മഹാവീരൻ അയ്യങ്കാളി: സമത്വ സമരങ്ങളുടെ നായകൻ

കേരളത്തിൻറെ സാമൂഹിക നവോത്ഥാനത്തിന്റെ നേരവകാശികൾ അയ്യങ്കാളി ഉൾപ്പെടെയുള്ള കീഴാള പിന്നാക്ക വിഭാഗത്തിൽപ്പെട്ടവർ ആണെങ്കിലും കർതൃസ്ഥാനം പ്രധാനമായും നൽകപ്പെട്ടിരിക്കുന്നത് ജാതിശ്രേണിയിൽ ഉയർന്നു നിൽക്കുന്ന വ്യക്തികളുടെ ഇടപെടലുകൾക്കും അവർ രൂപം നൽകിയ പ്രസ്ഥാനങ്ങൾക്കുമാണ്

Update: 2025-08-28 08:38 GMT

കേരളത്തിന്റെ നവോത്ഥാന നായകരിൽ ഏറ്റവും തലയെടുപ്പുള്ള വ്യക്തിത്വങ്ങളിൽ ഒന്നാണ് മഹാവീരൻ അയ്യങ്കാളി. 1863 ഓഗസ്റ്റ് 28 ന് വെങ്ങാനൂരിൽ അധഃസ്ഥിത കുടുംബത്തിൽ ജനിച്ച അദ്ദേഹം ലോകത്തിലെ ഏറ്റവും മനുഷ്യത്വവിരുദ്ധമായ സാമൂഹ്യക്രമമായ ജാതിവ്യവസ്ഥയോട് സർഗാത്മകമായ നിലയിൽ കലഹിക്കുകയും അദ്ദേഹം ഉൾപ്പെടുന്ന പാർശ്വവത്കരിക്കപ്പെട്ട സമൂഹങ്ങളുടെ അവകാശങ്ങൾക്കായി പോരാടുകയും നിരവധി പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്ത സമാനതകൾ ഇല്ലാത്ത പോരാളിയാണ്. അദ്ദേഹത്തിന്റെ ബഹുമുഖമായ ഇടപെടലുകൾ കേരളത്തിൽ അടിസ്ഥാനപരമായ സാമൂഹിക മാറ്റങ്ങൾക്ക് കാരണമാവുകയും കേരള നവോത്ഥാനത്തിന്റെ നാഴികക്കല്ലായി നിലനിൽക്കുകയും ചെയ്യുന്നു. ​

Advertising
Advertising

കേരള നവോത്ഥാനം: രണ്ട് വ്യത്യസ്തധാരകൾ

കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിന്റെ നേരവകാശികൾ അദ്ദേഹം ഉൾപ്പെടെയുള്ള കീഴാള പിന്നാക്ക വിഭാഗത്തിൽപ്പെട്ടവർ ആണെങ്കിലും കർതൃസ്ഥാനം പ്രധാനമായും നൽകപ്പെട്ടിരിക്കുന്നത് ജാതിശ്രേണിയിൽ ഉയർന്നു നിൽക്കുന്ന വ്യക്തികളുടെ ഇടപെടലുകൾക്കും അവർ രൂപം നൽകിയ പ്രസ്ഥാനങ്ങൾക്കുമാണ്. അതിനാൽ തന്നെ കേരള നവോത്ഥാനത്തിലെ ഇടപെടലുകളെ വേർതിരിച്ചു തന്നെ കാണേണ്ടതുണ്ട്. കൊളോണിയൽ ആധുനികതയുടെയും ദേശീയതയുടെയും പശ്ചാത്തലത്തിൽ ഉരുത്തിരിഞ്ഞുവന്ന സാമൂഹികമായ ഇടപെടലുകൾ ഒരേ സ്വഭാവത്തിലുള്ളതായിരുന്നില്ല.

നമ്പൂതിരി, നായർ സമുദായങ്ങളിലെ ഇടപെടലുകൾ ആഭ്യന്തരമായ പരിഷ്കരണവും സാമുദായികമായ സംഘടിതസ്വഭാവവും ലക്ഷ്യമാക്കിയുള്ളവയായിരുന്നു. അതുവഴി ചരിത്രപരമായി തങ്ങൾ തുടർന്നു പോന്നിരുന്ന സാമൂഹിക രാഷ്ട്രീയ അധികാരങ്ങളും, സാംസ്കാരിക മേൽക്കോയ്മയും വിഭവാധികാരങ്ങളും നിലനിർത്താനുള്ള ഉദ്യമങ്ങൾ കൂടി ആയിരുന്നു. അവയാണ് യോഗക്ഷേമസഭയെന്നും നായർ സർവീസ് സൊസൈറ്റി തുടങ്ങിയ സ്വയം പരിഷ്കരണ സമുദായ സംഘടനകളായി മാറിയത്. ഫ്യൂഡൽ- കൊളോണിയൽ സാമൂഹികാവസ്ഥയിൽ നിന്ന് ലിബറൽ ജനാധിപത്യത്തിലേക്കുള്ള മാറ്റത്തിൻ്റെ വഴിയിൽ തങ്ങളുടെ സമുദായിക താൽപര്യത്തിനാണ് ഇത്തരം പ്രസ്ഥാനങ്ങൾ മുൻതൂക്കം നൽകിയിരുന്നത്.

എന്നാൽ അയ്യങ്കാളി രൂപം നൽകിയത് അത്തരത്തിലുള്ള സാമുദായിക സംഘടനകളിൽ നിന്ന് വേറിട്ടുനിൽക്കുന്ന, അതിവിശാലമായ സാമൂഹിക സാംസ്കാരിക വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്ന, ശ്രേണീകൃതമായ ജാതി വ്യവസ്ഥയ്ക്കുള്ളിൽ അസമത്വങ്ങൾ അനുഭവിക്കുന്ന എല്ലാ ജനവിഭാഗങ്ങൾക്കും ജനാധിപത്യപരമായ അവകാശങ്ങൾ ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള പ്രസ്ഥാനമാണ്. "സാധുജന പരിപാലന സംഘം" എന്ന തൻറെ പ്രസ്ഥാനത്തിൻറെ പേര് പോലും തിരഞ്ഞെടുക്കുന്നതിൽ കേവലമായ സാമുദായിക സ്വത്വസങ്കൽപ്പനത്തിനപ്പുറം വർണ്ണബാഹ്യരായ, ജാതി ശ്രേണിയിൽ താഴെത്തട്ടിൽ നിൽക്കുന്ന വൈവിധ്യമായ ജാതി,സമുദായങ്ങളിൽപ്പെട്ടവരെയെല്ലാം ഉൾക്കൊള്ളുകയും പ്രതിനിധാനം ചെയ്യുകയും ചെയ്യുന്ന പ്രസ്ഥാനമെന്ന നിലയിലാണ്.

ഭൂമി–ജാതി–അധികാരം

വർണാശ്രമ അഥവാ സനാതന (അ)ധർമ്മത്തിൽ അധിഷ്ഠിതമായ, സഹമനുഷ്യനെ അശുദ്ധിയുള്ളവരാക്കി കൽപ്പിച്ചുകൊണ്ട് അധികാരം, ഭൂമി, വിഭവങ്ങൾ എന്നിവയിൽ നിന്ന് അന്യവൽക്കരിക്കുന്ന സാമൂഹിക രാഷ്ട്രീയ സാംസ്കാരിക അസമത്വ വ്യവസ്ഥയാണ് ജാതിവ്യവസ്ഥ. ഭൂമിയിൽമേലുള്ള ഉടമസ്ഥാവകാശവും അധികാരവുമാണ് ജാതി വ്യവസ്ഥയിൽ ഉന്നത ശ്രേണിയിലുള്ളവരെ പ്രബലമായ നിർത്തുന്ന പ്രധാനമായ മാനദണ്ഡങ്ങളിൽ ഒന്ന്. അതുകൊണ്ടുതന്നെയാണ് ബ്രഹ്മസ്വവും ദേവസ്വവും ആയി ഭൂമി- വിഭവാകാരം ബ്രാഹ്മണരുടെ കയ്യിൽ കേന്ദ്രീകരിച്ചിരുന്നത്. ഭൂ ഉടമാവകാശത്തെ മത- ദൈവ വിശ്വാസ, ആചാരത്തിന്റെ അടിസ്ഥാനത്തിൽ ദിവ്യമായ അവകാശമായി സാധൂകരിക്കുക (legitimise ) എന്ന ലക്ഷ്യത്തോടെയാണ് പരശുരാമൻ ആണ് ബ്രാഹ്മണർക്ക് ഭൂമി നൽകിയത് എന്ന കെട്ടുകഥ പ്രചരിപ്പിക്കപ്പെട്ടത്. ഭൂവധികാരത്തിന്റെ പ്രാധാന്യത്തെ പറ്റി അയ്യങ്കാളിക്ക് കൃത്യമായ ധാരണയുണ്ടായിരുന്നു.

പനങ്ങാട്ട് പുത്തലത്ത് പരമേശ്വരൻ പിള്ള എന്ന ജന്മിയുടെ കാർഷികവൃത്തിയുടെ മേൽനോട്ടം വഹിച്ചിരുന്ന തല പുലയൻ ആയിരുന്നു മാവീരൻ അയ്യങ്കാളിയുടെ പിതാവ്. തലപുലയൻ സ്ഥാനം വഹിച്ചിരുന്ന ഇതര വ്യക്തികളിൽ നിന്ന് വ്യത്യസ്തമായി തൻറെ ജന്മിയിൽ നിന്ന് അദ്ദേഹത്തിന് എട്ടര ഏക്കർ ഭൂമി പതിച്ചു കിട്ടിയിരുന്നു. അങ്ങനെ തനിക്ക് പതിച്ചു കിട്ടിയ കൃഷിഭൂമിയിൽ നിന്നുള്ള വരുമാനവും ജന്മിയുടെ കൃഷിപ്പണികൾ മേൽനോട്ടം നടത്തിയ വകയിൽ കിട്ടിയിരുന്ന വരുമാനവും കൊണ്ട് മെച്ചപ്പെട്ട ഒരു സാമ്പത്തിക അടിത്തറയൊരുക്കാൻ അദ്ദേഹത്തിൻറെ പിതാവിന് കഴിഞ്ഞു. എന്നാൽ വളരെ അപൂർവവും ഒറ്റപ്പെട്ടതുമായ ഈ അവസ്ഥയായിരുന്നില്ല നാനാതരം അടിമ സമുദായങ്ങളുടെ ജീവിതാവസ്ഥ. ആഹാരവും, കുടി താമസിക്കാനുള്ള അനുമതിയും മാത്രം അനുഭവിച്ചുകൊണ്ട് ജന്മിമാർക്ക് അടിമപ്പണി (ഊഴിയം) ചെയ്തു ജീവിക്കുക എന്നതായിരുന്നു അവരുടെ ജീവിതാവസ്ഥ. ജന്മിക്കുവേണ്ടി ജനിച്ച്,  ജന്മിക്കുവേണ്ടി ജീവിച്ച്, ജൻമിക്കുവേണ്ടി മരിക്കേണ്ടുന്ന മൃഗാവസ്ഥയിൽ നിന്ന് മോചനം നേടി ആത്മാഭിമാനത്തോടെ ജീവിക്കേണ്ടുന്ന സാഹചര്യം സൃഷ്ടിക്കുന്നതിനായിരുന്നു അദ്ദേഹത്തിൻ്റെ ജീവിത പദ്ധതികളെല്ലാം. ജാതി വ്യവസ്ഥയോട് കലഹിച്ചുകൊണ്ട് മാത്രമേ മെച്ചപ്പെട്ട ജീവിതാവസ്ഥ സ്വായത്തമാക്കാൻ കഴിയൂ എന്ന് അദ്ദേഹത്തിന് ഉത്തമ ബോധ്യം ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ജാതി അധികാരത്തെ വെല്ലുവിളിച്ചു കൊണ്ടാണ് അദ്ദേഹം തൻറെ സാമൂഹ്യ ഇടപെടലുകൾ ആരംഭിക്കുന്നത്.

വഴി തുറന്ന വില്ലുവണ്ടി

അയ്യങ്കാളിയുടെ ആദ്യത്തെയും ഏറ്റവും ശ്രദ്ധേയമായതുമായ പ്രക്ഷോഭങ്ങളിൽ ഒന്നായിരുന്നു പൊതുവഴികളിലൂടെ സഞ്ചരിക്കാനുള്ള അവകാശത്തിനു വേണ്ടിയുള്ള പോരാട്ടം. പത്തൊൻപതാം നൂറ്റാണ്ടിൽ, ഉയർന്ന ജാതിക്കാർക്കായി സംവരണം ചെയ്തിരുന്ന പൊതുവഴികളിലൂടെ സഞ്ചരിക്കാൻ താഴ്ന്ന ജാതിക്കാർക്ക് അവകാശം നിഷേധിക്കപ്പെട്ടിരുന്നു. ഇതിനെതിരെ കേവലം 30 വയസ്സ് മാത്രം പ്രായമുള്ളപ്പോൾ, 1893 ൽ ,ഉയർന്ന ജാതിക്കാരുടെ അധികാരചിഹ്നമായിരുന്ന വില്ലുവണ്ടിയിൽ അയ്യങ്കാളി വെങ്ങാനൂരിലെ പൊതുവഴികളിലൂടെ സഞ്ചരിച്ചുകൊണ്ട് നൂറ്റാണ്ടുകളായുള്ള വിവേചനത്തെ നേരിട്ട് ചോദ്യം ചെയ്ത വില്ലുവണ്ടി സമരം നടത്തി. കേരളത്തിലെ ദളിത് മുന്നേറ്റ ചരിത്രത്തിലെ ഒരു നിർണായക പോരാട്ടമായി ഇതിനെ കാണാൻ കഴിയും. അയ്യങ്കാളിയുടെ ധീരമായ ഈ പോരാട്ടത്തെ തുടർന്ന്, മറ്റ് ദളിതരും പൊതുവഴികൾ ഉപയോഗിക്കാൻ തുടങ്ങി. അവർ ബാലരാമപുരത്തെ ഒരു തെരുവിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചപ്പോൾ, ഉയർന്ന ജാതിക്കാരായ ജനക്കൂട്ടം അവരെ ആക്രമിച്ചു. ഇത് ചാലിയാർ ലഹള എന്നറിയപ്പെട്ട അക്രമാസക്തമായ ഏറ്റുമുട്ടലുകളിലേക്ക് നയിച്ചു. ഈ ലഹളയിൽ ദളിതർ ആദ്യമായി ധീരമായി തിരിച്ചടിച്ചു. ഒടുവിൽ ഈ പ്രക്ഷോഭം എല്ലാവർക്കും പൊതുനിരത്തുകളിൽ സഞ്ചരിക്കാനുള്ള അവകാശം അനുവദിക്കാൻ സർക്കാരിനെ നിർബന്ധിതരാക്കി.

 

കർഷകലാപമായടയാളപ്പെടുത്തപ്പെട്ട വിദ്യാഭ്യാസ പ്രക്ഷോഭം

സാമൂഹികമായ ഉന്നതിക്ക് വിദ്യാഭ്യാസം ഒരു പ്രധാനപ്പെട്ട ഘടകമാണെന്ന് ഔപചാരിക വിദ്യാഭ്യാസം നേടാൻ കഴിയാതിരുന്ന അയ്യങ്കാളിക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു. ദളിത് കുട്ടികളെ പൊതുവിദ്യാലയങ്ങളിൽ പ്രവേശിപ്പിക്കാൻ സാധുജന പരിപാലന യോഗം സർക്കാരിന് നിവേദനം നൽകി. 1907-ൽ സർക്കാർ ദളിത് കുട്ടികളെ പ്രവേശിപ്പിക്കാൻ ഉത്തരവിറക്കിയെങ്കിലും, പ്രാദേശിക ഉദ്യോഗസ്ഥരും ഉയർന്ന ജാതിക്കാരും അത് അവഗണിച്ചു. സർക്കാർ ഉത്തരവുകളെ നാമം മാത്രമായി കണ്ട് അവഗണിക്കാനാവും വിധം ശക്തമായിരുന്നു ജാതി വിവേചനബോധത്തിൽ ഊന്നിയുള്ള അധികാര വ്യവസ്ഥയും പൊതുബോധവും.

ഇന്നും അതിന് യാതൊരു മാറ്റവും ഉണ്ടായിട്ടില്ല എന്നത് ശബരിമല സ്ത്രീ പ്രവേശനത്തിന് അനുകൂലമായ കോടതിവിധി നടപ്പാക്കാൻ ശ്രമിച്ചതിനെ തുടർന്നുണ്ടായ ശൂദ്ര കലാപം, എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ സംവരണ നിരാകരണം തുടങ്ങിയവ അടിവരയിടുന്നുണ്ട്.കേരളത്തിൻറെ മന്ത്രിസഭയിൽ പോലും ദലിത് പ്രാതിനിധ്യം ഇല്ലാത്ത ഒരു വർത്തമാനകാല സാഹചര്യമാണ് ഇന്ന് നിലനിൽക്കുന്നത്. മാത്രമല്ല കേരളത്തിലെ സർവകലാശാലകളിൽ വൈസ് ചാൻസിലർ, പ്രോ വൈസ് ചാൻസിലർ, രജിസ്ട്രാർ, സിൻഡിക്കേറ്റ്, സെനറ്റ്, അക്കാദമി കൗൺസിൽ, ബോർഡ് ഓഫ് സ്റ്റഡീസ്, ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്, സാഹിത്യ അക്കാദമി പോലുള്ള സ്ഥാപനങ്ങൾ, മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ്, തുടങ്ങിയ ഇടങ്ങളിൽ ഒക്കെ ദളിത് പ്രാതിനിധ്യം പരിഹരിക്കപ്പെടാത്ത വിഷയമായി നിലനിൽക്കുകയാണ്. "പാഠമില്ലെങ്കിൽ പാടത്തേക്ക് ഇല്ല " എന്ന് അയ്യങ്കാളി ഉയർത്തിയ മുദ്രാവാക്യത്തെ പ്രാതിനിധ്യമില്ലെങ്കിൽ വോട്ടില്ല/ No Vote without Representation" എന്ന് വിപുലീകരിക്കാൻ വർത്തമാനകാലം ആവശ്യപ്പെടുന്ന സ്ഥിതിവിശേഷത്തിലാണ് കേരളത്തിലെ കീഴാള ജനത.

ദളിത് കുഞ്ഞുങ്ങൾക്ക് സ്കൂൾ പ്രവേശനം നിഷേധിക്കപ്പെട്ടതിനെത്തുടർന്ന്, അയ്യങ്കാളി കേരള ചരിത്രത്തിലെ ആദ്യത്തെ കർഷക തൊഴിലാളി സമരത്തിന് നേതൃത്വം നൽകി. തങ്ങളുടെ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസ അവകാശങ്ങൾ സ്ഥാപിച്ചു കിട്ടുന്നതുവരെ മേൽജാതിക്കാരുടെ കൃഷിഭൂമിയിൽ ജോലി ചെയ്യുന്നതിൽ നിന്ന് വിട്ടു നിൽക്കാൻ അദ്ദേഹം കർഷകത്തൊഴിലാളി സമരത്തിന് ആഹ്വാനം ചെയ്തു. കർഷകത്തൊഴിലാളികളിൽ ഭൂരിഭാഗവും പുലയ സമുദായത്തിൽ നിന്നുള്ളവരായിരുന്നു. ഒരു വർഷത്തിലേറെ നീണ്ടുനിന്ന ഈ കർഷകസമരം ജന്മിത്ത സാമ്പത്തിക വ്യവസ്ഥയെ സ്തംഭിപ്പിച്ചു. ഒടുവിൽ ഭൂവുടമകൾ സ്കൂൾ പ്രവേശന ഉത്തരവ് നടപ്പാക്കാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്താൻ നിർബന്ധിതരായി. ഇത് സമരത്തിന് വലിയ വിജയമായി.

കല്ലുമാല സമരം

സാമൂഹിക രാഷ്ട്രീയ അധികാരങ്ങളിൽ നിന്നും ഭൂമി, വിഭവാധികാരങ്ങളിൽ നിന്ന് അധ്വാനിക്കുന്ന അടിസ്ഥാന ജനവിഭാഗങ്ങളെ അന്യവൽക്കരിക്കുന്ന ജാതിവ്യവസ്ഥ അതിൻറെ ഭൗതിക ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നത് ശുദ്ധാശുദ്ധി ദ്വന്ദ്വത്തിലൂടെ മനഃശാസ്ത്രപരമായും സാംസ്കാരികപരമായും ഒരു അധീശത്വബോധം നിർമ്മിച്ചെടുക്കുകയും അതിന് ഈശ്വര മതവിശ്വാസ ആചാരപരമായ ഉള്ളടക്കം കപടമായി ഉത്പാദിപ്പിച്ചുകൊണ്ടുമാണ്. അതുകൊണ്ടുതന്നെ തുല്യതയുടെ സമൂലമായ നിരാകരണം ഈ വ്യവസ്ഥിതിയിൽ അന്തർലീനമാണ്. ഈ അസമത്വം ഭാഷയിലും, വസ്ത്രത്തിലും, വേഷവിധാനത്തിലും, ജീവിതത്തിൻറെ എല്ലാ തലങ്ങളിലും പ്രതിഫലിക്കുന്നുണ്ട്. ദലിതർ, പ്രത്യേകിച്ച് സ്ത്രീകൾ, അവരുടെ കീഴാളമായ സമൂഹികപദവി സൂചിപ്പിക്കുന്ന അപമാനകരമായ വസ്ത്രധാരണ രീതികൾക്ക് വിധേയരായിരുന്നു. ഈ അവസ്ഥയെ വെല്ലുവിളിച്ചുകൊണ്ട് അന്തസ്സിനും വസ്ത്രധാരണ സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പോരാട്ടം 1915 ൽ മാവീരൻ അയ്യങ്കാളി ആരംഭിച്ചു. ദളിത് സ്ത്രീകൾ 'കല്ലുമാല' (കല്ലുകൾ കൊണ്ടോ മരം കൊണ്ടോ ഉണ്ടാക്കിയ മാലകൾ) ധരിക്കാനും മാറുമറയ്ക്കാതിരിക്കാനും നിർബന്ധിതരാക്കുന്ന ആചാരത്തിനെതിരെ അയ്യങ്കാളി കൊല്ലം ജില്ലയിലെ പെരിനാട്ടിൽ ഒരു വലിയ പ്രതിഷേധത്തിന് നേതൃത്വം നൽകി. കല്ലുമാല സമരം എന്നറിയപ്പെടുന്ന ഈ പോരാട്ടത്തിൻ്റെ ഭാഗമായി അടിച്ചമർത്തലിൻ്റെ ഇത്തരം ചിഹ്നങ്ങൾ ഉപേക്ഷിക്കാനും അന്തസ്സോടെ വസ്ത്രം ധരിക്കാനുള്ള തങ്ങളുടെ അവകാശം ഉറപ്പിക്കാനും അയ്യങ്കാളി സ്ത്രീകളെ പ്രോത്സാഹിപ്പിച്ചു. ഈ പ്രക്ഷോഭം ഏറ്റുമുട്ടലുകളിലേക്ക് നയിച്ചെങ്കിലും, ഒടുവിൽ ഈ വിവേചനപരമായ ആചാരങ്ങൾ മാറ്റാൻ നിർബന്ധിതരാക്കി.കേരളത്തിൻ്റെ സാമൂഹ്യ രാഷ്ട്രീയ പരിവർത്തനത്തിന്റെ ഗതിനിർണ്ണയത്തിൽ അതിഗൗരവതരമായ ഇടപെടലുകൾ നടത്താൻ, 1911- മുതൽ അദ്ദേഹം ശ്രീമൂലം പ്രജാസഭ പ്രതിനിധിയായി പ്രവർത്തിച്ച കാലമത്രയും കഴിഞ്ഞു. അയ്യങ്കാളിയുടെ പ്രക്ഷോഭങ്ങൾ കേരളത്തിലെ അടിച്ചമർത്തപ്പെട്ട സമൂഹങ്ങൾക്കിടയിൽ സാമൂഹികവും രാഷ്ട്രീയവുമായ അവബോധം വളർത്തുന്നതിൽ നിർണായക പങ്ക് വഹിച്ചു. അദ്ദേഹത്തിൻ്റെ ചെറുത്തുനിൽപ്പ് രീതികൾ സമാനതകളില്ലാത്തതാണ്. സമത്വവും സമഭാവനയുമുള്ള ഒരു സമൂഹത്തിൻ്റെ സൃഷ്ടിക്കുള്ള നവോത്ഥാനത്തിന് അടിത്തറ പാകിയതിൽ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് നിർണായക പങ്കുണ്ട്.

മഹാവീരൻ അയ്യങ്കാളി “ദലിതരുടെ നേതാവ്” മാത്രമല്ല, സമത്വവും ജനാധിപത്യവും ഉറപ്പിക്കാനായി ജീവൻ സമർപ്പിച്ച വിപ്ലവ നായകനുമാണ്.കേരളത്തിന്റെ നവോത്ഥാന ചരിത്രം അദ്ദേഹത്തെ പോലുളള പോരാളികളെ മുൻനിരയിൽ ഉൾപ്പെടുത്തിക്കൊണ്ട് പുനർനിർമ്മിക്കേണ്ട സമയം എന്നേ കടന്നുപോയിരിക്കുന്നു.നവോത്ഥാനത്തിന്റെ ചരിത്രമെന്നത് നീതിക്കും സമതക്കും വേണ്ടിയുള്ള പോരാട്ടങ്ങളുടെ ചരിത്രവും കൂടിയാണ്, ആ ചരിത്രം വർത്തമാനത്തിലും തുടരേണ്ട ചരിത്രവുമാണ്!

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - ലജിത് വി.എസ്

contributor

ചരിത്ര വിഭാഗം മേധാവി ദേവസ്വം ബോർഡ് കോളേജ് ശാസ്താംകോട്ട

Similar News