‘ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍’: വിവാദങ്ങളില്‍ നിന്ന് മാറിനില്‍ക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നിര്‍ദേശം
ഗാന്ധി കുടുംബത്തിന്റെ ദുര്‍ഭരണം കാണൂ എന്ന തലക്കെട്ടോടെയാണ് സിനിമ ട്രെയിലര്‍ ബി.ജെ.പി ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ ജീവിതം ആസ്പദമാക്കിയുള്ള സിനിമ, ദ ആക്സിഡന്റല്‍ പ്രൈം മിനിസ്റ്ററുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നിന്നും മാറിനില്‍ക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നിര്‍ദേശം. ഭരണ പരാജയങ്ങള്‍ മറക്കാനുള്ള ബി.ജെ.പി ശ്രമമാണിതെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ഗാന്ധി കുടുംബത്തിന്റെ ദുര്‍ഭരണം കാണൂ എന്ന തലക്കെട്ടോടെയാണ് സിനിമ ട്രെയിലര്‍ ബി.ജെ.പി ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഉയരുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും നേതാക്കളോട് മിതത്വം പാലിക്കാന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെടണമെന്നും അനുപം ഖേര്‍ പറഞ്ഞു. 10 വര്‍ഷം ഒരു കുടുംബം രാജ്യത്തെ എങ്ങിനെ ബന്ധവസ്ഥാക്കി എന്ന കഥ അറിയാന്‍ ദ ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ കാണണമെന്നും പ്രധാനമന്ത്രി പദത്തിലേക്ക് പിന്തുടര്‍ച്ചാവകാശി ആകുന്നതു വരെയുള്ള പ്രധാനമന്ത്രിയായിരുന്നോ മന്‍മോഹന്‍ സിങ് എന്നും ചോദിച്ചാണ് ബി.ജെ.പി ട്വിറ്റര്‍ പേജില്‍ ട്രെയിലര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
വസ്തുതകളെ വളച്ചൊടിച്ചാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത് എന്നാണ് കോണ്‍ഗ്രസ് ആരോപണം. എ.ഐ.സി.സി ആസ്ഥാനത്ത് കോണ്‍ഗ്രസ് സ്ഥാപക ദിനാഘോഷ ചടങ്ങിനെത്തിയ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് വിമര്‍ശനങ്ങളില്‍ പ്രതികരിച്ചില്ല. വിവാദങ്ങളില്‍ നിന്നും മാറിനില്‍ക്കണമെന്ന നിര്‍ദേശം കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കള്‍ക്ക് നല്‍കിയിട്ടുണ്ട്.
2014ല്‍ പുറത്തിറങ്ങിയ സഞ്ജയ് ബാരുവിന്റെ പുസ്തകം ദ ആക്സിഡന്റല്‍ പ്രൈം മിനിസ്റ്ററിന് നേരെ ഉണ്ടാകാത്ത പ്രതിഷേധമാണ് പുസ്തകം അടിസ്ഥാനമാക്കിയുള്ള സിനിമക്ക് നേരെ ഉയരുന്നതെന്ന് മന്‍മോഹന്‍ സിങായി വേഷമിട്ട അനുപം ഖേര്‍ പറഞ്ഞു. കോണ്‍ഗ്രസ് ഭരണത്തിലേറിയ മധ്യപ്രദേശില്‍ സിനിമ പ്രദര്‍ശിപ്പിച്ചേക്കില്ലെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. ജനുവരി 11നാണ് സിനിമ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.