കോൺ​ഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ജിതിൻ പ്രസാദ ബിജെപിയില്‍

രാഹുൽ ഗാന്ധിക്കും പ്രിയങ്കയ്ക്കും ജിതിൻ പ്രസാദയുടെ കൂടുമാറ്റത്തിലൂടെ ടീമിലെ പ്രധാന അം​ഗത്തെയാണ് നഷ്ടമാകുന്നത്

Update: 2021-06-09 11:21 GMT

കോൺ​ഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ജിതിൻ പ്രസാദ ബിജെപിയില്‍. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്റെ സാന്നിധ്യത്തിൽ പ്രസാദ ബിജെപി അംഗത്വം സ്വീകരിച്ചു. ഉത്തർപ്രദേശിൽ നിന്ന് രണ്ടുതവണ ലോക്സഭാ എംപിയായിരുന്നു. രാഹുൽ ഗാന്ധിക്കും പ്രിയങ്കയ്ക്കും ജിതിൻ പ്രസാദയുടെ കൂടുമാറ്റത്തിലൂടെ ടീമിലെ പ്രധാന അം​ഗത്തെയാണ് നഷ്ടമാകുന്നത്.

മധ്യ യുപിയിലെ ബ്രാഹ്മണ മുഖമായ പ്രസാദയുടെ വരവ് ബിജെപിയെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമാണ്. ബ്രാഹ്മണ സമൂഹത്തിൽ ശക്തമായ സ്വാധീനം ചെലുത്താൻ ജിതൻ പ്രസാദയിലൂടെ സാധിക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. 2004, 2009 ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ ഷാജഹാൻപൂർ, ധൗറ മണ്ഡലങ്ങളിൽ നിന്നാണ് പ്രസാദ ലോക്സഭയിലേക്കെത്തിയത്. മുൻ പ്രധാനമന്ത്രിമാരായ രാജീവ് ഗാന്ധിയുടെയും പി.വി നരസിംഹറാവുവിന്റെയും രാഷ്ട്രീയ ഉപദേഷ്ടാവായി സേവനമനുഷ്ഠിച്ചിരുന്ന കോൺഗ്രസ് നേതാവ് ജിതേന്ദ്ര പ്രസാദയുടെ മകനാണ് പ്രസാദ.

Advertising
Advertising

നേരത്തെ കോണ്‍ഗ്രസില്‍ അടിമുടി മാറ്റം ആവശ്യപ്പെട്ട് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് ജിതിന്‍ പ്രസാദ അടക്കമുള്ളവര്‍ കത്തയച്ചിരുന്നു. അഞ്ച് മുന്‍ മുഖ്യമന്ത്രിമാര്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍, എംപിമാര്‍, മുന്‍ കേന്ദ്രമന്ത്രിമാര്‍ തുടങ്ങി 23 ഓളം കോണ്‍ഗ്രസ് നേതാക്കളാണ് സോണിയ ഗാന്ധിക്ക് കത്തയച്ചത്. ഇതിനെതിരേ പാര്‍ട്ടിയില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ കത്ത് ദുര്‍വ്യാഖ്യാനം ചെയ്തുവെന്ന് ജിതിന്‍ പ്രസാദ പറഞ്ഞിരുന്നു. നേതൃമാറ്റം എന്ന ഉദ്ദേശത്തോടെയല്ല കത്തെഴുതിയതെന്നും പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയായിരുന്നു കത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം അന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ കത്തെഴുതിയ എല്ലാ നേതാക്കള്‍ക്കുമെതിരെ നടപടി വേണമെന്നും ജിതിന്‍ പ്രസാദയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നും ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശിലെ ഒരു കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി പ്രമേയം പാസാക്കിയിരുന്നു.

അടുത്ത വർഷം ഫെബ്രുവരിയിലാണ് ഉത്തർപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി എതിർ ചേരിയിലുളള പരമാവധി നേതാക്കളെ തങ്ങളുടെ പാളയത്തിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. ഇതിന്റെ ഭാ​ഗമായാണ് പ്രസാ​ദയുടെ കൂടുമാറ്റമെന്നാണ് വിലയിരുത്തൽ. 


Tags:    

Editor - അക്ഷയ് പേരാവൂർ

contributor

By - Web Desk

contributor

Similar News