ഹനുമാനെ ദലിതനെന്ന് വിളിച്ചു; യോഗി ആദിത്യനാഥ് നിയമക്കുരുക്കില്‍
ആല്‍വാര്‍ ജില്ലയിലെ മലഖേദയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് യോഗി ആദിത്യനാഥ്, ഹനുമാന്‍ ദലിതാണെന്ന പരാമര്‍ശം നടത്തിയത്.
ഹനുമാന്‍ ദലിതനാണെന്ന പരാമര്‍ശത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ നിയമനടപടി. മൂന്നു ദിവസത്തിനുള്ളില്‍ നിരുപാധികം മാപ്പ് പറഞ്ഞില്ലെങ്കില്‍ കടുത്ത നിയമ നടപടി നേരിടേണ്ടിവരുമെന്ന് ചൂണ്ടിക്കാട്ടി രാജസ്ഥാനിലെ സര്‍വ ബ്രാഹ്മിണ്‍ മഹാസഭ യോഗി ആദിത്യനാഥിന് നോട്ടീസ് അയച്ചു.
ആല്‍വാര്‍ ജില്ലയിലെ മലഖേദയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് യോഗി ആദിത്യനാഥ്, ഹനുമാന്‍ ദലിതാണെന്ന പരാമര്‍ശം നടത്തിയത്. രാമഭക്തനായ ഹനുമാന്‍ വനവാസിയും ദരിദ്രനും ദലിതുമാണെന്നായിരുന്നു യോഗി ആദിത്യനാഥിന്റെ പരാമര്‍ശം. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ ഗോത്രത്തില്‍ നിന്നുള്ള ബി.ജെ.പി സ്ഥാനാര്‍ഥിക്ക് നിങ്ങള്‍ വോട്ട് ചെയ്യണമെന്നും യോഗി ആവശ്യപ്പെട്ടിരുന്നു. വടക്കു മുതല്‍ തെക്ക് വരെയും കിഴക്കും പടിഞ്ഞാറുമുള്ള മുഴുവന്‍ ഇന്ത്യന്‍ സമുദായങ്ങളെയും ഒരുമിപ്പിക്കാനാണ് ബജ്റംഗ് ബലി പ്രവര്‍ത്തിക്കുന്നതെന്നും യോഗി പറഞ്ഞിരുന്നു. യോഗിയുടെ വിവാദ പരാമര്‍ശത്തില്‍ ദുഖിതനാണെന്ന് രാജസ്ഥാന്‍ സര്‍വ ബ്രാഹ്മിണ്‍ മഹാസഭ അധ്യക്ഷന്‍ സുരേഷ് മിശ്ര പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനത്ത് ബി.ജെ.പിക്ക് രാഷ്ട്രീയ നേട്ടത്തിനായി ഹനുമാന്റെ ജാതിയെ ഉപയോഗിക്കുകയാണെന്നും ഇത് അനുവദിക്കാനാകില്ലെന്നും സുരേഷ് മിശ്ര കൂട്ടിച്ചേര്‍ത്തു. ഹനുമാനെ ദരിദ്രനെന്നും ദലിതനെന്നും യോഗി വിളിച്ചതില്‍ തനിക്ക് അതീവദുഖമുണ്ടെന്നും മുഖ്യമന്ത്രിയുടെ പരാമര്‍ശം ഹനുമാന്‍ ഭക്തരുടെ മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്നും സുരേഷ് മിശ്ര പറഞ്ഞു. തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാന്‍ ഇത്തരം തരംതാണ ശ്രമങ്ങള്‍ ഇനിയുണ്ടാകരുതെന്നും സുരേഷ് മിശ്ര കൂട്ടിച്ചേര്‍ത്തു.