ഇരുണ്ടകാലത്തെ കുറിച്ചുള്ള പാട്ടുകള്‍

ഒന്നിനോടും പ്രതികരിക്കാതെ നിസ്സംഗരായ കാണികളായി ഇരിക്കുക എന്നത് തതുല്ല്യമായ കുറ്റകൃത്യമായി ചരിത്രം രേഖപ്പെടുത്തുമെന്നത് നാം മറന്നുകൂടാ.

Update: 2023-03-08 14:18 GMT

രാജ്യത്തെ ജനാധിപത്യ ഭരണകൂടം തന്നെ ജനാധിപത്യത്തിന്റെ അര്‍ഥവും വ്യാപ്തിയും നശിപ്പിച്ചുകൊണ്ടിരിക്കുന്ന വിധി വൈപര്യത്വത്തിന് സാക്ഷ്യം വഹിക്കുന്ന ഒരു ജനതയാണ് നാം. മനുഷ്യാവകാശ പ്രവര്‍ത്തകര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ തങ്ങള്‍ എന്തിനാണ് ജയിലില്‍ കിടക്കുന്നതെന്നറിയാത്ത അവസ്ഥാ വിശേഷം ഇവിടെ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഇരുപത് വര്‍ഷം മുന്‍പ് നടത്തിയ വംശഹത്യയെക്കുറിച്ച് പുറത്തിറങ്ങിയ വിദേശ ഡോക്യുമെന്ററി നിരോധിച്ചുകൊണ്ട് ഈ രാജ്യത്തിലെ പ്രധാനമന്ത്രി ലോകചരിത്രത്തിലെ ഏറ്റവും വലിയ ഫാസിസ്റ്റിന്റെ കസേരക്കായി മത്സരിച്ചുകൊണ്ടിരിക്കുന്നു. മാധ്യമങ്ങള്‍ പ്രചരണത്തിന് വേണ്ടിയാണ് നിലകൊള്ളേണ്ടതെന്ന് ചിന്തിക്കുന്ന ഇദ്ദേഹത്തിനെ ഏകദേശം ഒരു നൂറ്റാണ്ട് മുന്‍പ്തന്നെ 'Propaganda has nothing to do with truth' എന്ന് ജര്‍മനിയില്‍ ജോസഫ് ഗീബല്‍സ് വിശേഷിപ്പിച്ചിട്ടുണ്ട്.

ഒന്നിനോടും പ്രതികരിക്കാതെ നിസ്സംഗരായ കാണികളായി ഇരിക്കുക എന്നത് തതുല്ല്യമായ കുറ്റകൃത്യമായി ചരിത്രം രേഖപ്പെടുത്തുമെന്നത് നാം മറന്നുകൂടാ. 2002 ല്‍ അഹമ്മദാബാദില്‍ നടത്തിയ വംശഹത്യയെക്കുറിച്ച് ആ ദിവസങ്ങളില്‍ തന്നെ ചിത്രീകരിച്ച, യാഥാര്‍ഥ്യങ്ങള്‍ കൊണ്ട് പൊള്ളുന്ന 'The Final Solution' എന്ന രാകേഷ് ശര്‍മയുടെ ഡോക്യമെന്ററി എന്തുകൊണ്ട് ഇന്ത്യന്‍ ജനത ഗൗരവമായി വിലയിരുത്തിയില്ലെന്ന് നമ്മള്‍ സ്വയം ചോദിക്കേണ്ടതുണ്ട്.

ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിന് ഒരു വര്‍ഷം മുന്‍പ് അതേക്കുറിച്ച് ആനന്ദ് പട്‌വര്‍ധന്‍ എടുത്ത പ്രവചനാത്മകമായ ഡോക്യുമെന്ററിയായ രാം കെ നാം എന്ന സിനിമയുടെ അവസ്ഥയും വ്യത്യസ്തമല്ല.


വര്‍ത്തമാനകാലത്ത് ജനാധിപത്യത്തെക്കുറിച്ചുള്ള ചിന്തകള്‍ പങ്കിടുന്ന ഈ ചലച്ചിത്ര മേളയുടെ പ്രസക്തി ഏറെയാണ്. യാഥാര്‍ഥ്യബോധവും നീതിബോധവുമുള്ള ഓരോ പ്രതികരണവും-ഒരു മൂളല്‍ പോലും പ്രധാനമാണ്. 'ഇരുണ്ടകാലത്ത് ഉണ്ടാകുന്ന ഇരുണ്ട കാലത്തെക്കുറിച്ചുള്ള പാട്ടുകളാ'ണ് ഈ ഫെസ്റ്റിവല്‍ അവതരിപ്പിക്കുന്നത്. അതില്‍ അണിചേരുക എന്നത് ജനാധിപത്യബോധമുള്ള ഓരോ ആളുകളുടെയും രാഷ്ട്രീയ ദൗത്യമാണ്.

Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - മധു ജനാര്‍ധനന്‍

Writer

Similar News