പീഡനകേസുകളില്‍ ഇന്നും നീതി അകലെ
വിചാരണയിലുള്ളത് നിരവധി കേസുകള്‍
രാജ്യതലസ്ഥാനത്ത് വിവിധ തരത്തിലുള്ള പീഡനങ്ങള്‍ക്ക് ഇരകളായവര്‍ നീതിക്കായി കാത്തിരിക്കേണ്ടി വരുന്നത് വര്‍ഷങ്ങളോളം. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുമ്പോള്‍ പല കേസുകളിലും വിചാരണ പോലും ആരംഭിച്ചിട്ടില്ല. 2016ല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത് 2155 കുറ്റകൃത്യങ്ങളാണെങ്കില്‍ കുറ്റപത്രം തയ്യാറാക്കിയത് 780 എണ്ണത്തില്‍ മാത്രമാണ്.
അന്താരാഷ്ട്ര തലത്തില്‍ പോലും ശ്രദ്ധിക്കപ്പെട്ടതും ഏറെ ചര്‍ച്ച ചെയ്തതുമായ കേസാണ് നിര്‍ഭയ. 2012 ഡിസംബര്‍ 16 നുണ്ടായ സംഭവത്തില്‍ പ്രതികള്‍ക്ക് ശിക്ഷ ഉറപ്പുവരുത്താന്‍ ആ കുടുംബത്തിന് പോരാടേണ്ടി വന്നത് നാലര വര്‍ഷം. നിര്‍ഭയ കേസ് ഒരുദാഹരണം മാത്രം.
2013 മുതല്‍ 16 വരെയുള്ള പീഡന കേസുകളുടെ കണക്കുകള്‍ മാത്രം പരിശോധിച്ചാല്‍ മനസിലാക്കാം ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ ഇഴച്ചില്‍ എത്രത്തോളമാണെന്ന്. 2013 ല്‍ രജിസ്റ്റര്‍ ചെയ്ത 1636 പീഡന കേസുകളില്‍ 1342 എണ്ണവും, 2014 ലെ 2166ല്‍ 1682 ഉം, 2015ലെ 2199ല്‍ 1609 എണ്ണവും വിചാരണ നീണ്ടുപോകുന്നവയില്‍ ഉള്‍പ്പെടും.
റിപ്പോര്‍ട്ട് ചെയ്ത സ്ത്രീകള്‍ക്കെതിരായ അതിക്രമ കേസുകളുടെ കാര്യത്തിലും സമാനസ്ഥിതി തന്നെ. 2015 ലെ ഡല്‍ഹി വനിത കമ്മീഷന്റെ കണക്ക് പ്രകാരം ഡല്‍ഹി രോഹിണി ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ മാത്രം 7000 ത്തോളമുണ്ട്. അടിന്തരമായി പരിശോധിക്കേണ്ടതായ സാമ്പിളുകളില്‍ എത്രയെണ്ണത്തിന്റെ കാലാവധി കഴിഞ്ഞിട്ടുണ്ടാകും എന്നതും നിയമനടപടികളെ ബാധിക്കും. കേസില്‍ നിന്നും പിന്‍മാറാനുള്ള സമ്മര്‍ദ്ദവും നീതിന്യായ വ്യവസ്ഥയിലെ അടിസ്ഥാന സൌകര്യങ്ങളുടെ അഭാവവും കേസുകളുടെ മുന്നോട്ട് പോക്കിനെ ബാധിക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍.