320 അടി ആഴമുള്ള ‘എലിമട’യില്‍ പ്രളയം ഇരച്ചെത്തി; കുടുങ്ങിപ്പോയ 13 പേര്‍ക്കായി തിരച്ചില്‍ തുടരുന്നു

അപ്രതീക്ഷിതമായി പെയ്ത മഴയെ തുടര്‍ന്ന് ഖനിയില്‍ വെള്ളം ഇരച്ചെത്തിയതോടെയാണ് രണ്ട് ദിവസം മുന്‍പ് ഖനിക്കുള്ളില്‍ 13 പേര്‍ കുടുങ്ങിയത്.

Update: 2018-12-15 08:28 GMT
Advertising

മേഘാലയിലെ കിഴക്കന്‍ ജെന്‍തിയ പര്‍വത മേഖലയില്‍ അനധികൃത കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ 13 പേരെ കണ്ടെത്താന്‍ തിരച്ചില്‍ തുടരുന്നു. ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന സേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. 320 അടി താഴ്ചയിലാണ് ആളുകള്‍ കുടുങ്ങിക്കിടക്കുന്നത്.

എലിമടകള്‍ എന്നാണ് ഇത്തരം ഖനികള്‍‍ അറിയപ്പെടുന്നത്. ഖനികളില്‍ ഏണി വെച്ചിറങ്ങിയാണ് കല്‍ക്കരി ശേഖരിക്കുന്നത്. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇങ്ങനെ ഇറങ്ങുന്നു. 2014ല്‍ ഈ ഖനികളുടെ പ്രവര്‍ത്തനം ഹരിത ട്രിബ്യൂണല്‍ നിരോധിച്ചിട്ടും പല ഗ്രാമങ്ങളിലും ഇത്തരം ഖനികള്‍ പ്രവര്‍ത്തിക്കുന്നു.

അപ്രതീക്ഷിതമായി പെയ്ത മഴയെ തുടര്‍ന്ന് ഖനിയില്‍ വെള്ളം ഇരച്ചെത്തിയതോടെയാണ് രണ്ട് ദിവസം മുന്‍പ് ഖനിക്കുള്ളില്‍ 13 പേര്‍ കുടുങ്ങിയത്. മഴ പെയ്യുന്നത് രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കി. ഖനിക്കകത്തെ വെളിച്ചക്കുറവും ചെളിയും കല്‍ക്കരിയും കലങ്ങിയ വെള്ളവും തിരച്ചിലിനെ ബാധിക്കുന്നു. ഖനിയുടെ ഉള്‍ഭാഗത്തിന്‍റെ ഭൂപടം ലഭ്യമല്ലാത്തതും വെല്ലുവിളിയാണ്.

ഖനി ഉടമ ഒളിവിലാണ്. ഇയാള്‍ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. ഒരു സുരക്ഷാ സംവിധാനവുമില്ലാതെ നിരവധി ഖനികള്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 2012ല്‍ വെള്ളപ്പൊക്കത്തില്‍ ഖനിക്കുള്ളില്‍ കുടുങ്ങിയ 15 പേര്‍ മേഘാലയില്‍ മരിച്ചിരുന്നു.

Tags:    

Similar News