാക്രമണത്തിൽ പരോക്ഷമായി പോലും പങ്കില്ലാത്ത രാജൻ കക്കയം ക്യാമ്പിലെത്തിയതെങ്ങിനെ? ഇതിനുള്ള ഉത്തരം കെ. വേണുവും സോമശേഖരനും പറയുന്ന വാക്കുകളിലുണ്ട്.
കെ. രാജനെ പോലെ പി. രാജനും സി പി ഐ.എം എല്ലിൻറെ ശക്തനായ അനുഭാവിയായിരുന്നു. പക്ഷേ ഈ വാദം പ്രൊഫ. ഈച്ചരവാര്യർ അംഗീകരിക്കുന്നില്ല. കെ. വേണു പറയുന്നു, “ രാജനോട് തികഞ്ഞ അനീതിയാണ് ഈച്ചരവാര്യർ കാണിക്കുന്നത്. രാജൻ കൃത്യമായി വിശ്വസിച്ച കാര്യം അദ്ദേഹമെന്തിനാണ് തള്ളിപറയുന്നത്? അതുകൊണ്ട് എന്തുഗുണമാണ് കിട്ടുന്നത്? സത്യസന്ധതയുടെ പ്രശ്നമില്ലേ? രാജൻ അനുഭാവിയാണ് എന്നത് യഥാർഥ വസ്തുതയല്ലേ ? പാർട്ടിയുടെ പഠനഗ്രൂപ്പിൽ രാജൻ പങ്കെടുത്തിട്ടുണ്ട്. പഠനഗ്രൂപ്പിൽ വരുന്ന ഒരാൾ നക്സലൈറ്റ് തന്നെയല്ലേ ?വാര്യരുടെ നിലപാട് തെറ്റാണെന്ന് ഞങ്ങൾ പറഞ്ഞിട്ടുണ്ട്. റെഡ് ഫ്ലാഗ് പറഞ്ഞിട്ടുണ്ട്. ഒരു ഏറ്റുമുട്ടലിന് പോകേണ്ടതില്ല എന്നതുകൊണ്ടാണ് നിശബ്ദത പാലിച്ചത്.” ആർ.ഇ.സിയിൽ പതിവായി പോകാറുള്ള കെ. വേണു രാജൻറെ ഹോസ്റ്റൽ മുറിയിൽ പോയിട്ടുണ്ട്. രാജൻ അനുഭാവിയായി പങ്കെടുത്ത മൂന്ന് നാലു ഗ്രൂപ്പ് യോഗങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. 1976 ജനുവരിയിൽ ജയിലിൽ നിന്ന് പുറത്തുവന്ന കെ. വേണു, മുരളി കണ്ണമ്പള്ളിയിലൂടെയാണ് ആർ.ഇ.സിയുമായി ബന്ധപ്പെടുന്നത്. മുരളിയുടെ കൂടെ രാജൻറെ മുറിയിൽ പോയി വളരെ വിശദമായി കാര്യങ്ങൾ സംസാരിച്ചിട്ടുണ്ട്. ആർ. ഇ. സിയിലെ മെസ്സ് ജീവനക്കാരെ പ്രസ്ഥാനവുമായി സഹകരിപ്പിക്കുന്നതും രാജനാണ്. അല്ലാതെ സഖാക്കൾക്ക് ഷെൽട്ടർ കൊടുത്ത ഒരാൾ മാത്രമായിരുന്നില്ല രാജൻ. എന്നാൽ ജോസഫ് ചാലിയുടെ അത്ര ഉത്തരവാദിത്തമൊന്നും രാജനുണ്ടായിരുന്നില്ല. പാർട്ടിയുടെ ഫുൾടൈം പ്രവർത്തകനല്ലാത്തതുകൊണ്ടു തന്നെയാണ് പൊലീസ് ചോദ്യം ചെയ്യുമ്പോൾ രാജന് ഒന്നും പറയാൻ കഴിയാഞ്ഞത്.
കെ. വേണുവിൻറെ ഈ വാദത്തോട് സോമശേഖരനും യോജിക്കുന്നുണ്ട്; “ എനിക്ക് രാജനോടുണ്ടായിരുന്നത് രാഷ്ട്രീയ സൌഹൃദമാണ്. രാജൻ കൊല്ലപ്പെടുന്നത് രാഷ്ട്രീയം കൊണ്ടല്ല എന്ന് പറയുന്നുണ്ടല്ലോ, അത് ശരിയല്ല. രാജൻ പ്രധാന പ്രതിയല്ലെങ്കിലും പാർട്ടിയുമായി ബന്ധമുണ്ട്. രാജൻ വളരെ നല്ല മനുഷ്യനായിരുന്നു. മനുഷ്യരോട് നന്നായി പെരുമാറാനറിയുന്ന ചെറുപ്പക്കാരൻ. ഈ ഗുണമാണ് കോളജിനും പുറത്തും രാജന് ബന്ധമുണ്ടാക്കികൊടുത്തത്”. അതിനുദാഹരണമായി സോമശേഖരൻ എടുത്തുകാണിക്കുന്നത്,ആർ. ഇ. സിയിലെ മെസ് ജീവനക്കാരുമായി രാജനുളള ബന്ധമാണ്. മെസ് ജീവനക്കാരായ കോരുവും കുറുപ്പും ഗ്രൂപ്പിലേക്കെത്തുന്നത് രാജനിലൂടെയാണ്.
മിസാപ്രകാരം തടവുകഴിഞ്ഞിറങ്ങിയ തന്നെ അന്വേഷിച്ച് ഈച്ചരവാര്യർ ചാത്തമംഗലത്ത് വന്നത് കാനങ്ങോട്ട് രാജനെന്ന കെ. രാജനും ഓർക്കുന്നുണ്ട്. “പീഡനം സഹിക്കാനാകാതെ അൽപസമയം കൊണ്ട് രാജൻ മരിച്ചു എന്ന വിവരം ഞാൻ വാര്യരോട് പറഞ്ഞു. ആ അച്ഛൻ പൊട്ടിക്കരഞ്ഞു. അന്നും അദ്ദേഹത്തിൻറെ മനസ്സിൽ രാജൻ കന്യാകുമാരിയിലെവിടെയോ ഉണ്ടെന്ന വിശ്വാസമായിരുന്നു. സത്യത്തിൽ രാജൻ മരിച്ചതിൻറെ ബോണസാണ് എൻറെയും ചാലിയുടെയും ജീവിതം.”
കേരളത്തിൽ അടിയന്തരാവസ്ഥക്കെതിരെ ആദ്യം രംഗത്തിറങ്ങിയതും ഏറ്റവും ശക്തമായി പോരാടിയതും വിദ്യാർഥികളായിരുന്നു. കോഴിക്കോട് റീജിണൽ എൻജീനിയറിങ് കോളജ്, കോഴിക്കോട് മെഡിക്കൽ കോളജ്,വടകര മടപ്പള്ളി കോളജ്, എറണാകുളം മഹാരാജാസ് കോളജ്, തിരുവനന്തപുരം യുനിവേഴ്സിറ്റി കോളജ് എന്നിവിടങ്ങളിലെ വിദ്യാർഥികളാണ് പൌരാവകാശധ്വംസനത്തിനെതിരെ ശക്തമായി പോരാടിയത്.