ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടി-കോണ്‍ഗ്രസ് സഖ്യത്തിന് കളമൊരുങ്ങുന്നു
മിന്നലാക്രമണം കേന്ദ്രം രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയെ പിന്തുണച്ച് അഖിലേഷ് യാദവ് രംഗത്ത്
ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ സമാജുവാദി പാര്‍ട്ടി കോണ്‍ഗ്രസുമായി സഖ്യം രൂപീകരിക്കാന്‍ ശ്രമിക്കുന്നതായി സൂചന. സൈന്യത്തിന്റെ മിന്നലാക്രമണം രാഷ്ട്രീയമായി ഉപയോഗിക്കുന്ന ബിജെപിക്കെതിരെ രാഹുല്‍ ഗാന്ധി നടത്തിയ കൂന്‍കി ദലാലി പരമാര്‍ശത്തെ പിന്തുണച്ച് യുപി മുഖ്യമന്ത്രി അഖിലേഷ് യാദവ് രംഗത്തെത്തിയത് ഇതിന്റെ ഭാഗമാണെന്ന് വിലയിരുത്തപ്പെടുന്നു.
രാഹുല്‍ ഗാന്ധിയുടെ കൂന്‍ കി ദലാലി പരമാര്‍ശത്തെ പിന്തുണച്ച് രംഗത്തെത്തുന്ന ആദ്യത്തെ കോണ്‍ഗ്രസിതര നേതാവാണ് അഖിലേഷ് യാദവ്. പരാമര്‍ശത്തെ പിന്തുണക്കുക മാത്രമല്ല, രാഹുലുമായി തനിക്ക് വ്യക്തിപരമായ അടുപ്പമുണ്ടെന്നും അഖിലേഷ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഇതിന്‍റ ചുവട് പിടിച്ചാണ്, യുപിയില്‍ എസ്പി കോണ്‍ഗ്രസുമായി സഖ്യത്തിന് ശ്രമം നടത്തുന്നതായുള്ള വ്യഖ്യാനങ്ങള്‍ രാഷ്രീയ വൃത്തങ്ങളില്‍ ഉയരുന്നത്. പരമ്പരാഗതമായി കിട്ടിവരുന്ന ന്യൂനപക്ഷ വോട്ടുകള്‍ വരുന്ന തെരഞ്ഞെടുപ്പില്‍ ബിഎസ്പിക്കും, കോണ്‍ഗ്രസിനുമിടയില്‍ വിഭജിക്കപ്പെട്ടേക്കുമെന്ന ആശങ്ക എസ്പിക്കുണ്ട്. പ്രത്യേകിച്ച് യുപിയില്‍ കഴിഞ്ഞ കാലങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ അരങ്ങേറിയ അക്രമ പരമ്പരകളുടെ പശ്ചാത്തലത്തില്‍. എസ്പിക്കും, കോണ്‍ഗ്രിസിനും നല്‍കി പാഴാക്കാതെ ന്യൂനപക്ഷങ്ങള്‍ ബിഎസ്പിക്ക് വോട്ട് ചെയ്യണമെന്ന് കഴിഞ്ഞ ദിവസം ഒരു റാലിയില്‍ മായാവതി പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസുമായുള്ള സഖ്യം ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം സാധ്യമാക്കുമെന്നാണ് എസ്പിയുടെ കണക്ക് കൂട്ടല്‍. കോണ്‍ഗ്രസിന് പരമ്പരാഗതമായി കിട്ടുന്ന മേല്‍ജാതി വോട്ടുകളും ആകര്‍ഷിക്കാമെന്നതും എസ്പിക്ക് നേട്ടമാണ്. അതേസമയം, സഖ്യ സാധ്യത സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വം ഇതുവരെ മനസ്സ് തുറന്നിട്ടില്ല.