'മഹേന്ദ്ര സിംഗ് ധോണി അഥവാ എം.എസ് ധോണി'- കാലങ്ങളെത്ര കടന്നുപോയാലും ഈ പേര് കേൾക്കുമ്പോൾ ക്രിക്കറ്റ് പ്രേമികളുടെ മനസ്സിലേക്ക് കയറുന്നത് ഒരൊറ്റ വികാരം മാത്രമാണ്. ബാറ്റുകൊണ്ട് മാന്ത്രികവിദ്യ കാണിക്കുന്ന, സമചിത്തതയോടെ ടീമിന്റെ പങ്കായമേന്തുന്ന, വിജയതീരമടുപ്പിക്കുന്നതിനായി ഫിനിഷറുടെ റോളിലിറങ്ങുന്ന ആരാധകരുടെ സ്വന്തം 'തല', ക്രിക്കറ്റ് പ്രേമികളുടെ സ്മൃതിമണ്ഡലങ്ങളിൽ അവിസ്മരണീയ മുഹൂർത്തങ്ങളൊരുക്കിയ ഇതിഹാസങ്ങളിൽ ഒരാളാണെന്നതിൽ തർക്കമില്ല.
"സ്വരം നന്നായിരിക്കുമ്പോൾ പാട്ട് മതിയാക്കുക.." ഇതിഹാസങ്ങളെ പടികടത്താൻ വിമർശകർ ഉപയോഗിക്കുന്ന സ്ഥിരവാചകമാണ് ഈ ചൊല്ല്. എന്നാൽ, വിമർശനങ്ങളെ ഇന്ധനങ്ങളായി പരിഗണിച്ച് ബൗണ്ടറി കടത്തിശീലിച്ചവനെ തളർത്താൻ ഇതൊന്നും മതിയാകുമായിരുന്നില്ല.
അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും പടിയിറങ്ങിയെങ്കിലും ആവേശമൊട്ടും ചോരാതെ ഐപിഎൽ മത്സരത്തിനിറങ്ങുന്ന 'തല' ആരാധകരുടെ ആവേശം ഇരട്ടിപ്പിക്കുകയായിരുന്നു. പക്ഷേ, 2025 ഐപിഎൽ സീസൺ അവസാനിച്ചതോടെ ചില ചോദ്യങ്ങൾ ഉയർന്നുവന്നിരിക്കുകയാണ്, ധോണിയുടെ ആട്ടം മതിയാക്കാനായില്ലേ?
തലയുടെ ആട്ടം;ഒരു തിരിഞ്ഞുനോട്ടം
2004ൽ ഇന്ത്യ എ ടീമിനോടൊപ്പം അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചതിലൂടെയാണ് എല്ലാത്തിന്റെയും തുടക്കം. കിട്ടിയ അവസരങ്ങളിൽ മികവുകാട്ടിയതോടെ ലോകശ്രദ്ധയിലേക്ക് പതിയെ ഉയർന്നുവന്നു. 2007ലെ ടി20 ലോകകപ്പ് വിജയത്തോടെ ടീമിന്റെ കുന്തമുനയായി ശ്രദ്ധിക്കപ്പെട്ടു. സ്ഥിരസാന്നിധ്യവുമായി. 2011 ലെ ഏകദിന ലോകകപ്പ്, 2013 ലെ ചാമ്പ്യൻസ് ട്രോഫി, ഒപ്പം ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെ അഞ്ചുതവണ ചാമ്പ്യന്മാരാക്കിയ നേട്ടങ്ങൾ... എന്നിങ്ങനെ നീണ്ടുകിടക്കുന്നു ക്യാപ്റ്റൻ കൂളിന്റെ അവിസ്മരണീയ റെക്കോർഡുകൾ.
മികച്ച ക്യാപ്റ്റൻസിയിലൂടെയും മിന്നുന്ന ഫിനിഷിങ്ങിലൂടെയും ഇന്ത്യൻ ടീമിനെ ടൂർണമെന്റുകളിലെ സ്ഥിരം ഫേവറിറ്റുകളാക്കുന്നതിലും ധോണിയുടെ പങ്ക് നിസാരമായിരുന്നില്ല. എന്നാൽ, 2020 ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്നും തിരിഞ്ഞുനടന്നതിനുശേഷം ഐപിഎൽ മാത്രമാണ് താരത്തിന്റെ പ്രധാനവേദി.
2024 ലെ ഐപിഎൽ സീസണിൽ വിക്കറ്റിനുപിന്നിൽ ചുറുചുറുക്കോടെ ഗ്ലൗസണിഞ്ഞെത്തിയ ധോണിക്ക് നേരെ വൈഡിലൂടെയും എഡ്ജിൽ തട്ടിത്തെറിപ്പിച്ചുമായി വിമർശനങ്ങളേറെയാണ് വന്നത്. കൂടെ കളിച്ചവരും, കമന്ററി ബോക്സിലിരുന്ന് ക്രിക്കറ്റ് ലോകത്തിന്റെ ജാതകമെഴുതുന്നവരും നിർദാക്ഷിണ്യം വിമർശനങ്ങൾകൊണ്ട് ബൗൺസർ തീർത്തപ്പോഴും ഭയാശങ്കകളില്ലാതെ ബൗണ്ടറി കടത്തുകയായിരുന്നു അദ്ദേഹം. തോൽവിയിലേക്ക് കൂപ്പുകുത്തുമായിരുന്ന ടീമിനെ പലപ്പോഴും തലയുടെ ഒറ്റയാൾ പോരാട്ടം കരകയറ്റി. 2024 ൽ വാലറ്റങ്ങളിൽ മാത്രം പ്രത്യക്ഷപ്പെട്ട് 161. 42 സ്ട്രൈക്ക് റേറ്റോടെ 161 റൺസ് അടിച്ചുകൂട്ടി.എന്നിട്ടും, പ്ലേ ഓഫിന് മുന്നിൽ ചെന്നൈ സൂപ്പർ കിംഗ്സ് വീണതോടെ ധോണിയുടെ ഫിറ്റ്നസിനെ കുറിച്ചുള്ള ചോദ്യങ്ങളും ചർച്ചകളും വീണ്ടും പതിയെ ഉയർന്നു തുടങ്ങുകയായിരുന്നു.
വിരമിക്കാൻ നേരമായോ?
പുത്തൻ താരോദയങ്ങൾ ക്രിക്കറ്റിന്റെ ചക്രവാളങ്ങളിൽ പിടിമുറുക്കികൊണ്ടിരിക്കുന്ന കാഴ്ചകൾ സമീപകാലങ്ങളിലായി കണ്ടുവരുന്നു. ധോണിയുടെ വിരമിക്കലിനെ കുറിച്ചുള്ള ചർച്ചകൾ പുതിയകാലത്തും സജീവമായി നടക്കുന്നുണ്ട്.
2023 ലെ ഐപിഎല്ലിന്റെ കലാശപ്പോരിന് ശേഷം, " എന്റെ ആരാധകർക്കു വേണ്ടി ഒരു സീസൺ കൂടി ഞാൻ കളിക്കും" എന്ന് ധോണി പറഞ്ഞിരുന്നു. 2024 സീസണിൽ ആ വാക്കു പാലിച്ചതാണ് നാം കണ്ടത്. എന്നാൽ, തുടർന്നുള്ള സീസണിനെ കുറിച്ചുള്ള വ്യക്തമായ സൂചനകളൊന്നുംതന്നെ നിലവിൽ അദ്ദേഹം പറഞ്ഞിട്ടില്ല. അവസാന സ്ഥാനക്കാരായി ഈ സീസണിലും ടീം മോശം ഫോം തുടർന്നതിനാൽ ഫിറ്റ്നസ്, പ്രായം, ടീമിന്റെ ഭാവി തുടങ്ങിയ ഘടകങ്ങൾ കൂടി പരിഗണിക്കുകയാണെങ്കിൽ "വിരമിക്കാറായില്ലേ?" എന്ന ചോദ്യം അനൗചിത്യമാകുന്നില്ലെന്നതാണ് നിലവിലെ അവസ്ഥ.
വിരമിക്കണമെന്ന് പറയുന്നവരുടെ പക്ഷം
പ്രായവും ഫിറ്റ്നസും ;
വേഗതയും കൃത്യതയും കൈമുതലാക്കികൊണ്ടുള്ള ധോണിയുടെ ബാറ്റിംഗും കീപ്പിങ്ങും എക്കാലവും മാസ്മരികം തന്നെയാണ്. എന്നിരുന്നാലും, നാൽപ്പത്തിനാലാമത്തെ വയസ്സിലേക്കടുക്കവേ താരതമ്യേന ശാരീരിക ഫിറ്റ്നസ് ഒരു വെല്ലുവിളി തന്നെയാണ്. മുട്ടിനേറ്റ പരിക്ക് കാരണം കഴിഞ്ഞ രണ്ട് സീസണിലെ പല മത്സരങ്ങളിലും ബാറ്റിങ്ങിനു മാത്രമാണ് ഇറങ്ങിയിരുന്നത്. സ്റ്റമ്പിന് പിന്നിലെ വിശ്വസ്തനായ ആ പോരാളിക്ക് മെയ്വഴക്കം കുറഞ്ഞുവരുന്നുണ്ടോയെന്നും ചില വിമർശകർ ചൂണ്ടിക്കാണിക്കുന്നുണ്ട്.
തലമുറ മാറ്റം അനിവാര്യമല്ലേ;
ടൂർണമെന്റിലെ മറ്റു ടീമുകളെ അപേക്ഷിച്ച് നോക്കിയാൽ യുവതാരങ്ങളുടെ അഭാവമാണ് പ്രധാന പ്രശ്നം. പല്ലുകൊഴിഞ്ഞ സിംഹങ്ങളുമായി കപ്പുയർത്തിയ ചരിത്രങ്ങളുണ്ടായിരുന്നെങ്കിലും കാലം മാറി. ഫോർമാറ്റേതായാലും അക്രമണോൽസുകമായി അടിച്ചുകളിക്കുന്ന പുതിയ കാലത്തിനനുസരിച്ച് ചെന്നൈക്ക് യുവതാരങ്ങളെ വളർത്തിക്കൊണ്ടുവരേണ്ടതുണ്ട്. ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞാലും ധോണിയുടെ സാന്നിധ്യം ഋതുരാജ് ഗെയ്ക്വാദിനെ പോലെ വളർന്നുവരുന്ന നായകന്മാരുടെ അവസരങ്ങൾ കവർന്നെടുക്കുന്നുണ്ടെന്നും വിമർശനമുണ്ട്.
തലദർശനം ആഡംബരമോ;
കഴിഞ്ഞ നാളുകളിലെ മോശം പ്രകടനത്തെ തുടർന്ന് ചെന്നൈ സൂപ്പർ കിംഗ്സ് പോയിൻറ് ടേബിളിനടിയിലേക്ക് വീണതിൽ ബാറ്റിംഗ് ഡിപ്പാർട്ട്മെന്റിന്റെ പങ്ക് ചില്ലറയൊന്നുമല്ല. പവർപ്ലേയിൽ കൂറ്റനടിക്കാരെ കണ്ടെത്താനായില്ലായെന്നതും മധ്യനിരയിലെ റൺറേറ്റ് കുറവും പരിഹരിക്കപ്പെടേണ്ട പ്രതിസന്ധികളിൽ പെടുന്നു. അതോടൊപ്പം ധോണിയും കൂടിച്ചേരുന്നതോടെ റണ്ണൊഴുക്ക് കുറയുന്ന ചെന്നൈയാണ് നാം ടൂർണമെന്റിലുടനീളം കണ്ടത്. തലദർശനത്തിനായി ചെപ്പോക്കിൽ ആരവമുയർത്തുന്ന ആരാധകരെ തൃപ്തിപ്പെടുത്താൻ നോക്കുന്നതിന് പകരം പുതിയ കളിക്കാർക്ക് അവസരം നൽകുന്നത് ടീമിന്റെ ദീർഘകാലവിജയത്തിന് ഗുണം ചെയ്യും.
ധോണി തുടരണമെന്ന് പറയുന്നവരുടെ പക്ഷം
ബ്രാൻഡിംഗ് ഭീകരം;
പ്രതിസന്ധികൾ ഒഴിയാബാധയായി കൂടെയുണ്ടെങ്കിലും ധോണിയുടെ സാന്നിധ്യം ചെന്നൈ സൂപ്പർ കിംഗ്സിന്റെ ബ്രാൻഡ് മൂല്യവും ആരാധകരുടെ പിന്തുണയും വൻതോതിൽ വർധിപ്പിക്കുന്നുണ്ട്. ടിക്കറ്റ് വിൽപ്പന മുതൽ ജെഴ്സി വില്പന വരെയുള്ള കാര്യങ്ങളിൽ മാനേജ്മെന്റിന്റെ മാർക്കറ്റിങ് ശക്തി തന്നെയാണ് ധോണി.
ക്യാപ്റ്റൻ കൂൾ;
ധോണിയുടെ ചാണക്യതന്ത്രങ്ങൾ, ശാന്തമായ മനോഭാവം, യുവപ്രതിഭകൾക്ക് നൽകുന്ന വിലയേറിയ നിർദ്ദേശങ്ങൾ തുടങ്ങിയവ പോയ സീസണിലും സി.എസ്.കെ വിജയങ്ങളിൽ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്.
ഫിനിഷിംഗ് മികവ്;
ക്രിക്കറ്റ്പ്രേമികൾ കൗതുകത്തോടെ നിരീക്ഷിച്ചുതുടങ്ങിയ കൗമാരക്കാരനിൽ നിന്നും ലോകോത്തര ഫിനിഷറിലേക്കുള്ള വളർച്ച തന്നെയാണ് ധോണിയുടെ കരിയറിലെ മികവായി എടുത്തുപറയാനുള്ളത്. അവസാന നാലോവറിൽ ആഞ്ഞടിക്കുന്ന ധോണിയുടെ പ്രകടനങ്ങൾ ഇപ്പോഴും മറ്റുകളിക്കാർക്ക് മറികടക്കാനാവാത്തതാണ്. 2016 ഐപിഎല്ലിൽ റൈസിങ് പൂനെക്ക് വേണ്ടിയും 2019ൽ ബാംഗ്ലൂരിനെതിരെയും അവസാന ഓവറുകളിലെ റൺമല താണ്ടാനായി ധോണി പുറത്തെടുത്ത പ്രകടനം അവിശ്വസനീയമാണ്. അവസാന ഓവറിലെ ക്ഷമയും ഫിനിഷിംഗിലെ വൈദ്ഗധ്യവും തെളിയിക്കുന്നതാണ് ഏറ്റവും കൂടുതൽ നോട്ടൗട്ട് (89+) എന്ന അപൂർവ റെക്കോർഡും.
ആരാധകർക്കിഷ്ടം തുടരണം
ക്രിക്കറ്റ് ഒരു ഡൈനാമിക് സ്പോർട്ട് ആയി മാറിക്കൊണ്ടിരിക്കുകയാണ്. ടെക്നോളജി, പ്ലെയിങ് സ്റ്റൈലുകൾ, ഫോർമാറ്റുകൾ, ഫാൻസിന്റെ പ്രതീക്ഷകൾ തുടങ്ങി എല്ലാത്തിലും പരിണാമം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരത്തിൽ നവീകരിക്കപ്പെട്ട ക്രിക്കറ്റുമായി ചേർന്നുപോകാനാവാത്ത പഴയ കളിക്കാർ പതിയെ ചോദ്യചിഹ്നമായി മാറുകയും ക്രമേണ കായികഭൂപടത്തിൽ നിന്ന് മറഞ്ഞുപോകുകയും ചെയ്യുന്ന കാഴ്ച പതിവാണ്.
ആരാധകരുടെ ഉള്ളിൽ ധോണിയുടെ വിരമിക്കലിനെ കുറിച്ചുള്ള ആശങ്കകളില്ല. ചോദ്യങ്ങളില്ല. അവർക്കതൊരു വികാരമാണ്. 'ധോണിയില്ലാത്ത സൂപ്പർ കിങ്സ്' ചിന്തിക്കാൻ പോലും വയ്യ എന്നതാണ് മിക്ക ആരാധകരുടെയും വികാരം. എന്നാൽ നിറംമാറുന്ന സീസണുകളോടൊപ്പം നിറം മങ്ങിത്തുടങ്ങിയ പ്രകടനവും കൂടിയായതോടെ മറഞ്ഞിരുന്ന ചോദ്യങ്ങൾ പലതും ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. "ഇത് ധോണിയുടെ അവസാന സീസൺ ആയിരിക്കുമോ?"
ധോണിയുടെ തീരുമാനം
കഴിഞ്ഞ അഞ്ചുവർഷങ്ങളെടുത്തു നോക്കിയാൽ ധോണിയുടെ വിരമിക്കലിനെ കുറിച്ച് മിക്കവാറും ചർച്ചകളുണ്ടായിട്ടുണ്ട്. മുൻവർഷങ്ങളിലുള്ളതിൽ നിന്നും വ്യത്യസ്തമായി ഈ സീസൺ അവസാനിക്കുന്നതോടെ ധോണിയെടുക്കുന്ന തീരുമാനം എന്തുതന്നെയായാലും ആരാധകരെ അമ്പരിപ്പിക്കാനുള്ള സാധ്യതകളേറെയാണ്.
സി.എസ്.കെ മാനേജ്മെന്റുമായുള്ള ചർച്ചകൾ, ടീമിന്റെ ഭാവി, ധോണിയുടെ ആരോഗ്യം എന്നിവയെല്ലാം ആ തീരുമാനത്തെ സ്വാധീനിക്കും. സി.എസ്.കെയുടെ സി.ഇ.ഒ കാശി വിശ്വനാഥൻ ധോണിയുടെ ഭാവിയെക്കുറിച്ച് പ്രതീക്ഷ പ്രകടിപ്പിക്കുന്നതിങ്ങനെ, "ധോണിയുടെ തീരുമാനത്തെ ഞങ്ങൾ എപ്പോഴും ബഹുമാനിക്കുന്നു. അദ്ദേഹത്തിന്റെ ഭാവി തീരുമാനം അദ്ദേഹത്തിന്റെ തന്നെ കൈകളിലാണ്. തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിന് വിട്ടു നൽകാം." സി.എസ്.കെ യൂട്യൂബ് ചാനൽ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.
സംഗ്രഹം
"ധോണിയുടെ ആട്ടം മതിയാക്കാനായില്ലേ?"എന്ന ചോദ്യത്തിനുള്ള ഉത്തരം നൽകേണ്ടത് ധോണി തന്നെയാണ്. കളിക്കാരൻ എന്നതിനേക്കാളുപരി ഒരു ബ്രാൻഡായും പരിചയസമ്പന്നനായ നായകനായും അദ്ദേഹം ക്രിക്കറ്റിന് നൽകുന്ന സംഭാവനകൾ അനിഷേധ്യമാണ്. എന്നിരുന്നാലും, സമയമെന്നത് ഒരു യാഥാർത്ഥ്യമാണ്. ഒരു ദിവസം 'തല' ബാറ്റ് താഴെ വെക്കേണ്ടി വരികതന്നെ ചെയ്യും. അത് വരും സീസണിലായിരിക്കുമോ? 'ധോണി മാജിക്' ഇനിയും കാണാനാകുമോ? കാത്തിരുന്ന് തന്നെ കാണാം.
2024 ലെ ഒരു യൂട്യൂബ് ചാനൽ നടത്തിയ പോഡ്കാസ്റ്റിൽ മുഹമ്മദ് ഷമി ധോണിയുമായുള്ള ഒരു സംഭാഷണം ഓർത്തെടുക്കുന്നുണ്ട്. "ഒരു കളിക്കാരൻ എപ്പോൾ വിരമിക്കണമെന്ന് ഞാൻ മഹിഭായിയോട് ചോദിച്ചു.നിനക്ക് ഗെയിം ആസ്വദിക്കാൻ കഴിയാതെ വരുമ്പോഴോ, ടീമിൽ നിന്ന് പുറത്താക്കപ്പെടുമെന്ന് തോന്നുമ്പോഴോ വിരമിക്കണമെന്ന് ധോണി പറഞ്ഞതായിട്ട് ഷമി വെളിപ്പെടുത്തുന്നുണ്ട്." ഏതായാലും, അയാൾ ക്രിക്കറ്റിനെ ആസ്വദിക്കുന്നുണ്ടെന്ന് വേണം കരുതാൻ. തുടർപരാജയങ്ങൾ ടീമിനെ വരിഞ്ഞുമുറുക്കുമ്പോഴും കൂടുതൽ ശക്തനായി തിരിച്ചുവരുമെന്നോ, മടക്കമില്ലാത്ത തിരിച്ചുപോക്ക് തിരഞ്ഞെടുക്കുമോ എന്നത് കാത്തിരുന്ന് കാണാം.