സ്ഥാനം തെറിക്കുമോ? അമിത്ഷായ്ക്കും നദ്ദയ്ക്കും പിറകെ പ്രധാനമന്ത്രിയുമായും ചർച്ച നടത്താന്‍ യോഗി

ഇന്നലെ ഡല്‍ഹിയിലെത്തിയ യോഗി ആദിത്യനാഥ് അമിത് ഷായുമായും ജെപി നദ്ദയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു

Update: 2021-06-11 06:30 GMT
Editor : Shaheer | By : Web Desk
Advertising

മന്ത്രിസഭാ പുനസംഘടനാ ചർച്ച പുരോഗമിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്താൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയുമായും കൂടിക്കാഴ്ച നടത്തിയതിനു പിറകെയാണ് യോഗി ഇന്ന് മോദിയെ വിളിക്കുന്നത്. യോഗിയുടെ ഭരണ പരാജയത്തില്‍ മോദിയടക്കമുള്ള ബിജെപി ഉന്നത നേതൃത്വത്തിന് കടുത്ത അതൃപ്തി നിലനില്‍ക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നു.  

നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ ബാക്കിനിൽക്കെയാണ് ഉത്തർപ്രദേശിൽ മന്ത്രിസഭാ പുനസംഘടനയ്ക്കു നീക്കം നടക്കുന്നത്. കോവിഡ് പ്രതിരോധത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീഴ്ച ചൂണ്ടിക്കാട്ടി പാർട്ടിക്കകത്തുനിന്നു തന്നെ ശക്തമായ വിമർശനം ഉയർന്ന പശ്ചാത്തലത്തിലാണ് ദേശീയ നേതൃത്വം ഇടപെട്ടത്. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് യോഗിയെ മാറ്റിനിർത്തുമെന്നും സൂചനയുണ്ട്. ഇതിനിടെ, മുൻ കോൺഗ്രസ് നേതാവും യുപിയിലെ പ്രബല ബ്രാഹ്‌മണ കുടുംബത്തിലെ അംഗവുമായ ജിതിൻ പ്രസാദ ബിജെപിയിൽ ചേർന്നതും പുതിയ നീക്കത്തിനുള്ള സാധ്യത സജീവമാക്കിയിട്ടുണ്ട്.  തെരഞ്ഞെടുപ്പിനുമുന്‍പ് സര്‍ക്കാരിന്‍റെ മുഖംമിനുക്കുകയാണ് ബിജെപി ലക്ഷ്യമിടുന്നത്.

അതിനിടെയാണ് യോഗി പാർട്ടി നേതൃത്വത്തെ കാണാൻ ഇന്നലെ ഡൽഹിയിൽ നേരിട്ടെത്തിയത്. അമിത് ഷായുമായും നദ്ദയുമായും ഏറെനേരം ചർച്ച നടത്തുകയും ചെയ്തിട്ടുണ്ട്. ഉത്തർപ്രദേശ് ബിജെപി പ്രസിഡന്റ് സ്വതന്ത്രദേവ് സിങ്, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി സുനിൽ ബൻസൽ എന്നിവരുമായി ബുധനാഴ്ച ലക്ക്‌നൗവിൽ വച്ച് യോഗി സുപ്രധാന ചർച്ച നടത്തിയിരുന്നു. യോഗത്തിൽ പങ്കെടുക്കാനായി സുനിൽ ബൻസൽ ഹെലികോപ്ടറിലാണ് ലക്ക്‌നൗവിലെത്തിയത്.

സംസ്ഥാന നേതാക്കളുമായി നടത്തിയ ചർച്ചയുടെ റിപ്പോർട്ട് കൈമാറാനാണ് യോഗി ഡൽഹിയിലെത്തിയതെന്നാണ് സർക്കാർവൃത്തങ്ങൾ നൽകുന്ന വിശദീകരണം. എന്നാൽ, പാർട്ടിക്കുള്ളിൽ വിമർശനം പുകയുന്നതിനിടെ ദേശീയ നേതൃത്വത്തെ അനുനയിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് യോഗി ഡല്‍ഹിയിലെത്തിയതെന്നാണ് അറിയുന്നത്. വിമര്‍ശനങ്ങള്‍ക്കു വിശദീകരണം നല്‍കുകയും ഉന്നതനേതാക്കളുടെ പിന്തുണ ഉറപ്പാക്കുകയുമാകും സന്ദര്‍ശനലക്ഷ്യം. 

അതേസമയം, അപ്‌നാദൾ എംപി അനുപ്രിയ പട്ടേൽ അമിത്ഷായുമായി ചർച്ച നടത്തിയിരുന്നു. ഇന്നലെ വൈകീട്ട് അഞ്ചിനായിരുന്നു അമിത്ഷായുടെ വസതിയിൽവച്ച് കൂടിക്കാഴ്ച നടന്നത്. യുപിയിൽ ബിജെപി സർക്കാരുമായി സഖ്യം ചേരാനുള്ള നീക്കത്തിന്‍റെ ഭാഗമായാണ് കൂടിക്കാഴ്ചയെന്ന് സൂചനയുണ്ട്. വരാണസി മേഖലയിലടക്കം ഒബിസി സമുദായങ്ങൾക്കിടയിൽ സ്വാധീനമുള്ള പാർട്ടിയാണ് അപ്‌നാദൾ.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News