ബാങ്ക് ഇടപാടുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കി

Update: 2018-05-09 06:39 GMT
Editor : Subin
ബാങ്ക് ഇടപാടുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കി
Advertising

ഡിസംബര്‍ 31നകം ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണം.

ബാങ്ക് അക്കൗണ്ടുകള്‍ക്കും ഇനി മുതല്‍ ആധാര്‍ നിര്‍ബന്ധം. പുതിയ അക്കൗണ്ട് ആരംഭിക്കാനും അരലക്ഷത്തിനുമിതെ പണമിടപാട് നടത്താനും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയാണ് കേന്ദ്രം വിജ്ഞാപനം ഇറക്കിയത്. നിലവിലുള്ള അക്കൗണ്ടുമായി ആധാര്‍ ബന്ധിപ്പിക്കാന്‍ ആറുമാസത്തെ സാവകാശമാണ് വിജ്ഞാപനപ്രകാരം അനുവദിച്ചിട്ടുള്ളത്.

വിവിധ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകളും വ്യവഹാരങ്ങളും നടക്കുന്നതിനിടെയാണ് ബാങ്കിങ് ഇടപാടുകള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കികൊണ്ട് കേന്ദ്രം വിജ്ഞാപനം ഇറക്കിയിരിക്കുന്നത്. 2005 ലെ പ്രിവിന്‍ഷന്‍ ഓഫ് മണി ലോണ്ടറിങ് ആക്ട് ഭേദഗതി ചെയ്താണ് കേന്ദ്രത്തിന്റെ വിജ്ഞാപനം. ഇനി മുതല്‍ ബാങ്ക് അക്കൗണ്ട് തുറക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണെന്ന് വിജ്ഞാപനം വ്യക്തമാക്കുന്നു. നിലവില്‍ അക്കൗണ്ടുള്ളവര്‍ ഡിസംബര്‍ 31 നകം ആധാര്‍ കാര്‍ഡ് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കണം. അല്ലാത്തപക്ഷം ആ അക്കൌണ്ടുകള്‍ അസാധുവാകും.

ഇതിനുപുറമെ അമ്പതിനായിരം രൂപ മുതലുള്ള പണമിടപാടിനും ആധാര്‍ നിര്‍ബന്ധമാക്കി. ഇതിന് ആധാറുമായി ബന്ധിപ്പിച്ച പാന്‍കാര്‍ഡോ ഫോം 60 യോ സമര്‍പ്പിക്കണം. കെ.വൈ.സി രേഖകളില്ലാതെ തുറക്കുന്ന ചെറിയ അക്കൗണ്ടുകളില്‍ നിക്ഷേപിക്കാവുന്ന പരമാവധി തുക 50000 രൂപയായും ഇവ കോര്‍ ബാങ്കിങ് സംവിധാനമുള്ള ബാങ്ക് ശാഖകളില്‍ മാത്രമേ ആരംഭിക്കാവുവെന്നും പുതിയ വിജ്ഞാപനം വ്യക്തമാക്കുന്നു. ഇത്തരം അക്കൗണ്ടുടമകള്‍ 12 മാസത്തിനകം രേഖകള്‍ നല്‍കണമെന്നും കേന്ദ്ര റവന്യു വകുപ്പ് പുറത്തിറക്കിയ വിജ്ഞാപനത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News