അഖിലേഷ് യാദവ് ഗവര്‍ണറുമായി കൂടിക്കാഴ്ച്ച നടത്തി
പാര്‍ട്ടി അംഗത്വം നഷ്ടപ്പെട്ട മന്ത്രിയെ സ്ഥാനത്ത് തുടരാന്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നിയമവശം ചര്‍ച്ച ചെയ്യാനാണ് മുഖ്യമന്ത്രി എത്തിയതെന്നാണ് സൂചനകള്‍.
മന്ത്രിസഭയിലെ അംഗത്തെ പാര്‍ട്ടി പുറത്താക്കിയതിനെ തുടര്‍ന്നുണ്ടായ അസാധാരണ സാഹചര്യത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് സംസ്ഥാന ഗവര്‍ണര്‍ റാം നായിക്കുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാന വനം വകുപ്പ് മന്ത്രി പവന്‍ പാണ്ടെയെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും നീക്കം ചെയ്തായി സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ ശിവ്പാല്‍ യാദവ് മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. പാര്‍ട്ടി അംഗത്വം നഷ്ടപ്പെട്ട മന്ത്രിയെ സ്ഥാനത്ത് തുടരാന്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നിയമവശം ചര്‍ച്ച ചെയ്യാനാണ് മുഖ്യമന്ത്രി എത്തിയതെന്നാണ് സൂചനകള്‍.
അതേസമയം ഗവര്‍ണറെ കണ്ട് ദിപാവലി ആശംസകള്‍ കൈമാറുക മാത്രമാണ് ഉണ്ടായതെന്നാണ് മുഖ്യമന്ത്രിയുമായി അടുപ്പമുള്ള വൃത്തങ്ങള്‍ കൂടിക്കാഴ്ചയെ കുറിച്ച് നല്‍കിയ വിശദീകരണം. യൂപിയിലെ സമാജ്‌വാദി കുടുംബപോര് ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങളെ പിടിച്ചുലക്കുന്ന രീതിയിലേക്ക് വ്യാപിച്ചു തുടങ്ങിയത് ഗവര്‍ണറുടെ ഓഫീസ് സൂക്ഷ്മമായി വിലയിരുത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.