ഹന്ന മീന: കടാപ്പുറത്ത് നിന്നൊരു കഥാകാരൻ...

ഹന്ന മീനയെ അറബ് സാഹിത്യ ലോകം ആദരവോടെ വിളിക്കുന്നത് ' രിവായി അൽ-ബഹ്ർ' (കടലിൻ്റെ കഥാകാരൻ) എന്നാണ്. സിറിയയിലെ ലാദിഖിയ തുറമുഖ പട്ടണത്തിലെ ദാരിദ്ര്യം നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നാണ് അദ്ദേഹത്തിൻ്റെ എഴുത്ത് രൂപപ്പെടുന്നത്.

Update: 2025-10-29 08:33 GMT

ഹന്ന മീന 

അറബി സാഹിത്യത്തിലെ യാഥാർത്ഥ്യബോധത്തിൻ്റെയും പ്രതിരോധത്തിൻ്റെയും ഏറ്റവും പ്രബലമായ ശബ്ദങ്ങളിൽ ഒന്നാണ് സിറിയൻ നോവലിസ്റ്റും ചെറുകഥാകൃത്തുമായ ഹന്ന മീന (Hanna Mina). 1924ൽ ക്രിസ്ത്യന്‍ കുടുംബത്തിൽ ജനിച്ച് 2018ൽ അന്തരിച്ച ഈ അതികായൻ, തൻ്റെ നീണ്ട എഴുത്തുജീവിതത്തിലൂടെ മുക്കുവ തൊഴിലാളികളുടെ ദുരിതങ്ങളെയും സ്വപ്നങ്ങളെയും വിപ്ലവത്തിനായുള്ള അവരുടെ അടങ്ങാത്ത ദാഹത്തെയും അക്ഷരങ്ങളിലേക്ക് പകർത്തി.

കേവലം സാഹിത്യകാരൻ എന്നതിലുപരി, സാമൂഹിക പരിവർത്തനത്തിന് വേണ്ടി തൂലിക ചലിപ്പിച്ച പോരാളിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിൻ്റെ ജീവിതാനുഭവങ്ങളുടെ തീക്ഷ്ണമായ സത്യസന്ധതയാണ് ഓരോ രചനകളെയും അറബ് വായനക്കാർക്ക് പ്രിയങ്കരമാക്കിയത്. അദ്ദേഹത്തിൻ്റെ വിഖ്യാത ചെറുകഥയായ ‘അല്ലദീ അബ്ത്വല അൽ-ഖുൻബുല’ അഥവാ ‘ബോംബ് നിർവീര്യമാക്കിയ മനുഷ്യൻ’, കേവലം ഒരു യുദ്ധാനുഭവത്തിൻ്റെ ആഖ്യാനമായി ഒതുങ്ങാതെ, പ്രദേശവാസിയായ ഒരു കടലിൻ്റെ പുത്രൻ്റെ ധീരത, ത്യാഗം, അധികാര വ്യവസ്ഥിതിയുടെ ക്രൂരമായ നിസ്സംഗത എന്നിവയെക്കുറിച്ചുള്ള ആഴമേറിയ രാഷ്ട്രീയ വിമർശനമായി ഇന്നും പ്രസക്തമായി നിലകൊള്ളുന്നു.

Advertising
Advertising

​ഹന്ന മീന: കഥയും കാലവും

ഹന്ന മീനയെ അറബ് സാഹിത്യ ലോകം ആദരവോടെ വിളിക്കുന്നത് ' രിവായി അൽ-ബഹ്ർ' (കടലിൻ്റെ കഥാകാരൻ) എന്നാണ്. സിറിയയിലെ ലാദിഖിയ തുറമുഖ പട്ടണത്തിലെ ദാരിദ്ര്യം നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നാണ് അദ്ദേഹത്തിൻ്റെ എഴുത്ത് രൂപപ്പെടുന്നത്.

പട്ടിണിയും ഇല്ലായ്മയും നിറഞ്ഞ ബാല്യകാലം അദ്ദേഹത്തിന് സമൂഹത്തിലെ അടിത്തട്ടിലുള്ള മനുഷ്യൻ്റെ വേദനകളെ അടുത്തറിയാൻ അവസരം നൽകി. ചെറുപ്പത്തിൽത്തന്നെ അദ്ദേഹം വിവിധ തൊഴിലുകളിൽ ഏർപ്പെട്ടു; കപ്പൽജോലിക്കാരൻ, ബാർബർ, പത്രപ്രവർത്തകൻ, രാഷ്ട്രീയ പ്രവർത്തകൻ എന്നിങ്ങനെ വ്യത്യസ്തമായ ജീവിതാനുഭവങ്ങൾ അദ്ദേഹത്തിൻ്റെ സാഹിത്യത്തിന് ശക്തമായ അടിത്തറ നൽകി. സ്വയം-നിർമ്മിത സാഹിത്യകാരനായും ജനകീയ കഥാകാരനായും അദ്ദേഹം വളർന്നു.

ഈ അനുഭവതീവ്രത അദ്ദേഹത്തിൻ്റെ ഓരോ വരികളിലും പ്രതിഫലിച്ചു. ​സാഹിത്യത്തെ കേവലം വിനോദോപാധിയായി കാണാതെ, സാമൂഹിക-രാഷ്ട്രീയ മാറ്റത്തിനുള്ള ശക്തമായ ആയുധമായിട്ടാണ് ഹന്ന മീന കണ്ടത്. സാമൂഹിക യാഥാർത്ഥ്യങ്ങളെ മുറുകെപ്പിടിച്ച അദ്ദേഹത്തിൻ്റെ രചനകളിൽ മാക്സിം ഗോർക്കിയുടെയും ചാർളി ചാപ്ലിൻ്റെയും സ്വാധീനം കാണാൻ സാധിക്കും.

അടിച്ചമർത്തപ്പെട്ടവരോടുള്ള അദ്ദേഹത്തിൻ്റെ ആഴമേറിയ പ്രതിബദ്ധത, സിറിയൻ നോവൽ സാഹിത്യത്തിന് പുതിയ ദിശാബോധം നൽകി. സാധാരണക്കാരായ മത്സ്യത്തൊഴിലാളികളുടെയും, പാവപ്പെട്ട കർഷകരുടെയും, തൊഴിലാളികളുടെയും ആത്മാഭിമാനത്തെയും അവരുടെ വർഗ്ഗബോധത്തെയും രാഷ്ട്രീയ അവബോധത്തെയും ചിത്രീകരിക്കുന്നതിൽ അദ്ദേഹം അതീവ ശ്രദ്ധാലുവായിരുന്നു.

പ്രധാന കൃതികൾ:

ഹന്ന മീനയുടെ കൃതികൾ സിറിയൻ സമൂഹത്തിൻ്റെ ജീവസ്സുറ്റ ചരിത്രരേഖകളാണ്. അദ്ദേഹത്തിൻ്റെ മാസ്റ്റർപീസുകളിലൊന്നായ ‘നീല വിളക്കുകൾ’ (മസാബീഹ് സുറഖ്) സിറിയൻ തീരദേശ ജനതയുടെ രണ്ടാം ലോകയുദ്ധകാലത്തെ ദുരിതങ്ങളും പ്രതിരോധവുമാണ് വരച്ചുകാട്ടുന്നത്. സിറിയൻ നോവൽ സാഹിത്യത്തിലെ വഴിത്തിരിവുകളിലൊന്നായി കണക്കാക്കപ്പെടുന്ന നോവലാണത്.

മറ്റൊരു പ്രധാന കൃതിയായ ‘പായ്മരവും കൊടുങ്കാറ്റും’ (അശ്ശിറാഉ വൽ ആസ്വിഫ) കടലിലെ മനുഷ്യൻ്റെ ദുരന്തങ്ങളെയും പോരാട്ടങ്ങളെയും ആഴത്തിൽ ചിത്രീകരിക്കുന്നു. കടൽ അദ്ദേഹത്തിന് കേവലം പശ്ചാത്തലമായിരുന്നില്ല, മറിച്ച്, മനുഷ്യൻ്റെ ആന്തരിക സംഘർഷങ്ങളുടെയും വിപ്ലവത്തിൻ്റെയും പ്രതീകമായിരുന്നു. പ്രകൃതിയുടെ ശക്തിയും മനുഷ്യൻ്റെ അതിജീവനതൃഷ്ണയും തമ്മിലുള്ള ബന്ധം ഹന്നയുടെ രചനകളിൽ പ്രധാന പ്രമേയമായി മാറുന്നു. ഇവയ്ക്കു പുറമെ, ' മഞ്ഞുപാളികൾ' (അഥൽജ്)

'അവസാനത്തെ നാവികൻ' (നിഹായതു റജുലിൻ ശുജാഇൻ)തുടങ്ങി നിരവധി കൃതികളിലൂടെ അദ്ദേഹം സിറിയൻ നോവലിന് അന്താരാഷ്ട്ര ശ്രദ്ധ നേടിക്കൊടുത്തു.

‘ബോംബ് നിർവീര്യമാക്കിയ മനുഷ്യൻ’:

ധീരതയുടെയും ത്യാഗത്തിന്റെയും പ്രമേയം ഉൾക്കൊള്ളുന്ന ഹന്ന മീനയുടെ ഈ കഥ ലോകത്തിലെ ഏറ്റവും ശക്തമായ രചനകളിലൊന്നാണ് 'ബോംബ് നിർവീര്യമാക്കിയ മനുഷ്യൻ'. 1973-ലെ ഒക്ടോബർ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിലാണ് എഴുതപ്പെട്ടതെങ്കിലും, അതിൻ്റെ പ്രമേയം എല്ലാ കാലത്തേക്കുമുള്ള സ്ഫോടനാത്മക 'ബോംബ്' രാഷ്ട്രീയപരമായ ചോദ്യങ്ങൾ ഉയർത്തുന്നു.

രാജ്യത്തിൻ്റെ നിലനിൽപ്പിനെ ഭീഷണിപ്പെടുത്തുന്ന വലിയൊരു ദുരന്തം തടയാൻ സ്വന്തം ജീവൻ പണയപ്പെടുത്തുന്ന ഒരു സാധാരണക്കാരനായാണ് കഥയിലെ നായകൻ മർവാൻ പ്രത്യക്ഷപ്പെടുന്നത്. ഔദ്യോഗിക പട്ടാളക്കാരൻ്റെ വീരകൃത്യങ്ങളെക്കാൾ, സന്ദർഭത്തിൻ്റെ അനിവാര്യതയിൽ ഉയിർത്തെഴുന്നേൽക്കുന്ന, ഇത്തരം നിസ്സഹായരായ സാധാരണ മനുഷ്യരുടെ മാനുഷികമായ ധീരതയെയാണ് ഈ കഥ മഹത്വവൽക്കരിക്കുന്നത്.

​കഥയിലെ 'ഖുൻബുല' അഥവാ 'ബോംബ്' എന്നത് കേവലം സൈനിക ഉപകരണം മാത്രമല്ല; അത് സാമൂഹിക ഘടനയെയും മനുഷ്യജീവിതത്തെയും ശിഥിലമാക്കാൻ ശേഷിയുള്ള, എവിടെയും പ്രത്യക്ഷപ്പെടാൻ സാധ്യതയുള്ള രാഷ്ട്രീയ പ്രതിസന്ധികളുടെയും, അധികാരത്തിൻ്റെ ഭീഷണികളുടെയും പ്രതീകമായി മാറുന്നു. ഭയത്തിൻ്റെയും കടമയുടെയും ഇടയിലെ ആന്തരിക സംഘർഷം കഥാപാത്രത്തിലൂടെ ഹന്ന മീന മനോഹരമായി ആവിഷ്‌കരിക്കുന്നു. ധീരതയെന്നാൽ ഭയമില്ലായ്മയല്ല, മറിച്ച് ഭയമുണ്ടായിട്ടും കടമ നിറവേറ്റാനുള്ള മനസ്സാന്നിധ്യമാണെന്ന് കഥാപാത്രം തെളിയിക്കുന്നു.

രാഷ്ട്രീയ വിമർശനവും വ്യവസ്ഥിതിയുടെ നിസ്സംഗതയും

കഥയുടെ കാതൽ ധീരതയാണെങ്കിൽ, അതിൻ്റെ ആത്മാവ് ശക്തമായ രാഷ്ട്രീയ വിമർശനമാണ്. വലിയ ദുരന്തം ഒഴിവാക്കിയ നായകനെ ഭരണകൂടം പിന്നീട് എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത് എന്നതിനെക്കുറിച്ചുള്ള നിസ്സംഗതയുടെ ചോദ്യങ്ങൾ ഈ കഥ ഉയർത്തുന്നു. വീരനായകൻ്റെ ത്യാഗം സമൂഹത്തിൻ്റെ രക്ഷയ്ക്ക് കാരണമായെങ്കിലും, അധികാര വ്യവസ്ഥിതി അയാളെ വിസ്മരിക്കുന്നു, അവഗണിക്കുന്നു. യഥാർത്ഥ പോരാളികൾക്ക് അധികാര കേന്ദ്രങ്ങളിൽ നിന്നും നേരിടേണ്ടിവരുന്ന വിസ്മൃതി, അടിച്ചമർത്തൽ എന്നിവയിലേക്കുള്ള മൂർച്ചയേറിയ വാക്കുകളുടെ സൂചന കഥയിൽ ഒളിപ്പിച്ചുവെച്ചിരിക്കുന്നു.

​ഇതൊരു വീരനായകന് അർഹമായ ആദരം ലഭിക്കാത്തതിലുള്ള മുറവിളിയല്ല, മറിച്ച്, രാഷ്ട്രീയപരമായ കാരണങ്ങളാൽ ഒരു ജനതയുടെ വീരചരിത്രങ്ങൾ പോലും എങ്ങനെ നിശ്ശബ്ദമാക്കപ്പെടുന്നു എന്നതിനെക്കുറിച്ചുള്ള കയ്പേറിയ വിമർശനമാണ്. ഭരണകൂടം തങ്ങളുടെ ഔദ്യോഗിക വീരഗാഥകളിൽ മാത്രം ശ്രദ്ധയൂന്നുമ്പോൾ, സമൂഹത്തിൻ്റെ അടിത്തട്ടിൽ നിന്ന് ഉയർന്നുവരുന്ന നിസ്വാർത്ഥമായ ധീരതയുടെ കഥകൾ ഇരുട്ടിൽ മറയുന്നു. ഈ നിശ്ശബ്ദമാക്കലാണ് കഥയെ കാലാതീതമാക്കുന്ന രാഷ്ട്രീയമാനം.

ആഖ്യാനശൈലിയുടെ പ്രത്യേകത

ഹന്ന മീനയുടെ എഴുത്തുശൈലി എപ്പോഴും ചടുലവും യാഥാർത്ഥ്യബോധം നിറഞ്ഞതുമാണ്. ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന അദ്ദേഹത്തിൻ്റെ ആഖ്യാനം വായനക്കാരനെ കഥയുടെ ഗതിയിലേക്ക് പൂർണ്ണമായും വലിച്ചടുപ്പിക്കുന്നു. ലളിതവും വ്യക്തവുമായ ഭാഷാപ്രയോഗം കഥയെ കൂടുതൽ ജനകീയമാക്കാൻ സഹായിച്ചു. സാധാരണക്കാരുടെ ഭാഷയും ശൈലിയും അദ്ദേഹം അനായാസം തൻ്റെ രചനകളിലേക്ക് സംക്രമിപ്പിച്ചു. മനുഷ്യജീവിതത്തിൻ്റെ ഇരുണ്ട യാഥാർത്ഥ്യങ്ങളെ മുഖംമൂടിയില്ലാതെ അവതരിപ്പിക്കാനുള്ള അദ്ദേഹത്തിൻ്റെ കഴിവ്, അദ്ദേഹത്തെ അറബ് സാഹിത്യത്തിലെ സോഷ്യലിസ്റ്റ് റിയലിസത്തിൻ്റെ ശക്തമായ വക്താവായി ഉയർത്തി.

​ഹന്ന മീനയുടെ ചെറുകഥകളും നോവലുകളും സിറിയൻ പ്രതിരോധ സാഹിത്യത്തിലെ പ്രധാന രേഖയായി നിലകൊള്ളുന്നു. കേവലമായ ഒരു സംഭവ വിവരണത്തിനപ്പുറം, അവ കടൽപ്പുറത്തെ ജനതയുടെ പോരാട്ടവീര്യത്തെയും, വ്യവസ്ഥിതിയുടെ ഇരകളായി മാറുന്ന നിസ്വാർത്ഥരായ മനുഷ്യരെയും കുറിച്ചുള്ള പഠനമാണ്.

ധീരതയുടെ ആദർശവൽക്കരണത്തിൽ അവസാനിക്കാതെ, യാഥാർത്ഥ്യബോധത്തോടെയുള്ള രാഷ്ട്രീയ വിമർശനം ഉൾക്കൊള്ളുന്നതിനാലാണ് ഈ കഥയ്ക്ക് അറബ് വായനക്കാർക്കിടയിൽ ഇത്രയധികം സ്വാധീനം ചെലുത്താൻ കഴിഞ്ഞത്. തൻ്റെ ജീവിതാനുഭവങ്ങളുടെ ചൂടും ചൂരും കൈവിടാതെ, കടലിൻ്റെയും കർഷകരുടെയും തൊഴിലാളികളുടെയും ദുരിതങ്ങളെ ലോകസമക്ഷം അവതരിപ്പിച്ച ഹന്ന മീന, വിസ്മരിക്കപ്പെട്ട നായകന്മാരെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലായി ഇന്നും അറബ് സാഹിത്യത്തിൽ പ്രസക്തമായി തുടരുന്നു.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - ഡോ. ഹഫീദ് നദ്‌വി

contributor

Similar News