'ഞാന്‍ ഫോട്ടോ സെഷനായി ഹെലികോപ്റ്ററിലായിരുന്നില്ല'.. ബിജെപിക്ക് മറുപടിയുമായി ഉദ്ധവ് താക്കറെ

മൂന്ന് മണിക്കൂര്‍ കൊണ്ട് എങ്ങനെ പ്രദേശത്തെ അവസ്ഥ മനസ്സിലാക്കാന്‍ കഴിയുമെന്ന് ബിജെപി നേതാക്കള്‍..

Update: 2021-05-22 09:47 GMT
Advertising

ടോക്ടേ ബാധിത പ്രദേശങ്ങളിലെ സന്ദര്‍ശനത്തെ ചൊല്ലിയുള്ള ബിജെപി നേതാക്കളുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. താന്‍ കുറഞ്ഞത് ദുരന്ത ബാധിത മേഖലയില്‍ നേരിട്ട് പോയിട്ടുണ്ട്. അല്ലാതെ ഹെലികോപ്റ്ററിലിരുന്ന് ഫോട്ടോ സെഷന്‍ നടത്തുകയായിരുന്നില്ല എന്നാണ് പ്രധാനമന്ത്രിയുടെ പേര് പറയാതെ ഉദ്ധവ് താക്കറെയുടെ മറുപടി.

കൊങ്കണ്‍ മേഖലയിലെ രത്നഗിരി, സിന്ധുദുര്‍ഗ് ജില്ലകളിലാണ് ടോക്ടേയുടെ ആഘാതം നേരിട്ട് മനസ്സിലാക്കാനായി ഉദ്ധവ് താക്കറ എത്തിയത്. വിളനാശം സംബന്ധിച്ച റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം നല്‍കാന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. വെറും മൂന്ന് മണിക്കൂര്‍ കൊങ്കണില്‍ ചെലവഴിച്ച മുഖ്യമന്ത്രി രാഷ്ട്രീയ പരാമര്‍ശങ്ങള്‍ നടത്തി എന്നായിരുന്നു മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന്‍റെ ആരോപണം. മൂന്ന് മണിക്കൂര്‍ കൊണ്ട് എങ്ങനെ പ്രദേശത്തെ അവസ്ഥ മനസ്സിലാക്കാന്‍ കഴിയുമെന്ന് ലെജിസ്ട്രേറ്റീവ് കൌണ്‍സിലിലെ പ്രതിപക്ഷ നേതാവ് പ്രവീണ്‍ ദരേകര്‍ ചോദിച്ചു.

"എന്‍റെ സന്ദര്‍ശനം നാല് മണിക്കൂര്‍ കൊണ്ട് തീര്‍ന്നത് ഒരു വിഷയമല്ല. ഏറ്റവും കുറഞ്ഞത് ഞാന്‍ ദുരന്ത ബാധിത പ്രദേശത്ത് നേരിട്ടെത്തിയിട്ടുണ്ട്. അല്ലാതെ ഫോട്ടോ സെഷനായി ഹെലികോപ്റ്ററിലായിരുന്നില്ല. ഞാന്‍ സ്വയം ഒരു ഫോട്ടോഗ്രാഫറാണ്. ഞാനിവിടെ വന്നത് പ്രതിപക്ഷത്തിന്‍റെ വിമര്‍ശനത്തിന് മറുപടി പറയാനല്ല.".

ഗുജറാത്തിലെ ടോക്ടേ ബാധിത പ്രദേശങ്ങള്‍ ഹെലികോപ്റ്ററിലിരുന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വീക്ഷിക്കുകയുണ്ടായി. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഉദ്ധവിന്‍റെ പരോക്ഷ വിമര്‍ശനം. പ്രധാനമന്ത്രിയുടെ പേരെടുത്ത് പറയാതെയാണ് ഉദ്ധവ് ബിജെപി നേതാക്കള്‍ക്ക് മറുപടി നല്‍കിയത്. 

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News