ശബരിമല വിഷയത്തിൽ പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായ വ്യത്യാസമില്ലെന്ന് സീതാറാം യെച്ചൂരി

ശബരിമലയുമായി ബന്ധപ്പെട്ട് ഇടതുപക്ഷ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനോട് വിശ്വാസികൾ മാപ്പു തരില്ല എന്ന ആന്‍റണിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു യെച്ചൂരി

Update: 2021-03-26 10:11 GMT

ശബരിമല വിഷയത്തിൽ പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായ വ്യത്യാസമില്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വ്യക്തികളുടെ വിശ്വാസം സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സി.പി.എം പ്രതിജ്ഞാബദ്ധമാണെന്ന് പറഞ്ഞ യെച്ചൂരി 35 വർഷം സി.പി.എം ഭരിച്ച ബംഗാളില്‍ ഒരൊറ്റ വർഗീയ കലാപം പോലും ഉണ്ടായിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. വ്യക്തികളുടെ വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടാവില്ല എന്നതിന് ഉദാഹരണമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശബരിമലയുമായി ബന്ധപ്പെട്ട് ഇടതുപക്ഷ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനോട് വിശ്വാസികൾ മാപ്പു തരില്ല എന്ന ആന്‍റണിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു യെച്ചൂരി. അക്കാര്യത്തിൽ ജനങ്ങളാണ് തീരുമാനമെടുക്കുകയെന്നും കേരളത്തിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ജനങ്ങള്‍ തീരുമാനമെടുത്തത് കണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertising
Advertising

ബിജെപിക്കൊപ്പം ചേർന്നാണ് പല വിഷയങ്ങളിലും കോൺഗ്രസ്സ് എല്‍.ഡി.എഫിനെതിരെ തിരിയുന്നതെന്ന് വിമര്‍ശിച്ച യെച്ചൂരി അന്വേഷണ ഏജന്‍സികളെയും രൂക്ഷമായി വിമര്‍ശിച്ചു. അന്വേഷണ എജൻസികളെ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ ആയുധമാക്കുകയാണെന്നായിരുന്നു യെച്ചൂരിയുടെ വിമര്‍ശനം . പണം കൊണ്ട് എല്ലാവരെയും വിലയ്ക്കെടുക്കാനുള്ള ശ്രമമാണ് ബി.ജെ.പിയുടേതെന്നും യെച്ചൂരി പ്രതികരിച്ചു.

പിണറായി സർക്കാരിന് കേരളത്തില്‍ തുടര്‍ഭരണം ലഭിച്ചാല്‍ സർവനാശമാകും സംഭവിക്കുകയെന്ന് കഴിഞ്ഞ ദിവസം എ.കെ ആന്‍റണി പറഞ്ഞിരുന്നു. എന്നാല്‍ അത് ആന്‍റണിയല്ല ജനങ്ങളാണ് തീരുമാനിക്കേണ്ടത് എന്നായിരുന്നു യെച്ചൂരിയുടെ മറുപടി. തുടർഭരണം വന്നാൽ പിണറായിയെ പി.ബിക്ക് പോലും നിയന്ത്രിക്കാൻ കഴിയില്ല എന്ന പരാമര്‍ശത്തിന് സി.പി.എമ്മിനെക്കുറിച്ച് അറിയാത്തത് കൊണ്ടാണ് ആന്‍റണി ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് എന്നായിരുന്നു യെച്ചൂരി പറഞ്ഞത്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News