മോദിയെ വധിക്കാന്‍ പദ്ധതിയിട്ടെന്ന് ആരോപണം; കവി വരവര റാവു അറസ്റ്റില്‍, നാടൊട്ടുക്ക് റെയ്ഡ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാനുള്ള പദ്ധതികളെക്കുറിച്ച് പറയുന്നുണ്ടെന്നും, കത്തില്‍ വരവര റാവുവിന്‍റെ പേര് പരാമര്‍ശിക്കുന്നുണ്ടെന്നുമാണ് പൊലീസിനെ ഉദ്ധരിച്ച് 

Update: 2018-08-28 13:19 GMT

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ പദ്ധതിയിട്ടെന്നാരോപിച്ച് കവിയും ആക്ടിവിസ്റ്റുമായ വരവര റാവുവിനെ പൂനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭീമ-കൊറിഗാവ് സംഘര്‍ഷം സംബന്ധിച്ച് നടക്കുന്ന അന്വേഷണത്തിനിടെയാണ് അറസ്റ്റ്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകന്‍ ഗൌതം നവലക ഉള്‍പ്പെടേയുള്ള നിരവധി ആക്ടിവസിറ്റുകളെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും പൂനെ പൊലീസ് അറസ്റ്റ് ചെയ്തു.

മഹാരാഷ്ട്രയിലെ ഭീമ-കൊറിഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് മലയാളിയായ റോണാ വില്‍സണ്‍ ഉള്‍പ്പെടെ അഞ്ച് ആക്ടിവിസ്റ്റുകളെ കഴിഞ്ഞ ജൂണില്‍ പൂനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ ഒരാളുടെ കയ്യില്‍ നിന്നും കണ്ടെത്തിയ കത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാനുള്ള പദ്ധതികളെക്കുറിച്ച് പറയുന്നുണ്ടെന്നും, കത്തില്‍ വരവര റാവുവിന്‍റെ പേര് പരാമര്‍ശിക്കുന്നുണ്ടെന്നുമാണ് പൊലീസിനെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഹൈദരാബാദില്‍ വെച്ച് വരവര റാവുവിനെ അറസ്റ്റ് ചെയ്തതെന്നും പറയപ്പെടുന്നു. ഇദ്ദേഹത്തിന്‍റെയും മകളുടെയും മരുമകന്‍റെയും വീടുകളില്‍ പൊലീസ് റെയ്ഡ് നടത്തി ലാപ്ടോപ്പ്, മൊബൈല്‍ തുടങ്ങിയവ പിടിച്ചെടുത്തതായും വിവരമുണ്ട്.

Advertising
Advertising

ഇതോടൊപ്പം ഭീമ കൊറിഗോവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് പൂനെ, ഹൈദരാബാദ്, ഡല്‍ഹി, ഫരീദബാദ്, റാഞ്ചി എന്നീ നഗരങ്ങളില്‍ പൂനെ പൊലീസ് റെയ്ഡ് നടത്തി നിരവധി പേരെ അറസ്റ്റ് ചെയ്തു. ഇപി ഡബ്യൂ മാഗസിന്‍റെ എഡിറ്റോറിയല്‍ ഉപദേശകനായ ഗൌതം നവലകയെ ഡല്‍ഹിയിലെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തു. അതേസമയം, ഗൌതമിനെ പൂനെയിലേക്ക് കൊണ്ട് പോകാനുള്ള ട്രാന്‍സിറ്റ് വാറണ്ട് ഡല്‍ഹി ഹൈക്കോടതി സ്റ്റേ ചെയ്തു. മനുഷ്യാവകാശ പ്രവര്‍ത്തകരായ സുധ ഭരദ്വാജ്, അരുണ്‍ പെരേരിയ, വെനന്‍ ഗോണ്‍സാല്‍വെസ്, ഫാദര്‍ സ്റ്റാന്‍ സ്വാമി, ക്രാന്തി, എന്നിവരെയും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അറസ്റ്റ് ചെയ്തു. അറസ്റ്റിനെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളും രംഗത്ത് വന്നു. എഴുത്തുകാരി അരുന്ദതി റോയ്, മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ തുടങ്ങിയ പൊലീസ് നടപടിയെ അപലപിച്ചു.

Tags:    

Similar News