ജാര്‍ഖണ്ഡിനെ ക്രൈസ്തവ മുക്തമാക്കുമെന്ന് ആര്‍എസ്എസ്; 53 കുടുംബങ്ങളെ മതം മാറ്റി

Update: 2018-05-26 21:13 GMT
ജാര്‍ഖണ്ഡിനെ ക്രൈസ്തവ മുക്തമാക്കുമെന്ന് ആര്‍എസ്എസ്; 53 കുടുംബങ്ങളെ മതം മാറ്റി

തങ്ങളുടെ ഹിന്ദു സഹോദരന്‍മാരെയും സഹോദരികളെയും സ്വ മതത്തിലേക്ക് തിരികെ കൊണ്ടുവരിക മാത്രമാണ് തങ്ങള്‍ ചെയ്യുന്നതെന്നും അതിനാല്‍ ഇതിനെ മതപരിവര്‍ത്തനമെന്ന് വിളിക്കാനാവില്ലെന്നുമാണ്...

ക്രൈസ്തവ മുക്തമെന്ന ലക്ഷ്യത്തോടെ ജാര്‍ഖണ്ഡില്‍ 53 കുടുംബത്തെ ഹിന്ദു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യിച്ചുവെന്ന അവകാശവാദവുമായി ആര്‍എസ്എസ്. ജാര്‍ഖണ്ഡിലെ ആദിവാസി മേഖലയായ ആര്‍കിയിലെ 53 ക്രിസ്ത്യന്‍ കുടുംബങ്ങളാണ് മതം മാറിയത്. ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഘര്‍വാപസി ചര്‍ച്ചയാകുകയാണ്.

സംസ്ഥാനത്തെ സിന്ദ്രി പഞ്ചായത്തിലെ ആര്‍കി മേഖല കഴിഞ്ഞ പത്ത് വര്‍ഷമായി ക്രിസ്ത്യന്‍ മിഷനറിമാര്‍ തട്ടിയെടുത്ത് അവരുടെ മതപ്രചരണത്തിനായി ഉപയോഗിക്കുകയായിരുന്നുവെന്നും ഇവിടെയുള്ള തങ്ങളുടെ ഹിന്ദു സഹോദരന്‍മാരെയും സഹോദരികളെയും സ്വ മതത്തിലേക്ക് തിരികെ കൊണ്ടുവരിക മാത്രമാണ് തങ്ങള്‍ ചെയ്യുന്നതെന്നും അതിനാല്‍ ഇതിനെ മതപരിവര്‍ത്തനമെന്ന് വിളിക്കാനാവില്ലെന്നുമാണ് ആര്‍ എസ്എസ് സംയോജക് ലക്ഷ്മണ്‍ സിംഗ് മുണ്ടെ പറയുന്നത്. ക്രൈസ്തവ മുക്ത മേഖലയാണ് ഞങ്ങളുടെ ലക്ഷ്യം. താമസിയാതെ തന്നെ ഗ്രാമീണര്‍ അവരുടെ വേരുകളിലേക്ക് തിരികെ എത്തും. കാരണം അവര്‍ ക്രൈസ്തവ മിഷണറിമാരുടെ മതപരിവര്‍ത്തനത്തിന് ഇരകളാണെന്നും ലക്ഷ്മണ്‍ സിംഗ് മുണ്ടെ പറയുന്നു. സിന്ദ്രി പഞ്ചായത്ത് ഉള്‍പ്പെടുന്ന ഖുന്തി ജില്ലയുടെ ബിജെപി ഉപാധ്യക്ഷന്‍ കൂടിയാണ് മുണ്ടെ.

Advertising
Advertising

ആര്‍കിയെ ക്രൈസ്തവ വിമുക്ത പ്രദേശമാക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ഒരു മാസമായി ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കാമ്പയിന്‍ നടത്തി വരികയായിരുന്നു. കാമ്പയിന്‍ ഈ മാസവും തുടരുമെന്നാണ് ആര്‍എസ്എസ് പറയുന്നത്.

ഹിന്ദു മതത്തിൽ നിന്ന് മതം മാറി മറ്റ് മതങ്ങൾ സ്വീകരിച്ചവരെ വീണ്ടും ഹിന്ദു മതത്തിലേക്ക് കൂട്ട മതപരിവർത്തനം നടത്തുന്ന ചടങ്ങാണ് ഘർവാപസി. ആദിവാസി വിഭാഗത്തിലും അല്ലാതെയുമുള്ള ഏഴ് ക്രിസ്ത്യന്‍ കുടുംബങ്ങളാണ് കൊച്ചസിന്ദിരി ഗ്രാമത്തില്‍ നിന്ന് ഈ മാസം ഏഴിന് ഘര്‍വാപസി നടത്തിയത്. പൂജാരിമാരുടെ നേതൃത്വത്തില്‍ നെറ്റിയില്‍ ചന്ദനക്കുറി ചാര്‍ത്തി, കാല്‍പാദം കഴുകിയായിരുന്നു മതപരിവര്‍ത്തന ചടങ്ങുകള്‍ നടത്തിയത്.

Similar News