'ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം 65 ആക്കും'

Update: 2018-06-02 19:49 GMT
Editor : admin
'ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം 65 ആക്കും'
Advertising

രാജ്യത്തെ ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം 65 ആക്കി ഉയര്‍ത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

രാജ്യത്തെ ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം 65 ആക്കി ഉയര്‍ത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്‍ഡിഎ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ഉത്തര്‍പ്രദേശിലെ ഷഹരന്‍പൂരില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ഷത്തില്‍ 12 ദിവസം സൌജന്യ വൈദ്യ സഹായം നല്‍കാന്‍ ഡോക്ടര്‍മാര്‍ സഹകരിക്കണം. പെണ്‍കുട്ടികളെ ശാക്തീകരിക്കാതെ രാജ്യത്തെ സമ്പന്നമാക്കാന്‍ എങ്ങനെ കഴിയുമെന്നും മോദി ചോദിച്ചു. ജനങ്ങളെ കൊള്ളയടിക്കാനുള്ളതല്ല സര്‍ക്കാര്‍. ഈ രണ്ടു വര്‍ഷത്തിനിടെ ഒരു അഴിമതി കേസ് പോലും സര്‍ക്കാരിനെതിരെയില്ലെന്ന് മോദി പറഞ്ഞു. എന്‍ഡിഎ സര്‍ക്കാര്‍ പാവങ്ങള്‍ക്ക് വേണ്ടിയുള്ളതാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.

കൃഷിയും ഗ്രാമീണ വികസനവും പ്രധാന വിഷയമാക്കി, വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ടായിരുന്നു മോദിയുടെ പ്രസംഗം. രാജ്യത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ ഏവരുടെയും പങ്കാളിത്തം ആവശ്യപ്പെട്ടായിരുന്നു മോദി പ്രസംഗം ആരംഭിച്ചത്. ദാരിദ്ര നിര്‍മ്മാര്‍ജനത്തിന് പ്രാധാന്യം നല്‍കിയ സര്‍ക്കാരാണ് എന്‍ഡിഎയുടേത്. പാവപ്പെട്ടവരുടെ ശാക്തീകരണം എപ്രകാരം നടപ്പിലാക്കണമെന്ന് ഈ സര്‍ക്കാര്‍ കാണിച്ചുകൊടുക്കുകയാണ്. ജന്‍ ധന്‍ യോജന ഇതിന് വളരെയധികം സഹായകരമായി. കര്‍ഷകന്റെ വരുമാനം ഇരട്ടിപ്പിക്കാനാണ് നിലവിലെ ശ്രമം. വികസനത്തിലൂടെ മാത്രമേ ഒരു രാജ്യത്തിന്റെ ഭാവിയെ മാറ്റി മറിക്കാനാകൂ. സര്‍ക്കാരിന്റെ ലക്ഷ്യം ഗ്രാമീണ ജനതയെ ശാക്തീകരിക്കുകയാണ്. വൈദ്യുതീകരിക്കാത്ത വീടുകള്‍ ദുഖമുണ്ടാക്കുന്നു എന്നും യുപിയിലെ എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കുക എന്നതാണ് അടുത്ത ലക്ഷ്യമെന്നും മോദി പറഞ്ഞു. പെണ്‍കുട്ടികള്‍ക്കായി നിരവധി പദ്ധതികളുണ്ട്. അവ പ്രത്യേക മതത്തിനോ ജാതിക്കോ വേണ്ടിയല്ലെന്നും എല്ലാ പദ്ധതികളെയും ജാതിയും മതവുമായി ബന്ധിപ്പിക്കുന്നത് നിലവില്‍ ഫാഷനായി മാറിയിരിക്കുകയാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. രാജ്യം മാറ്റത്തിന്റെ പാതയിലാണെങ്കിലും ചിലരുടെ മനസുകള്‍ക്ക് മാറ്റമില്ലെന്നും രാജ്യത്തെ പ്രധാനമന്ത്രി എന്നതിലുപരി രാജ്യ സേവകനാണെന്നും മോദി ആവര്‍ത്തിച്ചു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News