തൃശൂര്‍പൂരം: ഐതിഹ്യം, ചരിത്രം, കാഴ്ച

മുഖ്യ പങ്കാളികളായ പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങള്‍ക്ക് പുറമെ എട്ട് ഘടകപൂരങ്ങള്‍ കൂടി അടങ്ങിയതാണ് തൃശൂര്‍പൂരം. ചെറുപൂരങ്ങള്‍ എന്നറിയപ്പെടുന്ന അവ വിവിധ സമയത്തായി അതത് ദേശങ്ങളില്‍ നിന്ന് പുറപ്പെട്ട് വടക്കുന്നാഥ ക്ഷേത്രത്തിന്റെ ശ്രീമൂലസ്ഥാനത്ത് സമാപിക്കും. ഇവയില്‍ കണിമംഗലം പൂരമാണ് ആദ്യം എത്തുക. രാവിലെ എട്ടോടെ കണിമംഗലം പൂരം സമാപിക്കും. തൃശൂര്‍പൂരത്തിന്റെ ഐതിഹ്യവും ചരിത്രവും ചിട്ടവട്ടങ്ങളും.

Update: 2024-04-29 14:22 GMT

വിശ്വാസാചാരങ്ങള്‍ക്കും വര്‍ണ്ണ, താള, സംഗീത ലയങ്ങള്‍ക്കും കാഴ്ച്ചയുടെ അതിരുകളില്ലാത്ത വിഹായസിനും അപ്പുറത്ത് പ്രകൃതിയെയും മനുഷ്യനെയും സമന്വയിപ്പിക്കുന്നതാണ് തൃശൂര്‍പൂരം. വിശാല സൗഹാര്‍ദത്തിന്റെ എല്ലാ വാതായനങ്ങളും മലര്‍ക്കെ തുറന്നിട്ട് സാഹോദര്യത്തിന്റെ വിളംബരം കൂടിയുണ്ട് അതില്‍. ആഗോളപ്രശസ്തിയുടെ വെള്ളിവെളിച്ചത്തില്‍ പൂരം വെട്ടിത്തിളങ്ങുമ്പോഴും അതിന്റെ നിഴല്‍പോലും പറ്റാത്ത നിരവധി മനുഷ്യരുടെ അധ്വാനത്തിന്റെ കഥകളും പൂരത്തിന് പറയാനുണ്ട്. കഥകള്‍ക്കും ഐതീഹ്യങ്ങള്‍ക്കും അതീതമായി തൃശൂര്‍ പൂരത്തെ വലയംചെയ്ത് നില്‍ക്കുന്ന വലിയ യാഥാര്‍ഥ്യമുണ്ട്. ആര്‍ക്കും തകര്‍ക്കാനാവാത്ത ഐക്യമാണ് അത്.

Advertising
Advertising

ഐതിഹ്യം

തിരുവമ്പാടി, പാറമേക്കാവ് ദേവിമാര്‍ സഹോദരികളാണ് എന്നാണ് വിശ്വാസം. മേടമാസത്തിലെ പൂരം നാളില്‍ (പൂരം നക്ഷത്രം) ഇവര്‍ തട്ടകങ്ങളില്‍ നിന്ന് പുറപ്പെട്ട് വടക്കുന്നാഥന്റെ സന്നിധിയില്‍ കണ്ടുമുട്ടുന്നു. വടക്കുന്നാഥന്‍ ഇതിന് നിശബ്ദ സാക്ഷിയാവുന്നു. പിറ്റേന്ന് പകല്‍പ്പൂരത്തിനുശേഷം അടുത്തകൊല്ലം കാണാമെന്ന ധാരണയില്‍ ഇരുവരും ഉപചാരം ചൊല്ലി പിരിയുന്നു. ഈ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് പൂരച്ചടങ്ങുകള്‍.

ചരിത്രം

രണ്ട് നൂറ്റാണ്ട് പഴക്കമുള്ള തൃശൂര്‍ പൂരം ശക്തന്‍ തമ്പുരാനാണ് തുടങ്ങിയത്. തൃശൂര്‍ നഗരത്തില്‍ നിന്ന് ഏതാണ്ട് 12 കി.മീ. ദൂരമുള്ള ആറാട്ടുപുഴയില്‍ നടക്കുന്ന ദേവ മേളയിലായിരുന്നു തൃശൂര്‍ ദേശക്കാരും പങ്കെടുത്തിരുന്നത്. തൃശൂര്‍പൂരം തുടങ്ങുന്നതിന്റെ തൊട്ടുതലേവര്‍ഷം തൃശൂര്‍കാര്‍ പുറപ്പെട്ട് അധികമാവുംമുമ്പ് മഴ പെയ്തു. ആനപ്പുറത്ത് എഴുന്നള്ളിക്കുന്ന കോലം നനയാതിരിക്കാന്‍ തൃശൂര്‍ക്കാര്‍ ഒരു ചായ്പില്‍ കയറി നിന്നു.

പിന്നീടാണ് അത് കരുവാന്റെ ആലയാണെന്ന് മനസിലായത്. ഇത് അറിഞ്ഞ ആറാട്ടുപുഴക്കാര്‍ അയിത്തം കല്‍പ്പിച്ച് തൃശൂര്‍ക്കാരെ ദേവമേളയില്‍ പങ്കെടുപ്പിച്ചില്ല. അതോടെ മേലില്‍ ആറാട്ടുപുഴയിലേക്ക് തൃശൂര്‍കാര്‍ പോകേണ്ടെന്ന് ശക്തന്‍ കല്‍പിച്ചു. തൊട്ടടുത്ത വര്‍ഷം മുതല്‍ തൃശൂര്‍പൂരത്തിന് തുടക്കം കുറിച്ചു. തൃശൂര്‍പൂരത്തിന്റെ ചരിത്രമായി കേട്ടതും പറഞ്ഞതും എഴുതിയതും ഇതാണ്.



തൃശൂര്‍പൂരം

 മുഖ്യ പങ്കാളികളായ പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങള്‍ക്ക് പുറമെ എട്ട് ഘടകപൂരങ്ങള്‍ കൂടി അടങ്ങിയതാണ് തൃശൂര്‍പൂരം. ചെറുപൂരങ്ങള്‍ എന്നറിയപ്പെടുന്ന അവ വിവിധ സമയത്തായി അതത് ദേശങ്ങളില്‍ നിന്ന് പുറപ്പെട്ട് വടക്കുന്നാഥ ക്ഷേത്രത്തിന്റെ ശ്രീമൂലസ്ഥാനത്ത് സമാപിക്കും. ഇവയില്‍ കണിമംഗലം പൂരമാണ് ആദ്യം എത്തുക. രാവിലെ എട്ടോടെ കണിമംഗലം പൂരം സമാപിക്കും.

വിരസതയില്ലാത്ത കാഴ്ച്ച

കണ്ടതും കേട്ടതും ആവര്‍ത്തിക്കുന്നത് വിരസതയുണ്ടാക്കുന്നതാണ്. എന്നാല്‍, തൃശൂര്‍പൂരത്തിന് ആവര്‍ത്തന വിരസത ഉണ്ടാകുന്നില്ല. ആബാലവൃദ്ധത്തിന് എപ്പോഴും കൗതുകമായ ആനകളും, അതിന്റെ നിറപ്പകിട്ടാര്‍ന്ന ചമയങ്ങളും പട്ടു കുടകളും പുരുഷാരത്തെ ത്രസിപ്പിക്കുന്ന താള, മേള, സംഗീത ലയങ്ങളുമാണ് കാരണം.

രണ്ടാം ദിവസത്തെ പകല്‍പ്പൂരം സമാപിക്കും വരെ പൂരപ്രേമികള ഉന്മാദികളാക്കുന്ന ആസ്വാദ്യത അതിനുണ്ട്. പൂരപ്രേമിയെ രസച്ചരടില്‍ കോര്‍ക്കുന്നതാണ് തിരുവമ്പാടിയുടെ മഠത്തിലേക്കുള്ള വരവിന് അകമ്പടിയാവുന്ന നടപ്പാണ്ടി. പിറ്റേന്ന് പകല്‍പൂരത്തിനു ശേഷമുള്ള ഉപചാരം ചൊല്ലി പിരിയല്‍ മറ്റൊരു ആവേശക്കാഴ്ചയാണെങ്കിലും ഗൃഹാതുരത്വം ഉളവാക്കുന്നതുമാണ്.

പൂരവഴികളിലൂടെ

മഠത്തിലേക്കുള്ള വരവ്

രാവിലെ ഏഴോടെ മൂന്ന് ആനകളുമായി തിരുവമ്പാടി വിഭാഗത്തിന്റേതാണ് മഠത്തിലേക്കുള്ള വരവ്. തൃശൂര്‍ ബ്രഹ്മസ്വം മഠത്തിലേക്കാണ് വരുന്നത്. പൂരത്തിന്റെ തുടക്കക്കാലത്ത് ചമയങ്ങള്‍ നല്‍കിയിരുന്നത് ബ്രഹ്മസ്വം മഠത്തില്‍ നിന്നായിരുന്നത്രെ. അതിന്റെ സ്മരണയിലാണീ ചടങ്ങ്.

മനോഹരമായ കാഴ്ചയാണിത്. അകമ്പടിയാവുന്ന നടപ്പാണ്ടിയുടെ താളം ആസ്വാദകനെ ഹരംകൊള്ളിക്കുന്നതുമാണ്. നടന്ന് കൊട്ടി പോകുന്നതു കൊണ്ടാണ് നടപ്പാണ്ടിയെന്ന് വിളിക്കുന്നത്. ഇടന്തലയിലെ (ഉരുട്ടു ചെണ്ട) കോല്‍ പെരുക്കത്തിനൊപ്പം വലന്തലക്കാരുടെ (വീക്കം ചെണ്ട) താളവും ചേരുമ്പോള്‍ ഇതിന് ആസ്വാദ്യത ഏറുന്നു.

മഠത്തില്‍ നിന്നുള്ള വരവ്

തൃശൂര്‍പൂരത്തിന്റെ പ്രശസ്തമായ ചടങ്ങുകളിലൊന്ന് മഠത്തില്‍ വരവ്. പഞ്ചവാദ്യമാണ് അകമ്പടി. തിമില, മദ്ദളം, ഇടയ്ക്ക, കൊമ്പ്, ഇലത്താളം - ഈ അഞ്ച് വാദ്യോപകരണങ്ങളാണ് പഞ്ചവാദ്യത്തില്‍ ഉപയോഗിക്കുക. രാവിലെ 11 ഓടെ കോങ്ങാട് മധുവിന്റെ പ്രാമാണ്യത്തില്‍ (നേതൃത്വത്തില്‍) ശ്രുതിമധുരമാണ് പഞ്ചവാദ്യം. മൂന്ന് കൂട്ടികൊട്ടിന് ശേഷം (എല്ലാ വാദ്യങ്ങളും ഒന്നിച്ച് കൊട്ടുന്നത്) പഴയനടക്കാവില്‍ നിന്ന് നായ്ക്കനാലിലേക്ക് പുറപ്പെടും. മൂന്ന് ആനകള്‍. സ്വരാജ് റൗണ്ടില്‍ എത്തിയാല്‍ ആനകളുടെ എണ്ണം ഒമ്പത് ആകും. നായ്ക്കനാല്‍ പന്തലില്‍ പഞ്ചവാദ്യം കലാശിച്ചാല്‍ മേളം തുടങ്ങുകയായി. ആനകളുടെ എണ്ണം 15 ആകും.

പാറമേക്കാവിന്റെ പുറപ്പാട്

ഇലഞ്ഞിത്തറയിലേക്കുള്ള പാറമേക്കാവിന്റെ വരവിന് തുടക്കം കുറിച്ച് ഉച്ച 12.15 ഓടെ കിഴക്കൂട്ട് അനിയന്‍ മാരാരും സംഘവും ചെമ്പടക്ക് ആദ്യ കോല്‍ വീഴ്ത്തും. തുടര്‍ന്ന് പാണ്ടിയുടെ കൊലുമ്പി തുടങ്ങല്‍ (മുന്നില്‍ നില്‍ക്കുന്ന ചെണ്ടക്കാര്‍ ഇടന്തലയില്‍ കോല്‍പ്പെരുക്കി തുടങ്ങുന്നത്). ശേഷം ഇലഞ്ഞിച്ചോട്ടിലേക്ക് മേളം നീങ്ങും

ഇലഞ്ഞിത്തറ മേളം

200ഓളം കലാകാരന്മാര്‍ പങ്കെടുക്കുന്ന മേള സിംഫണി. പതികാലത്തില്‍ നിന്ന് (വിളംബിത കാലം) തുടക്കം. വളരെ ഇഴഞ്ഞ ഘടനയാവും ഈ ഘട്ടത്തില്‍ മേളത്തിന്. കുറുങ്കുഴല്‍ സംഗീതം ഉയര്‍ന്ന് നില്‍ക്കുന്ന കാലം. കിഴക്കൂട്ടിന്റെ 'മാന്ത്രികക്കോല്‍' പ്രകടനം. 


ഇലഞ്ഞിത്തറ മേളം

മേളാസ്വദകരെ ഉന്മത്തരാക്കുന്ന രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള താള, സംഗീത വിരുന്നാണ് ഇലഞ്ഞിച്ചോട്ടിലുണ്ടാവുക. മേളത്തിന്റെ വിവിധ ഘട്ടങ്ങള്‍ കാലങ്ങള്‍ എന്ന് അറിയപ്പെടുന്നു. അസുര വാദ്യമായ തോല്‍ച്ചെണ്ടയില്‍ രൗദ്രതാളമാണ്. കാലങ്ങള്‍ കൊട്ടിക്കയറി മേള ഗോപുരം തീര്‍ക്കുകയാണ് കലാകാരന്മാര്‍ ചെയ്യുക. ആസ്വാദകര്‍ വിരലില്‍ എണ്ണം പിടിച്ച് അതിന്റെ രസച്ചരടില്‍ ലയിച്ച് ഇളകിയാടും. നാലരയോടെ മേളം തീരുകലാശത്തിലേക്ക്.

ശ്രീമൂലസ്ഥാനത്തെ മേള വിസ്മയം

മഠത്തില്‍ നിന്നുള്ള വരവ് നായ്ക്കനാല്‍ പന്തലില്‍ എത്തുന്നതോടെ പഞ്ചവാദ്യത്തിന് സമാപ്തി കുറിച്ച് തിരുവമ്പാടിയുടെ പാണ്ടിമേളത്തിത്തിന് തുടക്കമാവും. തെക്കോട്ട് ഇറക്കത്തിനുള്ള പുറപ്പാട്. ചേരാനെല്ലൂര്‍ ശങ്കരന്‍കുട്ടി മാരാരുടെ പ്രാമാണ്യം. എഴുന്നള്ളിപ്പ് ശ്രീമൂലസ്ഥാനത്ത് എത്തുന്നതോടെ മറ്റൊരു മേളസദ്യ.

തെക്കോട്ടിറക്കം

ജനലക്ഷങ്ങളെ ത്രസിപ്പിക്കുന്ന കാഴ്ച. പൂരത്തിന്റെ ദൃശ്യവിസ്മയങ്ങളില്‍ ആഗോള പ്രശസ്തി നേടിയ പ്രകടനം. ഇലഞ്ഞിത്തറമേളം കൊട്ടി കലാശിച്ചശേഷം ആദ്യം ഇറങ്ങുക പാറമേക്കാവ്. വൈകാതെ തിരുവമ്പാടിയും. ഇരു വിഭാഗവും മുഖാമുഖം നിരക്കുന്നതോടെ മത്സര കുടമാറ്റത്തിന് തുടക്കം. വര്‍ണ പട്ടുകുടകളും സ്‌പെഷല്‍ കുടകളും ഉയര്‍ത്തി തട്ടകക്കാര്‍ തങ്ങളുടെ പ്രാഗല്‍ഭ്യം തെളിയിക്കുന്ന സന്ദര്‍ഭം.

പൂരം പൂര്‍ണമാക്കുന്ന ചെറുപൂരങ്ങള്‍

എട്ട് തട്ടകങ്ങളില്‍ നിന്നുള്ള ഘടക പൂരങ്ങളാണ് തൃശൂര്‍ പൂരത്തെ പൂര്‍ണമാക്കുന്നത്. കണിമംഗലം, പനമുക്കുംപിളളി, ചെമ്പൂക്കാവ്, കാരമുക്ക്, ലാലൂര്‍, ചൂരക്കോട്ടുകാവ്, അയ്യന്തോള്‍, നെയ്തലക്കാവ് (കുറ്റൂര്‍) എന്നിവയാണിവ. ഇതില്‍ കണിമംഗലമാണ് ആദ്യം എത്തുക. രാത്രി ചെറുപൂരങ്ങളുടെ വരവ് ആവര്‍ത്തിക്കും.

പാറമേക്കാവിന്റെ പഞ്ചവാദ്യം

രാത്രിമാത്രമാണ് പാറമേക്കാവിന് പഞ്ചവാദ്യമുള്ളത്. ചോറ്റാനിക്കര നന്ദപ്പന്‍ മാരാരുടെ പ്രാമാണികത. പൂരത്തിന്റെ രാത്രിക്കാഴ്ചകളില്‍ പ്രധാനപ്പെട്ടതാണ് പാറമേക്കാവിന്റെ ഈ എഴുന്നള്ളിപ്പ്. തീവെട്ടികളുടെ (പന്തങ്ങള്‍ വെളിച്ചത്തില്‍ രാത്രി പൂരം മറ്റൊരു ദൃശ്യവിരുന്നാണ്.


പഞ്ചവാദ്യം

 ആകാശപ്പൂരം

ലോക മലയാളികളുടെ തന്നെ ഉത്ക്കണ്ഠയും കൗതുകവും ഉണര്‍ത്തുന്നതാണ് വെടിക്കെട്ട്. മാനത്തെ മാന്ത്രിക പൂരം. ഇത്തവണ പാറമേക്കാവാണ് ആദ്യം തീ കൊളുത്തുക. ആകാശച്ചെരുവില്‍ ഇക്കുറി സൗഹൃദ മത്സരമാണ്. കാരണം, ഇരുകൂട്ടര്‍ക്കും വെടിക്കെട്ട് ഒരുക്കുന്നത് ഒരാളാണ് - മുണ്ടത്തിക്കോട് സതീഷ്. 


പൂരം വെടിക്കെട്ട്

ഉപചാരം ചൊല്ലി പിരിയല്‍

പൂരത്തിന്റെ മറ്റൊരു ആവേശക്കാഴ്ച. പിറ്റേന്ന് പകല്‍പൂരത്തിന് ശേഷം നടക്കുന്ന ചടങ്ങ്. ഇനി ഒരു വര്‍ഷം കാത്തിരിക്കണം പൂരം കാണാന്‍ എന്ന മനസ് ഉണര്‍ത്തുന്നതാണ് ഈ ചടങ്ങ്. ഇതിനുശേഷം പകല്‍ വെടിക്കെട്ടുമുണ്ട്.



 


Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - സക്കീര്‍ ഹുസൈന്‍

Media Person

Similar News