ശക്തികാന്ത ദാസ് ആര്‍.ബി.എെ ഗവര്‍ണര്‍

കേന്ദ്ര നയങ്ങളെ പിന്തുണക്കുന്ന ഗവര്‍ണര്‍ ചുമതലയേറ്റതോടെ കരുതല്‍ ധനം കൈമാറുന്ന വിഷയത്തില്‍ കേന്ദ്രത്തിന് അനുകൂലമായ നിലപാട് ഉണ്ടായേക്കുമെന്നാണ് സൂചന. അതേ സമയം ശക്തികാന്ത ദാസിന്റെ നിയമനത്തിനെതിരെ..

Update: 2018-12-12 10:08 GMT

റിസര്‍വ് ബാങ്കിന്‍റെ പുതിയ ഗവര്‍ണറായി ശക്തികാന്ത ദാസ് ചുമതലയേറ്റു. ഊര്‍ജിത് പട്ടേല്‍ രാജിവെച്ച ഒഴിവിലാണ് പുതിയ നിയമനം. ധനകാര്യ സെക്രട്ടറിയായിരിക്കെ നോട്ട് നിരോധനത്തെ പിന്തുണച്ച ഉദ്യോഗസ്ഥാനാണ് ശക്തികാന്ത ദാസ്. റിസര്‍വ് ബാങ്കിന്‍റെ നിര്‍ണായക ബോര്‍ഡ് യോഗം വെള്ളിയാഴ്ച ചേരും.

കരുതല്‍ ധനത്തില്‍ നിന്ന് ഒരു ലക്ഷം കോടി രൂപ കൈമാറണമെന്ന കേന്ദ്ര സര്‍ക്കാരിന്‍റെ ആവശ്യം സംബന്ധിച്ച വിവാദങ്ങള്‍കൊടുവിലാണ് ഊര്‍ജിത് പട്ടേല്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് രാജിവെച്ചത്. പകരക്കാരനായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച ശക്തികാന്ത ദാസ് മുന്‍ കേന്ദ്ര ധനകാര്യ സെക്രട്ടറിയും റവന്യു സെക്രട്ടറിയുമായിരുന്നു. നോട്ട് നിരോധനം പ്രഖ്യാപിച്ചപ്പോള്‍ ധനകാര്യ സെക്രട്ടറിയായിരുന്ന ശക്തികാന്ത ദാസ് നോട്ട് നിരോധത്തിന്‍റെ വക്താവായാണ് പ്രവര്‍ത്തിച്ചത്.

Advertising
Advertising

പഴയ നോട്ട് മാറാന്‍ വരുന്നവരുടെ കൈയ്യില്‍ മഷി പുരട്ടണമെന്ന വിവാദ നിര്‍ദേശം മുന്നോട്ടുവെച്ചതും ദാസ് തന്നെ. വെള്ളിയാഴ്ചയാണ് റിസര്‍വ് ബാങ്കിന്‍റെ നിര്‍ണായ ബോര്‍ഡ് യോഗം. കരുതല്‍ ധനം കൈമാറുന്നത് സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്യുമെന്നാണ് കരുതുന്നത്. കേന്ദ്ര നയങ്ങളെ പിന്തുണക്കുന്ന ഗവര്‍ണര്‍ ചുമതലയേറ്റതോടെ കരുതല്‍ ധനം കൈമാറുന്ന വിഷയത്തില്‍ കേന്ദ്രത്തിന് അനുകൂലമായ നിലപാട് ഉണ്ടായേക്കുമെന്നാണ് സൂചന.

അതേ സമയം ശക്തികാന്ത ദാസിന്റെ നിയമനത്തിനെതിരെ വിമര്‍ശവും ഉയരുന്നുണ്ട്. ചരിത്രത്തില്‍ ബിരുദാനന്തര ബിരുദമുളളയാളെ ഗവര്‍ണറാക്കിയത് റിസര്‍വ് ബാങ്കിന്‍റ സ്വയം ഭരണത്തില്‍ കേന്ദ്ര ഇടപെടല്‍ വര്‍ധിപ്പിക്കാനാണെന്നാണ് വിമര്‍ശം. അഴിമതി നടത്തിയ ഉദ്യോഗസ്ഥനാണ് ശക്തികാന്തദാസനെന്ന ആരോപണം സുബ്രഹ്മണ്യ സ്വാമിയും ഉന്നയിച്ചിട്ടുണ്ട്. കരുതല്‍ ധനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൈവെക്കുന്നത് റിസര്‍വ് ബാങ്കിന്‍റെയും രാജ്യത്തെ സാമ്പത്തിക സ്ഥിതിയുടെയും വിശ്വാസ്യത തകര്‍ക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.

Tags:    

Similar News