ജെല്ലിക്കെട്ട്: മനുഷ്യനും മൃഗവും തമ്മിലുള്ള ശക്തി പോരാട്ടം

ജെല്ലി എന്നാല്‍ നാണയമെന്നും കെട്ട് എന്നാല്‍ കിഴി എന്നുമാണ് അര്‍ഥമാക്കുന്നത്. നാണയ കിഴിക്കെട്ട് കാളയുടെ കൊമ്പില്‍ കെട്ടി, അത് കാളയുടെ മുതുകില്‍ തൂങ്ങിപിടിച്ച് സ്വന്തമാക്കാന്‍ വെമ്പുന്ന തമിഴ് വീരന്മാരും കാളകളും തമ്മിലുള്ള ഏറ്റുമുട്ടലാണ് ജെല്ലിക്കെട്ട്.

Update: 2023-05-20 04:31 GMT

തമിഴ്നാട്ടിലെ ജെല്ലിക്കെട്ടിനും മഹാരാഷ്ട്ര, കര്‍ണാടക സംസ്ഥാനങ്ങളിലെ കാളയോട്ട മത്സരങ്ങള്‍ക്കും അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജി സുപ്രിംകോടതിയുടെ ഭരണഘടനാ ബെഞ്ച് തള്ളിയത് കഴിഞ്ഞ ദിവസമാണ്. ഒന്നര പതിറ്റാണ്ടിലേറെയായി നടന്ന നിയമ പോരാട്ടത്തിനാണ് ഇതോടെ വിരാമമായിരിക്കുന്നത്. ജെല്ലിക്കെട്ട് മൃഗങ്ങളോടുള്ള ക്രൂരതയല്ലെന്നും സാംസ്‌കാരികമായ അവകാശമാണെന്നുമായിരുന്നു തമിഴ്നാട് സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ വാദിച്ചത്.

പുരാതനകാലം മുതല്‍ക്കേ തമിഴ്‌നാട്ടിലെ കാര്‍ഷിക ഗ്രാമങ്ങളിലെ ഏറ്റവും പ്രാധാന്യമേറിയ കായിക വിനോദമാണ് ജെല്ലിക്കെട്ട്. കാളകളും മനുഷ്യരും തമ്മിലുള്ള ഏറ്റുമുട്ടല്‍ മത്സരമാണിത്. തടിച്ച് കൊഴുത്ത ശൗര്യമേറിയ വലിയ കാളകള്‍ തീവ്ര കോപിയായി പാഞ്ഞു വരുമ്പോള്‍ അവയുടെ മുതുകില്‍ പിടിച്ചു തൂങ്ങി അവയെ കൈകരുത്ത് കൊണ്ട് തോല്‍പ്പിച്ച് മുട്ടുകുത്തിച്ച് കാണികള്‍ക്ക് മുന്നില്‍ കരുത്ത് തെളിയിക്കുന്നതാണ് ജെല്ലിക്കെട്ട്. മനുഷ്യനും മൃഗവും തമ്മിലുള്ള ഏറ്റുമുട്ടലിനപ്പുറം തമിഴ്ഗ്രാമീണ സംസ്‌കാരത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഒരു സാംസ്‌കാരിക വിനോദമാണ് ഈ കായികാഭ്യാസം. ജെല്ലി എന്നാല്‍ നാണയമെന്നും കെട്ട് എന്നാല്‍ കിഴി എന്നുമാണ് അര്‍ഥമാക്കുന്നത്. നാണയ കിഴിക്കെട്ട് കാളയുടെ കൊമ്പില്‍ കെട്ടി, അത് കാളയുടെ മുതുകില്‍ തൂങ്ങിപിടിച്ച് സ്വന്തമാക്കാന്‍ വെമ്പുന്ന തമിഴ് വീരന്മാരും കാളകളും തമ്മിലുള്ള ഏറ്റുമുട്ടലാണ് ഈ കായികം. മനുഷ്യനും കാളയും ഈ പോരാട്ടത്തില്‍ കരുത്ത് തെളിയിക്കുകയും വിജയം സ്വന്തമാക്കുകയും ചെയ്യും. അതിലുണ്ടാകുന്ന ചോരചിന്തലുകള്‍ കളിയുടെ സ്വാഭാവിക ഭാവം തന്നെയാണ്. എന്നാല്‍, ഒരിക്കലും അത് ഏതെങ്കിലും ഒരു വിഭാഗത്തിന്റെ അന്ത്യത്തിലല്ല വിജയം കാണുന്നത്. കാളകളെ ആദരിച്ച് ആനയിച്ചു കൊണ്ടുള്ള സംസ്‌കാരത്തില്‍ നിലകൊണ്ടു തന്നെ വ്രതാനുഷ്ടാനങ്ങളോടെ തന്നെയാണ് തമിഴ് വീരന്മാര്‍ ഈ പോരാട്ടത്തില്‍ പങ്കാളികളാകുന്നത്.


തലമുറകളായി തമിഴ് ജനതയുടെ സിരകളില്‍ ആവേശം പകരുന്ന ജെല്ലിക്കെട്ട് പുനഃസ്ഥാപിക്കാനായി ബന്ദും ഹര്‍ത്താലും ഉള്‍പ്പെടെ വലിയ പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളുമാണ് അരങ്ങേറിയത്. മനുഷ്യനും മൃഗത്തിനും ഒരുപോലെ മുറിവേല്‍ക്കുന്ന ഈ സാംസ്‌കാരിക നാട്ടുത്സവം നിയമ വേലിക്കെട്ടു കൊണ്ട് പിടിച്ചുവെച്ചത് 2006 ലാണ്. മൃഗങ്ങളെ പീഡിപ്പിക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ മദ്രാസ് ഹൈകോടതിയാണ് ജെല്ലിക്കെട്ട് നിരോധിച്ചത്. 2009ല്‍ ഈ നിരോധനം മറികടക്കാന്‍ കരുണാനിധി സര്‍ക്കാര്‍ ജെല്ലിക്കെട്ട് നിയന്ത്രണ ചട്ടങ്ങള്‍ സഭയില്‍ അവതരിപ്പിച്ചു. 2010 ല്‍ മനുഷ്യനും മൃഗങ്ങള്‍ക്കും മുറിവേല്‍ക്കാത്ത രീതിയില്‍ ജെല്ലിക്കെട്ട് നിയന്ത്രണങ്ങളോടെ തുടരാന്‍ സുപ്രിം കോടതി അനുവാദം നല്‍കി. എന്നാല്‍, 2011ല്‍ പരിശീലനവും പ്രദര്‍ശനവും നിരോധിച്ചുകൊണ്ടുള്ള മൃഗങ്ങളുടെ പട്ടികയില്‍ കാളകളെയും ഉള്‍പെടുത്താന്‍ കേന്ദ്രത്തിന്റെ നീക്കം ഉണ്ടാവുകയും കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട് ഒരു വിജ്ഞാപനം ഇറക്കുകയും ചെയ്തു. ഇതിനു ശേഷം മൃഗ സംരക്ഷണ ബോര്‍ഡ് ജെല്ലിക്കെട്ട് നിരോധിക്കണം എന്ന ആവശ്യവുമായി കോടതിയെ സമീപിക്കുകയും 2014ല്‍ സുപ്രീം കോടതി ജെല്ലിക്കെട്ട് നിരോധിക്കുകയും ചെയ്തു.

ഇതു സംബന്ധിച്ച് കേന്ദ്രവും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടമാണ് പിന്നീടുണ്ടാവുന്നത്. 2017ല്‍ ജെല്ലിക്കെട്ട് നിയമ വിധേയമാക്കി തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവിറക്കുകയും ചെയ്തു. മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ തമിഴ്‌നാട് ഭേദഗതി നിയമം അടിസ്ഥാനമാക്കി ഭരണഘടനയുടെ അനുച്ഛേദം 29(1)ല്‍ ഉള്‍പ്പെടുത്തി ഇതിനെ ഭേദഗതി ചെയ്തു. 2018 ല്‍ ജെല്ലിക്കെട്ട് നിരോധനം മാറ്റിയത് ചോദ്യം ചെയ്തുകൊണ്ട് പെറ്റ (പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് ആനിമല്‍സ്) എന്ന മൃഗസംരക്ഷണ സംഘടന സുപ്രീം കോടതിയെ സമീപിച്ചു. സുപ്രിം കോടതി കേസ് ഭരണഘടനാ ബെഞ്ചിന് വിടുകയും വര്‍ഷങ്ങള്‍ തുടര്‍ന്ന നിയമ പോരാട്ടത്തിന് ശേഷം അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഇപ്പോള്‍ ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിുകയും ചെയ്തിരിക്കുന്നു. ഇതോടെ ജെല്ലിക്കെട്ടിന് അനുമതി നല്‍കുന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ നിയമത്തിന് അംഗീകാരം ലഭിച്ചിരിക്കുകയാണ്. സുപ്രിം കോടതി വിധിയോടെ മഹാരാഷ്ട്ര, കര്‍ണാടക സംസ്ഥാനങ്ങളില്‍ നടക്കുന്ന കാളയോട്ട മത്സരങ്ങള്‍ക്കും നിയമ സാധുത ലഭിച്ചു.


ജെല്ലിക്കെട്ട് തമിഴ് സംസ്‌കാരത്തിന്റെ അഭിവാജ്യഘടകമാണെന്നും നൂറ്റാണ്ടായുള്ള ആചാരത്തില്‍ ഇടപെടുന്നില്ലെന്നും പറഞ്ഞുകൊണ്ട് ജസ്റ്റിസ് കെ.എം ജോസഫിന്റെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത്. അതേസമയം, നിയമത്തില്‍ അനുശാസിക്കുന്ന എല്ലാ മുന്‍കരുതലുകളും സ്വീകരിച്ച് മാത്രമേ ജെല്ലിക്കെട്ട് നടത്താവൂ എന്നും ഇക്കാര്യം ജില്ലാ മജിസ്ട്രേറ്റുമാര്‍ ഉറപ്പുവരുത്തണമെന്നും സുപ്രീംകോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. വര്‍ഷങ്ങള്‍ നീണ്ട നിയമ രാഷ്ട്രീയ പോരാട്ടങ്ങള്‍ക്കൊടുവില്‍ തമിഴ്‌നാട് സര്‍ക്കാരും ജനങ്ങളും നേടിയെടുത്തതാണ് ജെല്ലിക്കെട്ട് അനുവദനീയമാക്കിക്കൊണ്ടുള്ള ഈ വിധി.


വിധി നേട്ടം വിരല്‍ ചൂണ്ടുന്നത് അത് നേടിയെടുക്കാന്‍ തമിഴ് ജനത കടന്നുപോയ പോരാട്ട വഴികളിലേക്കുമാണ്. കേവലം വോട്ട് തട്ടിയെടുക്കാനുള്ള ഏറ്റവും എളുപ്പമേറിയ ഉപാധിയായി ജെല്ലിക്കെട്ട് ഇടപെടല്‍ മാറിയെങ്കിലും കൊടിയുടെ നിറം മറന്നുള്ള ഐക്യത്തിലൂടെ ഒത്തുചേര്‍ന്ന പോരാട്ട ചരിത്രമാണ് ഓരോ തമിഴ് മക്കള്‍ക്കും ഈ നേട്ടത്തില്‍ പങ്കുവെക്കാനാവുക.

Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ഷെല്‍ഫ് ഡെസ്‌ക്

MeidaOne Shelf

Similar News