കഫിയ്യ പുതച്ചതോടെ ഗ്രെറ്റയെ വേണ്ടാതായി, തിക്കിത്തിരക്ക് ദുരന്തങ്ങളും രാഷ്ട്രീയവും
ഫ്രീഡം ഫ്ലോട്ടിലയും ഗ്രെറ്റയും ഏറ്റവുമധികം വാർത്ത സൃഷ്ടിച്ച ജൂൺ 6 വരെയുള്ള ദിവസങ്ങളിൽ അമേരിക്കൻ മാധ്യമങ്ങൾ ആ വാർത്ത അവഗണിച്ചു. ന്യൂയോർക് ടൈംസും വാഷിങ്ടൺ പോസ്റ്റും 2018നു ശേഷമാണ് ഗ്രെറ്റയെ വാർത്തയിൽ നിന്ന് പുറത്താക്കാൻ തുടങ്ങിയത്. മാധ്യമങ്ങൾ ഗ്രെറ്റയെ ബഹിഷ്കരിച്ചതോടെ ആളുകൾ ചോദിക്കാൻ തുടങ്ങി, ഇപ്പോൾ അവൾ രംഗത്തില്ലേ എന്ന്. ഉണ്ട്. പക്ഷേ പ്രശ്നം, അവൾ കഫിയ്യ പുതക്കാൻ ധൈര്യപ്പെട്ടു എന്നതാണ്
ആകാശ ദുരന്തം വാർത്തകളിൽ
ജൂൺ 12ന് വലിയൊരു ദുരന്തവാർത്ത ലോകം കേട്ടു. ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യ ബോയിങ് ഡ്രീം ലൈനർ തകർന്ന് 200 ലേറെ പേർ മരിച്ചു. ഇന്ത്യൻ വംശജനായ ഒരു ബ്രിട്ടീഷ് പൗരൻ അത്ഭുതകരമായി രക്ഷപ്പെട്ട വാർത്ത ബ്രിട്ടീഷ് പത്രങ്ങൾ പ്രത്യേകം ആഘോഷിച്ചു. നിർഭാഗ്യവശാൽ പലപ്പോഴും ദുരന്തങ്ങളുടെ വ്യാപ്തിയും കാരണങ്ങളും മൂടിവെക്കുന്ന പ്രവണതയുണ്ട്. അതിനായി വാർത്തകൾ നിയന്ത്രിക്കാറുണ്ട്. മൂന്ന് ഉദാഹരണങ്ങൾ..
തിക്കിത്തിരക്ക് ദുരന്തങ്ങളും രാഷ്ട്രീയവും
തിക്കിലും തിരക്കിലും പെട്ട് ആളുകൾ മരിക്കുന്ന സംഭവങ്ങൾ പതിവു വാർത്ത പോലെ. ഇന്ത്യയിൽ ഒരു വർഷത്തിനുള്ളിൽ നാലെണ്ണം. അതിൽ മൂന്നെണ്ണം ഇക്കൊല്ലം—യു.പിയിലും ഡൽഹിയിലും കർണാടകയിലും. ഉത്തർ പ്രദേശിലെ പ്രയാഗ് രാജിൽ, കുംഭമേളക്കിടെ തിക്കും തിരക്കും മൂലം അനേകം പേർ മരിച്ചു. ദുരന്തത്തിന്‍റെ വ്യാപ്തി പുറത്തറിയാതിരിക്കാനും പൂർണമായ കണക്ക് ലഭ്യമാവാതിരിക്കാനും ശ്രമം നടന്നതായി അന്നുതന്നെ റിപ്പോർട്ടുണ്ടായിരുന്നു. 37 മരണം എന്ന കണക്കാണ് ഒടുവിൽ സർക്കാർ പുറത്തുവിട്ടത്. ബി.ബി.സി ഹിന്ദി ചാനൽ പറയുന്നു, കുംഭമേള ദുരന്തത്തിൽ നൂറിലധികം മരണം നടന്നു എന്ന്.
സർക്കാർ അനാസ്ഥയുടെ വാർത്തകൾ പലതരത്തിൽ നിയന്ത്രിക്കപ്പെടുന്നുണ്ട്. സർക്കാർ നൽകുന്ന പെരുമക്കണക്കുകൾ അതേപടി പകർത്തുന്ന മാധ്യമങ്ങൾ, മരണക്കണക്ക് അന്വേഷിച്ചില്ല. അധികാരികൾ മറച്ചുപിടിച്ചത് പുറത്തുകൊണ്ടുവരാൻ ശ്രമിച്ചില്ല. ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലുണ്ടായ തിക്കും തിരക്കും 18 ജീവനെടുത്തു. ഐ.പി.എൽ ക്രിക്കറ്റ് വിജയാഘോഷത്തിലും തിക്കിത്തിരക്കി മരണങ്ങളുണ്ടായി. കർണാടകയിൽ കോൺഗ്രസാണ് ഭരിക്കുന്നത്. പ്രയാഗ് രാജ് ദുരന്തത്തെപ്പറ്റിയോ, ഡൽഹി റെയിൽവേ സ്റ്റേഷൻ ദുരന്തത്തെപ്പറ്റിയോ അധികമൊന്നും പറയാതിരുന്ന ബി.ജെ.പി പക്ഷ നേതാക്കളും മാധ്യമങ്ങളും വിമർശനവുമായി രംഗത്തിറങ്ങി.
കഫിയ്യ പുതച്ചതോടെ ഗ്രെറ്റയെ വേണ്ടാതായി
ഗസ്സക്ക് സഹായവും ഐക്യദാർഢ്യവുമായി ചെന്ന ഫ്രീഡം ഫ്ലോട്ടില, 'മദ് ലീൻ' എന്ന നൗക,, ഇസ്രായേൽ പിടിച്ചെടുത്തു. അതിലുണ്ടായിരുന്ന ഗ്രെറ്റ ടുൺബെർഗ്, യൂറോപ്യൻ പാർലമെന്‍റ് അംഗം റിമഹസൻ തുടങ്ങി 12 ആക്ടിവിസ്റ്റുകളെ കസ്റ്റഡിയിലെടുത്ത് വിട്ടു. ഫ്രീഡം ഫ്ലോട്ടിലയും ഗ്രെറ്റയും ഏറ്റവുമധികം വാർത്ത സൃഷ്ടിച്ച ജൂൺ 6 വരെയുള്ള ദിവസങ്ങളിൽ അമേരിക്കൻ മാധ്യമങ്ങൾ ആ വാർത്ത അവഗണിച്ചു. ന്യൂയോർക് ടൈംസും വാഷിങ്ടൺ പോസ്റ്റും 2018നു ശേഷമാണ് ഗ്രെറ്റയെ വാർത്തയിൽ നിന്ന് പുറത്താക്കാൻ തുടങ്ങിയത്. മാധ്യമങ്ങൾ ഗ്രെറ്റയെ ബഹിഷ്കരിച്ചതോടെ ആളുകൾ ചോദിക്കാൻ തുടങ്ങി, ഇപ്പോൾ അവൾ രംഗത്തില്ലേ എന്ന്. ഉണ്ട്. പക്ഷേ പ്രശ്നം, അവൾ കഫിയ്യ പുതക്കാൻ ധൈര്യപ്പെട്ടു എന്നതാണ്.