അഞ്ച് അടി കനമുള്ള ചുവരുകള്‍ക്കുള്ളില്‍ സുരക്ഷിതമാണ് ആധാര്‍ വിവരങ്ങളെന്ന് അറ്റോര്‍ണി ജനറല്‍

Update: 2018-05-24 18:03 GMT
Editor : Subin
അഞ്ച് അടി കനമുള്ള ചുവരുകള്‍ക്കുള്ളില്‍ സുരക്ഷിതമാണ് ആധാര്‍ വിവരങ്ങളെന്ന് അറ്റോര്‍ണി ജനറല്‍
Advertising

ആധാര്‍ വിവരങ്ങളുടെ സുരക്ഷിതത്വത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച വിവിധ ഹരജികളിലെ വാദത്തിനിടെയാണ് അറ്റോര്‍ണി ജനറലിന്റെ വിവാദ പരാമര്‍ശം...

രാജ്യത്തെ പൗരന്മാരുടെ ആധാര്‍ വിവരങ്ങള്‍ 13 അടി ഉയരവും അഞ്ച് അടി കനവുമുള്ള ചുവരുകള്‍ക്കുള്ളില്‍ സുരക്ഷിതമാണെന്ന് അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ സുപ്രീം കോടതിയില്‍ അറിയിച്ചു. ആധാര്‍ വിവരങ്ങളുടെ സുരക്ഷിതത്വത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച വിവിധ ഹരജികളിലെ വാദത്തിനിടെയാണ് അറ്റോര്‍ണി ജനറലിന്റെ പരാമര്‍ശം. വാദം കേള്‍ക്കുന്ന അഞ്ചംഗ സുപ്രീംകോടതി ബെഞ്ച് മുമ്പാകെ ആധാറിനുവേണ്ടി കേന്ദ്ര സര്‍ക്കാരിന്റെ ഏറ്റവും മുതിര്‍ന്ന അഭിഭാഷകനായ അറ്റോര്‍ണി ജനറല്‍ നടത്തിയ ഇത്തരമൊരു പരാമര്‍ശം വിവാദമായിരിക്കുകയാണ്.

ആധാറിനുവേണ്ടി ഇതുവരെ ഏകദേശം 119 കോടിയോളം പേരുടെ ബയോമെട്രിക് വിവരങ്ങളടക്കം ശേഖരിച്ചിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. രാജ്യത്തെ ദരിദ്രരെ സഹായിക്കുന്നതിനുള്ള പദ്ധതിയാണിതെന്നും അഴിമതി പുറത്തുകൊണ്ടുവരാന്‍ സഹായിക്കുമെന്നു. സര്‍ക്കാര്‍ സബ്‌സിഡി നേരിട്ട് ജനങ്ങളിലെത്തിക്കാന്‍ സഹായിക്കുമെന്നുമാണ് അറ്റോര്‍ണി ജനറല്‍ ആധാറിനുവേണ്ടി വാദിച്ചത്.

ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ ജനങ്ങള്‍ക്ക് സാമ്പത്തിക ബഹിഷ്‌കരണം നേരിടേണ്ടി വരുന്നുണ്ടോ എന്ന് സര്‍ക്കാര്‍ കോടതിയെ അറിയിക്കണമെന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് വ്യക്തമാക്കി. രാജ്യത്തെ ജനങ്ങളുടെ അവകാശങ്ങളും സ്വകാര്യത സംരക്ഷിക്കേണ്ട വിഷയവും തമ്മില്‍ ഒരു പോരാട്ടം ആധാറിന്റെ കാര്യത്തില്‍ നടക്കുന്നുവെന്ന് സുപ്രീംകോടതി ബെഞ്ച് നിരീക്ഷിച്ചു.

യുഐഡിഎഐ സിഇഒക്ക് നാലര മിനുറ്റ് നല്‍കിയാല്‍ ആധാറിന്റെ സുരക്ഷ സംബന്ധിച്ച് വിശദീകരിക്കുന്ന വീഡിയോ പ്രസന്റേഷന്‍ അവതരിപ്പിക്കാമെന്നും അറ്റോര്‍ണി ജനറല്‍ സുപ്രീംകോടതിയെ അറിയിച്ചു. കമ്പ്യൂട്ടര്‍ സയന്‍സില്‍ പിഎച്ച്ഡിയുള്ള സിഇഒ അജയ് ഭൂഷണ്‍ പാണ്ഡേക്ക് ആധാറിന്റെ സുരക്ഷിതത്വം സംബന്ധിച്ച കോടതിയുടെ എല്ലാ സംശയങ്ങള്‍ക്കും മറുപടിയുണ്ടാകുമെന്നും അറ്റോര്‍ണി ജനറല്‍ പറഞ്ഞു. മറ്റു ജഡ്ജിമാരുമായി സംസാരിച്ച ശേഷം ഇതിനുള്ള മറുപടി നല്‍കാമെന്നായിരുന്നു ഇതിനോട് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പ്രതികരിച്ചത്.

ദീര്‍ഘകാലം ജോലിയെടുത്ത ശേഷം പെന്‍ഷന്‍ പറ്റിയവരെ എന്തിനാണ് ആധാറുമായി ബന്ധിപ്പിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ബന്ധിക്കുന്നതെന്ന് ജസ്റ്റിസ് സിക്രി ചോദിച്ചു. ആധാറിന്റെ പേരില്‍ ആര്‍ക്കെങ്കിലും പെന്‍ഷന്‍ ലഭിക്കാതിരുന്നിട്ടുണ്ടോ എന്നും കോടതി ചോദിച്ചു. ഏതെങ്കിലും പെന്‍ഷന്‍ പറ്റിയവര്‍ക്ക് അല്‍ഷിമേഴ്‌സ് പോലുള്ള വാര്‍ധക്യകാല അസുഖം ബാധിക്കുകയും ആധാര്‍ ലഭിക്കാതിരിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ അവരുടെ പെന്‍ഷനെ ബാധിക്കുമോ എന്നും കോടതി ആരാഞ്ഞു.

ഈ ഹരജി പരിഗണനക്കെടുത്തതിനെ തുടര്‍ന്ന് ബാങ്ക് അക്കൗണ്ടും മൊബൈല്‍ നമ്പറും ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി സുപ്രീംകോടതി നീട്ടിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 2018 മാര്‍ച്ച് 31 വരെ എന്ന സമയപരിധിയാണ് ആധാറിനെ ചോദ്യം ചെയ്തുള്ള ഹരജികളില്‍ അന്തുമവിധിവരും വരെ എന്ന് കോടതി നീട്ടിയത്. പാസ്‌പോര്‍ട്ടുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കരുതെന്നും കോടതി നിര്‍ദേശമുണ്ട്. അതേസമയം സര്‍ക്കാരിന്റെ വിവിധ സാമൂഹ്യ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാണെന്നും പരമോന്നത കോടതി വ്യക്തമാക്കിയിരുന്നു.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News