ഞാൻ സാറല്ല, പേരു വിളിക്കൂ; വിദ്യാർത്ഥികളെ കൈയിലെടുത്ത് രാഹുൽഗാന്ധി
'എന്റെ പേര് സർ എന്നല്ല. എന്റെ പേര് രാഹുൽ. അതു കൊണ്ട് എന്നെ രാഹുൽ എന്നു വിളിക്കൂ'
ന്യൂഡൽഹി: തന്നെ സാർ എന്നു വിളിച്ച കോളജ് വിദ്യാർത്ഥിനിയോട് രാഹുൽ എന്ന് വിളിക്കാൻ ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. പുതുച്ചേരിയിൽ കോളജ് വിദ്യാർത്ഥികളുമായി സംവദിക്കവെയാണ് രസകരമായ സംഭവങ്ങൾ അരങ്ങേറിയത്.
സർ എന്നു വിളിച്ചു ചോദ്യം തുടങ്ങിയ വിദ്യാർത്ഥിയോട്, 'എന്റെ പേര് സർ എന്നല്ല. എന്റെ പേര് രാഹുൽ. അതു കൊണ്ട് എന്നെ രാഹുൽ എന്നു വിളിക്കൂ' - എന്നായിരുന്നു രാഹുലിന്റെ മറുപടി. ഇതിന്റെ വീഡിയോ കോൺഗ്രസ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചു.
ഭാരതീദാസൻ ഗവൺമെന്റ് കോളജിലായിരുന്നു വിദ്യാർത്ഥികളുമായുള്ള സംവാദം. തന്നെ സാർ എന്നു വിളിക്കരുത് എന്നാവശ്യപ്പെട്ട രാഹുൽ പ്രിൻസിപ്പളിനെയും ടീച്ചർമാരെയും സർ എന്ന് വിളിക്കാനും അഭ്യർത്ഥിച്ചു.
My name is not 'sir', my name is Rahul, so call me Rahul please: Shri Rahul Gandhi
Posted by Indian National Congress on Wednesday, February 17, 2021
കരഘോഷങ്ങളോടെയാണ് രാഹുലിന്റെ മറുപടിയെ സദസ്സ് വരവേറ്റത്. തൊട്ടുപിന്നാലെ, നിങ്ങളെ രാഹുൽ അണ്ണ എന്ന് വിളിക്കാൻ പറ്റുമോ എന്ന് വിദ്യാർത്ഥി ചോദിച്ചു. വിളിക്കാമെന്ന് കോൺഗ്രസ് നേതാവ് മറുപടി നൽകുകയും ചെയ്തു. നേരത്തെ പുതുച്ചേരിയിലെ മറ്റൊരു ചടങ്ങിൽ ഓട്ടോഗ്രാഫ് വാങ്ങാനെത്തിയ പെൺകുട്ടിയെ ചേർത്ത് പിടിച്ച രാഹുലിന്റെ വീഡിയോയും വൈറലായിരുന്നു.