ചിദംബരത്തിനെതിരായ നടപടി രാഷ്ട്രീയ വേട്ടയാടലിന്റെ ഭാഗമെന്ന് കോണ്‍ഗ്രസ്

കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി ചിദംബരമാണ് എയര്‍സെല്‍ മാക്സിസ് കേസിലെ ഒന്നാം പ്രതി.

Update: 2018-10-25 12:16 GMT

എയര്‍സെല്‍ മാക്സിസ് കേസില്‍ ചിദംബരത്തിനെതിരായ നടപടി രാഷ്ട്രീയ വേട്ടയാടലിന്റ ഭാഗമാണെന്ന് കോണ്‍ഗ്രസ്. കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെയാണ് പാര്‍ട്ടിയുടെ പ്രതികരണം.

എയര്‍സെല്‍ മാക്സിസ് കേസില്‍ സി.ബി.ഐക്ക് തൊട്ട് പിന്നാലെയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി ചിദംബരമാണ് കേസിലെ ഒന്നാം പ്രതി. പുറമെ മകന്‍ കാര്‍ത്തി ചിദംബരത്തിന്റേയും, കാര്‍ത്തിയുടെ അക്കൌണ്ടന്റ് ഭാസ്കര്‍ രാമന്റെയും അടക്കം 9 പേരുടെ പേരുകളാണ് കുറ്റപത്രത്തിലുള്ളത്.

Advertising
Advertising

അന്വേഷണ ഏജന്‍സികളെ വച്ച് രാഷ്ട്രീയ വേട്ടയാടലാണ് മോദി സര്‍ക്കാര്‍ നടത്തുന്നതെന്നും നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു. നവംബര്‍ 1 വരെ ചിദംബരത്തെയും കാര്‍ത്തി ചിദംബരത്തെയും അറസ്റ്റ് ചെയ്യരുതെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും സി.ബി.ഐക്കും കോടതി നിര്‍ദേശം നല്‍കിയിരുന്നു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടര്‍ കര്‍ണാല്‍ സിങിന്റെ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് കുറ്റപത്രം സമര്‍പിച്ചത്.

2006ല്‍ മാക്സിസിന്‍റെ അനുബന്ധ സ്ഥാപനമായ ഗ്ലോബൽ കമ്മ്യൂണിക്കേഷൻസ് സർവീസസ് ഹോൾഡിങ്സിന്, വിദേശനിക്ഷേപക പ്രോത്സാഹന ബോർഡിന്‍റെ അനുമതി ലഭിക്കാൻ, അന്ന് ധനമന്ത്രിയായിരുന്ന ചിദംബരം ഇടപെട്ടന്നാണ് കേസ്.

600 കോടി രൂപയുടെ നിക്ഷേപത്തിനു അനുമതി നൽകാൻ മാത്രമേ ധനമന്ത്രിക്ക് അധികാരമുള്ളൂ എന്നിക്കെ 3,500 കോടി രൂപയുടെ ഇടപാടിനാണ് ചിദംബരം അനുമതി നൽകിയത്. 600 കോടിക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യ ഉപസമിതിയാണ് അനുമതി നൽകേണ്ടത്.

Tags:    

Similar News