കോവിഡ് പോസിറ്റീവായി മണിക്കൂറുകള്‍ക്കുള്ളില്‍ ഡോക്ടറുടെ മരണം; ഞെട്ടല്‍ മാറാതെ സഹപ്രവര്‍ത്തകര്‍

ഡല്‍ഹി ജി.ടി.ബി ആശുപത്രിയില്‍ ജൂനിയര്‍ ഡോക്ടറായ അനസ് മുജാഹിദാണ് കഴിഞ്ഞ ദിവസം മരിച്ചത്.

Update: 2021-05-10 12:36 GMT

കോവിഡ് പോസിറ്റീവായി മണിക്കൂറുകള്‍ക്കുള്ളില്‍ സഹപ്രവര്‍ത്തകന്‍ മരിച്ചതിന്‍റെ ഞെട്ടല്‍ വിട്ടുമാറാതെ ഡല്‍ഹി ജി.ടി.ബി ആശുപത്രിയിലെ ഡോക്ടര്‍മാര്‍. ഇന്നലെയായിരുന്നു ജി.ടി.ബി ആശുപത്രിയില്‍ ജൂനിയര്‍ ഡോക്ടറായിരുന്ന 26കാരന്‍ അനസ് മുജാഹിദ് മരിച്ചത്. ശനിയാഴ്ച രാത്രി എട്ടുമണിയോടെ അനസിന് കോവി‍ഡ് സ്ഥിരീകരിച്ചിരുന്നു.  

കുറേ ദിവസങ്ങള്‍ക്കു ശേഷം ശനിയാഴ്ച വൈകിട്ട് വീട്ടിലെ ഇഫ്താര്‍ വിരുന്നില്‍ അനസ് പങ്കെടുത്തിരുന്നു. ഇടവേളയില്ലാത്ത ആശുപത്രി ഡ്യൂട്ടിയായിരുന്നതിനാല്‍ ഹോട്ടല്‍ മുറിയിലായിരുന്നു അനസും സുഹൃത്തുക്കളും താമസിച്ചിരുന്നത്. വിരുന്ന് കഴിഞ്ഞ് മടങ്ങവെ അനസിന് പനിക്കുന്നതായി തോന്നി. തുടര്‍ന്നാണ് കോവിഡ് ടെസ്റ്റ് ചെയ്യാമെന്ന് തീരുമാനിച്ചതെന്ന് സുഹൃത്തും സഹപ്രവര്‍ത്തകനുമായ ഡോ. ആമിര്‍ സൊഹേല്‍ പറയുന്നു. 

Advertising
Advertising

ആന്‍റിജന്‍ പരിശോധനയില്‍ അനസ് കോവിഡ് പോസിറ്റീവാണെന്ന് തെളിഞ്ഞതിനു പിന്നാലെ ഡോക്ടറെ കണ്ടു. ഡോക്ടര്‍ മരുന്ന് കുറിച്ചുകൊണ്ടിരിക്കവെ അനസ് പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. 

ഉടന്‍ തന്നെ കാഷ്വാലിറ്റി എമര്‍ജന്‍സിയിലേക്ക് മാറ്റി സി.ടി സ്കാനെടുത്തപ്പോഴാണ് അനസിന്‍റെ തലച്ചോറില്‍ രക്തസ്രാവമുണ്ടെന്ന് കണ്ടത്. ഇതിനു പിന്നാലെ വെന്‍റിലേറ്ററിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നെന്നും ഡോ. സൊഹേല്‍ പറഞ്ഞു. തുടര്‍ന്ന്, ഞായറാഴ്ച്ച പുലര്‍ച്ചയോടെയാണ് അനസ് മുജാഹിദ് മരണത്തിനു കീഴടങ്ങിയത്. 

കോളജ് കാലം മുതല്‍ ഒരുമിച്ചുള്ള സുഹൃത്തിന്‍റെ വിയോഗം വിശ്വസിക്കാനാവുന്നില്ലെന്നാണ് ഡോ. സൊഹേല്‍  പറയുന്നത്. മറ്റു സഹപ്രവര്‍ത്തകര്‍ക്കും അനസിന്‍റെ മരണം അവിശ്വസനീയമാണ്. മരണത്തിനു മുമ്പ് അനസ് വീട്ടുകാരുമായി ഇടപഴകിയതിനാല്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും ലക്ഷണമുണ്ടോയെന്ന് നിരന്തരം നിരീക്ഷിക്കുന്നതായും സുഹൃത്തുക്കള്‍ വ്യക്തമാക്കി.    

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News