തബ്‌ലീഗല്ല തെറ്റുകാർ; അധികാരികളും മാധ്യമങ്ങളുമാണ്, ഹിറ്റ്ലറുടെ പുസ്തകത്തിന് നൂറ്റാണ്ട് തികയുമ്പോൾ
അഡോൾഫ് ഹിറ്റ്ലർ തന്‍റെ ആത്മകഥയും രാഷ്ട്രീയ തത്വസംഹിതയുമെന്ന നിലക്ക് എഴുതിയതാണ് മൈൻ കംഫ് (എന്‍റെ സമരം). ഹിറ്റ്ലറുടെ, വംശഹത്യയോളം വളർന്ന വംശീയതക്ക് പിന്തുണയുമായി പ്രത്യേക പ്രചാരണ വിഭാഗവും (പ്രോപഗണ്ട മന്ത്രി യോസേഫ് ഗേബൽസ്) വിധേയ പത്രങ്ങളും റേഡിയോയും ഉണ്ടായിരുന്നു. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ വംശീയ ഭരണ സംവിധാനങ്ങൾ ഹിറ്റ്ലറിൽ നിന്നും ഹിറ്റ്ലറുടെ പുസ്തകത്തിൽ നിന്നും ധാരാളം പഠിച്ചിട്ടുണ്ട്
തബ്‌ലീഗല്ല തെറ്റുകാർ; അധികാരികളും മാധ്യമങ്ങളുമാണ്
ജൂലൈ 17 ലെ ഒരു ഡൽഹി ഹൈക്കോടതി വിധി പല മാധ്യമങ്ങളും വാർത്തയാക്കിയില്ല. 2020ൽ ഡൽഹി പൊലീസ് ചാർജ് ചെയ്തതായിരുന്നു ആ കേസ്. മാധ്യമങ്ങൾ അന്നത് വല്ലാതെ കൊണ്ടാടിയിരുന്നു. പക്ഷേ ഇപ്പോൾ, വിധി വന്നപ്പോൾ, ആഘോഷം ഒട്ടുമില്ല.2020ൽ, കോവിഡ് മഹാമാരി ലോകമെങ്ങും അതിവേഗം പടരുന്ന നേരം. ഭരണകൂടങ്ങൾ അന്ധാളിപ്പിൽ. കൂട്ട മരണങ്ങൾ. സർക്കാറുകൾക്കെതിരെ വലിയ വിമർശനമുയരുന്നു.കോവിഡ് സാമ്പത്തിക രംഗം തകർക്കുമ്പോഴും ഇസ്രായേലിൽനിന്നും അമേരിക്കയിൽ നിന്നും ആയുധം വാങ്ങാനാണ് ഇന്ത്യ ധൃതി കാട്ടിയത്. രോഗപ്രതിരോധത്തിന് അന്ന് ആകെക്കൂടിയുണ്ടായിരുന്ന മരുന്ന്, പ്രസിഡന്‍റ് ട്രംപിന്‍റെ ഭീഷണിക്കു വഴങ്ങി അമേരിക്കക്ക് നൽകേണ്ടി വന്നു. അതിനു മുമ്പ്, രോഗം പടർന്നു തുടങ്ങുമ്പോഴാണ് സർക്കാർ ആഭിമുഖ്യത്തിൽ "നമസ്തേ ട്രംപ്" പരിപാടി ഗുജറാത്തിൽ നടന്നത്. അതിൽ ലക്ഷങ്ങൾ മാസ്ക് പോലുമില്ലാതെ പങ്കെടുത്തു. ദേശീയ മാധ്യമങ്ങൾ അതിൽ തെറ്റൊന്നും കണ്ടില്ലെന്നു മാത്രമല്ല, അതിനെ ആഘോഷിക്കുകയും ചെയ്തു.
കോവിഡ് പ്രതിരോധത്തിലെ വീഴ്ചകളുടെ പേരിൽ സർക്കാരിനെതിരെ ജനവികാരം ഉയർന്ന ഘട്ടത്തിലാണ് ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതും ഡൽഹിയിലെ തബ്‌ലീഗ് സമ്മേളനത്തിനെത്തിയിരുന്നവർ അവിടെ കുടുങ്ങുന്നതും. പിന്നെ കണ്ടത്, അതുവരെ സർക്കാരിനെ പ്രതിരോധിക്കാൻ പണിപ്പെട്ടു കൊണ്ടിരുന്ന മാധ്യമങ്ങൾ എല്ലാ കുറ്റവും ഈ തബ്‌ലീഗുകാരിൽ ചാർത്തുന്നതാണ്. അക്കാലത്ത് കണ്ട മാധ്യമവിചാരണയും അന്യായമായിരുന്നു എന്ന് കൂടി ഇപ്പോഴത്തെ കോടതിവിധിക്ക് അർത്ഥമുണ്ട്.
മുംബൈ സ്ഫോടനം: കേസ് തീർന്നില്ല; പക്ഷേ ചില തീർപ്പുകൾ ഉണ്ട്
2006ലെ മുംബൈ സ്‌ഫോടനക്കേസിലെ എല്ലാ പ്രതികളെയും ബോംബെ ഹൈക്കോടതി വെറുതെ വിട്ടു. വിചാരണക്കോടതി വിധിച്ചിരുന്ന വധശിക്ഷയും ജീവപര്യന്തം ശിക്ഷയും റദ്ദാക്കാൻ ഹൈക്കോടതി മൂന്നു പ്രധാന കാരണങ്ങളാണ് ചൂണ്ടിക്കാട്ടിയത്: (1) തെളിവില്ല; (2) സാക്ഷികളെ വിശ്വസിക്കാനാവില്ല; (3) കുറ്റസമ്മതം പൊലീസ് മർദിച്ച് വാങ്ങിയെടുത്തതാണ്. ഹൈക്കോടതിയുടെ കണ്ടെത്തലനുസരിച്ച്, പൊലീസ് ഒരു കള്ളക്കഥ ഉണ്ടാക്കുകയും കുറെ പാവങ്ങളെ പിടിച്ച് കുറ്റം സമ്മതിപ്പിക്കുകയുമാണ് ചെയ്തത്. എങ്കിൽ, കുറ്റം ചെയ്തതാര്?
ബി.ജെ.പി അധികാരത്തിലെത്തുന്നതിനു മുമ്പുള്ള കുറെ വർഷങ്ങൾ ഭീകരാക്രമണ പരമ്പരകളുടേതായിരുന്നു. 2014നു ശേഷം അത് പെട്ടെന്ന് നിലച്ച കൗതുകം ചൂണ്ടിക്കാട്ടുന്നവർ, ഭീകരാക്രമണങ്ങളുടെ ഗുണഭോക്താക്കളാര് എന്ന് അതിൽനിന്ന് ഊഹിക്കുന്നുണ്ട്. വിധേയ മാധ്യമങ്ങൾ ഭീകര സ്‌ഫോടനങ്ങളിലെ നിഗൂഢതകൾ അന്വേഷിക്കാനൊന്നും മിനക്കെടാറില്ല. പക്ഷെ ആ ധർമം നിർ വഹിക്കുന്നവരുണ്ട്. ജോസി ജോസഫ് അക്കൂട്ടത്തിൽ ഒരാളാണ്. The Silent Coup (2021) എന്ന പുസ്തകത്തിൽ അദ്ദേഹം യുക്തിഭദ്രവും പ്രസക്തവുമായ നിരീക്ഷണങ്ങളും നിഗമനങ്ങളും അവതരിപ്പിക്കുന്നുണ്ട്; മാധ്യമങ്ങൾ വഹിച്ച പങ്കും പരാമർശിക്കുന്നുണ്ട്.
ഹിറ്റ്ലറുടെ പുസ്തകത്തിന് നൂറ്റാണ്ട് തികയുമ്പോൾ
അഡോൾഫ് ഹിറ്റ്ലർ തന്‍റെ ആത്മകഥയും രാഷ്ട്രീയ തത്വസംഹിതയുമെന്ന നിലക്ക് എഴുതിയതാണ് മൈൻ കംഫ് (എന്‍റെ സമരം). കൃത്യം നൂറു വർഷം മുമ്പ്, 1925ലാണ് അതിന്‍റെ ഒന്നാം ഭാഗം പ്രസിദ്ധീകരിച്ചത്. രണ്ടാം ഭാഗം അടുത്ത വർഷവും. തന്‍റെ നാസി പ്രത്യയശാസ്ത്രത്തെപ്പറ്റിയാണ് ആദ്യ ഭാഗം. അതിന്‍റെ രാഷ്ട്രീയപ്രയോഗമാണ് രണ്ടാം ഭാഗത്തിന്‍റെ പ്രതിപാദ്യം. ഹിറ്റ്ലറുടെ, വംശഹത്യയോളം വളർന്ന വംശീയതക്ക് പിന്തുണയുമായി പ്രത്യേക പ്രചാരണ വിഭാഗവും (പ്രോപഗണ്ട മന്ത്രി യോസേഫ് ഗേബൽസ്) വിധേയ പത്രങ്ങളും റേഡിയോയും ഉണ്ടായിരുന്നു. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ വംശീയ ഭരണ സംവിധാനങ്ങൾ ഹിറ്റ്ലറിൽ നിന്നും ഹിറ്റ്ലറുടെ പുസ്തകത്തിൽ നിന്നും ധാരാളം പഠിച്ചിട്ടുണ്ട്.സ്വയം നശിക്കുകയും രാജ്യത്തെ നശിപ്പിക്കുകയും ചെയ്ത ഹിറ്റ്ലറും അദ്ദേഹത്തിന്‍റെ ആത്മകഥയും തീർച്ചയായും പാഠം തന്നെയാണ്. രാജ്യനന്മക്ക് എന്ത് പാടില്ല എന്ന പാഠം.