ദലിത് വിദ്യാര്‍ഥിയെ റാഗ് ചെയ്തു; അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കെതിരെ ജാമ്യമില്ലാ കേസെടുത്തു
ഉത്തരേന്ത്യയില്‍ നിന്നുമുള്ള മെഡിക്കല്‍ വിദ്യാര്‍ഥികളാണ് അറസ്റ്റിലായിരിക്കുന്നതെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു
ദലിത് വിദ്യാര്‍ഥിയെ റാഗ് ചെയ്തതുമായി ബന്ധപ്പെട്ട് അഞ്ചു മെഡിക്കല്‍ വിദ്യാര്‍ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബംഗളുരു രാജാജി നഗര്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥിയെ ക്രിസ്മസ് ആഘോഷ പരിപാടിക്കിടെ റാഗ് ചെയ്തതിനാണ് അഞ്ച് സീനിയര്‍ വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തത്.
കോളേജിലെ ഫൈനല്‍ ഇയര്‍ വിദ്യാര്‍ഥികളായ പ്രതികള്‍ പത്തൊന്‍പതുകാരനായ വിദ്യാര്‍ഥിയെ ഹോസ്റ്റല്‍ മുറിയില്‍ കയറി പിടിച്ചിറക്കി അക്രമിക്കുകയായിരുന്നു. ജാതീയമായി അധിക്ഷേപിച്ച സംഘം, ശേഷം തന്നെ അടിക്കുകയും ചെയ്തതായി വിദ്യാര്‍ഥി പറഞ്ഞു. മുറിയില്‍ നിന്നും ഹോസ്റ്റല്‍ ടെറസിനു മുകളിലേക്ക് കൊണ്ടു പോയി രാത്രി ഏറെ വൈകും വരെ അക്രമിക്കുകയായിരുന്നു എന്നും പരാതിയിലുണ്ട്. ഉത്തരേന്ത്യയില്‍ നിന്നുമുള്ള മെഡിക്കല്‍ വിദ്യാര്‍ഥികളാണ് അറസ്റ്റിലായിരിക്കുന്നതെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
പ്രതികള്‍ക്കെതിരെ എസ്.സി/എസ്.ടി അട്രോസിറ്റി പ്രിവന്‍ഷന്‍ ആക്ട്, കര്‍ണാടക എഡ്യുക്കേഷന്‍ ആക്ട്-1983 പ്രകാരം ജാമ്യമില്ലാ കേസെടുത്തു.