ഇതാണ് മോദിയുടെ മനസാക്ഷി സൂക്ഷിപ്പുകാരന്‍ !

Update: 2018-05-24 14:40 GMT
Editor : Alwyn K Jose
ഇതാണ് മോദിയുടെ മനസാക്ഷി സൂക്ഷിപ്പുകാരന്‍ !

കള്ളപ്പണക്കാരെയും കള്ളനോട്ടുകാരെയും ഒതുക്കാനും കാഷ്‍ലെസ് ഇക്കണോമി കെട്ടിപ്പടുക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പദ്ധതിയായിരുന്നു നോട്ട് നിരോധം.

കള്ളപ്പണക്കാരെയും കള്ളനോട്ടുകാരെയും ഒതുക്കാനും കാഷ്‍ലെസ് ഇക്കണോമി കെട്ടിപ്പടുക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പദ്ധതിയായിരുന്നു നോട്ട് നിരോധം. സാധാരണക്കാര്‍ ബാങ്കുകള്‍ക്കും എടിഎമ്മുകള്‍ക്കും മുന്നില്‍ ക്യൂ നിന്ന് വലഞ്ഞാലും ഹൃദയാഘാതം വന്ന് മരിച്ചാലും ഡിജിറ്റല്‍ ഇന്ത്യ എന്ന സ്വപ്‍നത്തില്‍ നിന്നു പിറകോട്ട് പോകാനും മോദി ഉദ്ദേശിക്കുന്നില്ല. നോട്ട് നിരോധം കഴിഞ്ഞമാസം 8 ന് രാത്രി എട്ടു മണിക്ക് അപ്രതീക്ഷിതമായി മോദി പ്രഖ്യാപിക്കുകയാണ് ചെയ്തത്. അതീവ രഹസ്യവും നാടകീയവുമായിട്ടായിരുന്നു പ്രഖ്യാപനം. എന്നാല്‍ അറിയിക്കേണ്ടവരെയൊക്കെ അറിയിച്ച ശേഷമാണ് നോട്ട് നിരോധം പ്രഖ്യാപിച്ചതെന്ന ആക്ഷേപം രൂക്ഷമാണെങ്കിലും ഈ പദ്ധതി തയാറാക്കാനും നടപ്പാക്കാനും മോദി തെരഞ്ഞെടുത്ത ഒരാളുണ്ട്.

Advertising
Advertising

നോട്ട് നിരോധത്തില്‍ മോദിയുടെ മനസാക്ഷി സൂക്ഷിപ്പുകാരന്‍. ഇന്ത്യന്‍ ധനകാര്യ വിദഗ്ധരില്‍ ഏറ്റവും വിശ്വസ്തരായ വിരലിലെണ്ണാവുന്ന ബ്യൂറോക്രാറ്റുകളാണ് ഈ പദ്ധതിക്ക് വഴി തെളിച്ചത്. ഇതില്‍ കേന്ദ്ര റവന്യൂ സെക്രട്ടറി ഹാസ്‍മുഖ് അദിയയാണ് മോദിയുടെ രഹസ്യം ഒളിപ്പിച്ചത്. അദിയയും മറ്റു അഞ്ച് വിശ്വസ്തരും കൂടിയാണ് പദ്ധതി മുന്നോട്ടു നീക്കിയത്. കൃത്യമായ നിരീക്ഷണത്തിന് ശേഷമാണ് പദ്ധതി തയാറാക്കിയതെന്നും പരാജയപ്പെട്ടാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നും മോദി മന്ത്രിസഭയെ അറിയിച്ച ശേഷമാണ് നവംബര്‍ എട്ടിന് നോട്ട് നിരോധം പ്രഖ്യാപിച്ചത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 2003 -2006 വരെ മോദിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു അദിയ എന്ന 58 കാരന്‍. ഈ കാലയളവില്‍ മോദിയുടെ വിശ്വാസ്യത നേടിയെടുക്കാന്‍ അദിയക്ക് കഴിഞ്ഞു. 2015 സെപ്റ്റംബറിലാണ് അദിയയെ കേന്ദ്ര റവന്യൂ സെക്രട്ടറിയായി നിയമിച്ചത്. ഔദ്യോഗികമായി ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‍ലിയുടെ കീഴിലാണെങ്കിലും മോദിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു അദിയ. ഏതെങ്കിലും സങ്കീര്‍ണമായ വിഷയത്തില്‍ ചര്‍ച്ച വേണ്ടി വരുമ്പോള്‍ ഇരുവരും ഗുജറാത്തി ഭാഷയിലാണ് സംസാരിച്ചിരുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കള്ളപ്പണത്തെ നേരിടാന്‍ സര്‍ക്കാര്‍ നടത്തുന്ന കരുത്തുറ്റ നടപടിയാണിതെന്നായിരുന്നു മോദി നോട്ട് നിരോധം പ്രഖ്യാപിച്ചതിന് പിന്നാലെയെത്തിയ അദിയയുടെ ട്വീറ്റ്.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News