നിര്‍മല സീതാരാമനെതിരായ പരാമര്‍ശം: രാഹുല്‍ ഗാന്ധിക്ക് വനിതാകമ്മീഷന്‍റെ നോട്ടീസ്
പ്രതിരോധമന്ത്രി നിര്‍മല സീതാരാമനെ പരാമര്‍ശിച്ച് നടത്തിയ പ്രസംഗവും ട്വീറ്റും സ്ത്രീവിരുദ്ധമാണെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു.
റഫാല്‍ കരാറില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തിന് ദേശീയ വനിതാ കമ്മീഷന്‍റെ നോട്ടീസ്. പ്രതിരോധമന്ത്രി നിര്‍മല സീതാരാമനെ പരാമര്‍ശിച്ച് നടത്തിയ പ്രസംഗവും ട്വീറ്റും സ്ത്രീവിരുദ്ധമാണെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു. രാഹുലിനെതിരെ വിമര്‍ശനവുമായി ബി.ജെ.പി വനിതാ നേതാക്കളും രംഗത്തെത്തി.
കഴിഞ്ഞ ദിവസം രാജസ്ഥാനില്‍ നടന്ന റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ റഫാല്‍ കരാറില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. റഫാല്‍ ചര്‍ച്ചകളില്‍ മോദിക്ക് വേണ്ടി പ്രതിരോധം തീര്‍ക്കാന്‍ പാര്‍ലമെന്‍റില്‍ ഒരു സ്ത്രീയുണ്ടെന്നും റഫാലില്‍ ഉത്തരം പറയാതെ കാവല്‍ക്കാരന്‍ ഓടി രക്ഷപ്പെടുകയാണെന്നുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. ഇതാണ് ദേശീയ വനിതാ കമ്മീഷനെ പ്രകോപിപ്പിച്ചത്.
രാഹുലിന്‍റെ പരാമര്‍ശം സ്ത്രീകളെ അധിക്ഷേപിക്കുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിമര്‍ശിച്ചു. സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കേണ്ടത് വീട്ടില്‍ നിന്നാണെന്നും എന്തിനാണ് ഇങ്ങനെ ഭയക്കുന്നതെന്നും രാഹുല്‍ മോദിയോട് ചോദിച്ചു. ആണായി റഫേലിലെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കൂ എന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. ഇതോടെ ഈ രണ്ട് പരാമര്‍ശങ്ങളിലും വനിതാ കമ്മീഷന്‍ രാഹുല്‍ ഗാന്ധിയോട് വിശദീകരണം തേടുകയായിരുന്നു
രാഹുല്‍ ഗാന്ധിക്കെതിരെ ബി.ജെ.പി വനിതാ നേതാക്കളും രംഗത്തെത്തി. മന്ത്രിമാരായ സുഷമ സ്വരാജും സ്മൃതി ഇറാനിയും പരാമര്‍ശത്തെ അപലപിച്ച് ട്വീറ്റ് ചെയ്തു.