‘കശ്മീര്‍ ജനത ഏറ്റവുമധികം ദുരിതം നേരിട്ട കാലം’ പ്രധാന പ്രചരണ വിഷയമാകാന്‍ കശ്മീറും
കശ്മീരിലെ പൊതു വിഷയങ്ങള്‍ക്കൊപ്പം അടുത്ത കാലത്തെ സംഭവ വികാസങ്ങള്‍ കൂടി തെരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ ഉയര്‍ന്ന് വരും.
കര്‍ഷക ദുരിതവും തൊഴിലില്ലായ്മയും പോലെ രാജ്യത്തെ പതിവ് തെരഞ്ഞെടുപ്പ് വിഷയങ്ങളിലൊന്നാണ് കശ്മീര്‍ പ്രശ്നം. കശ്മീര്‍ ജനത ഏറ്റവുമധികം ദുരിതം നേരിട്ട കാലം എന്ന നിലയിലും ഈ തെരഞ്ഞെടുപ്പില്‍ കശ്മീര്‍ പ്രധാന പ്രചരണ വിഷയമാണ്.
സ്വതന്ത്ര ഇന്ത്യയിലെ ഇനിയും പരിഹരിക്കാനാകാത്ത രാഷ്ട്രീയ പ്രശ്നമാണ് കശ്മീരിലേത്. ജമ്മുകാശ്മീര്‍ സംസ്ഥാനം നിലവില്‍ വന്നതിന് ശേഷം ആദ്യമായി ബി.ജെ.പിക്ക് ഭരിക്കാന്‍ അവസരം ലഭിച്ച കാലമാണ് കടന്ന് പോയത്. പി.ഡി.പി- ബി.ജെ.പി സഖ്യ സര്‍ക്കാര്‍ തകര്‍ന്നെങ്കിലും കശ്മീരില്‍ രാഷ്ട്രപതി ഭരണമെന്ന ലക്ഷ്യം നേടാന്‍ ബി.ജെ.പിക്കായി. കശ്മീരിന് പ്രത്യേക അവകാശങ്ങള്‍ നല്‍കുന്ന ഭരണഘടനയുടെ മുന്നൂറ്റി എഴുപതാം വകുപ്പ് എടുത്ത് കളയണമെന്ന നിലപാടുള്ള പാര്‍ട്ടിയാണ് ബി.ജെ.പി.
ബി.ജെ.പി കേന്ദ്ര സംസ്ഥാന ഭരണം നിയന്ത്രിച്ച ഈ നാലര വര്‍ഷമാണ് കശ്മീര്‍ താഴ്‍വരകളില്‍ സാധാരണക്കാരും പട്ടാളക്കാരും ഏറ്റവുമധികം കൊല്ലപ്പെട്ടത്. കശ്മീര്‍ ജനത സുരക്ഷാസേനയാല്‍ ഏറ്റവുമധികം വേട്ടയാടപ്പെട്ടതും നിരവധി സാധാരണ മനുഷ്യര്‍ക്ക് പെല്ലറ്റുകളേറ്റ് കാഴ്ച നഷ്ടമായതും ഈ കാലയളവിലാണ്.
കത്‍വയില്‍ കുരുന്ന് ജീവന്‍ പീഡനത്തിനിരയായതും ദാരുണമായി കൊല്ലപ്പെട്ടതും സംഭവത്തില്‍ പ്രതികളായവര്‍ക്ക് വേണ്ടി ബി.ജെ.പി നേതാക്കള്‍ പരസ്യമായി രംഗത്ത് വന്നതുമെല്ലാം സംസ്ഥാനത്ത് ബി.ജെ.പി ഭരണം നിയന്ത്രിച്ച ഇതേ നാളുകളിലായിരുന്നു. കശ്മീരിലെ പൊതു വിഷയങ്ങള്‍ക്കൊപ്പം അടുത്ത കാലത്തെ ഈ സംഭവ വികാസങ്ങള്‍ കൂടി തെരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ ഉയര്‍ന്ന് വരും.