പ്രധാനമന്ത്രി ജന്മദിന ആശംസ അറിയിച്ചില്ല; യോഗി പാർട്ടിക്ക് അനഭിമതനാകുന്നോ?

ഉത്തർപ്രദേശ് ബിജെപിയിൽ ഉടലെടുത്ത തർക്കം പരിഹരിക്കാൻ യോഗിയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്

Update: 2021-06-05 17:46 GMT
Editor : Shaheer | By : Web Desk
Advertising

സ്വന്തം പാർട്ടിയിലെയും പ്രതിപക്ഷത്തെയും നേതാക്കൾക്കു മാത്രമല്ല, വിദേശ പ്രമുഖർക്കുവരെ പിറന്നാൾ ആശംസയറിയിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മറക്കാറില്ല. എന്നാൽ, പാർട്ടിയുടെ ഏറ്റവും ശക്തമായ അടിത്തറയായ ഉത്തർപ്രദേശിന്റെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ജന്മദിനം മോദി മറന്നതാകുമോ? ഇന്നായിരുന്നു യോഗിയുടെ ജന്മദിനം. എന്നാൽ, പ്രധാനമന്ത്രിയുടെ ട്വിറ്റർ ഹാൻഡിലിലോ മറ്റ് സമൂഹമാധ്യമ അക്കൗണ്ടുകളിലോ ഒന്നും യോഗിയെക്കുറിച്ച് ഒരു പരാമർശം പോലും കാണാനില്ല. കഴിഞ്ഞ ഏതാനും ദിവസമായി ഉത്തർപ്രദേശ് ബിജെപിയിൽ സജീവമാകുന്ന യോഗിക്കെതിരായ പടയൊരുക്കത്തിന്റെ തുടർച്ചയാണോ ഇതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.

കോവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതിൽ യോഗിക്ക് വൻവീഴ്ച പറ്റിയെന്ന് പാർട്ടിയിൽ തന്നെ വൻവിമർശനം ഉയർന്നുകഴിഞ്ഞിട്ടുണ്ട്. ഏതാനും മാസങ്ങൾക്കകം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് പുതിയ തന്ത്രങ്ങൾ ബിജെപി ആവിഷ്‌ക്കരിക്കുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. യോഗിക്കു പകരം പുതിയൊരാളെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാനാണ് നീക്കമെന്നാണ് അറിയുന്നത്.

നേരിട്ടിടപെട്ട് ദേശീയ നേതൃത്വം

കഴിഞ്ഞ ദിവസങ്ങളിൽ ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബിഎൽ സന്തോഷിന്റെ നേതൃത്വത്തിൽ നടന്ന മാരത്തൺ ചർച്ചകൾ ഇതിന്റെ ഭാഗമായിരുന്നു. രണ്ടുദിവസത്തോളം സംസ്ഥാനത്തെ മന്ത്രിമാരെയും പാർട്ടി നേതൃത്വത്തെയും ലക്‌നൗവിൽ വിളിച്ചുചേർത്ത് ദീർഘമായ ചർച്ചകളാണ് നടന്നത്. യോഗിയുടെ ഭരണത്തെക്കുറിച്ചുള്ള അഭിപ്രായം ശേഖരിച്ച യോഗത്തിൽ 2022 നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പാർട്ടിയുടെ മുന്നൊരുക്കങ്ങൾ വിലയിരുത്തുകയും ചെയ്തു. ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസ്ബാലയടക്കം പങ്കെടുത്ത യോഗത്തിൽ യോഗിയെ പങ്കെടുപ്പിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. രണ്ടുദിവസത്തെ യോഗത്തിനുശേഷം ബിഎൽ സന്തോഷ് അടച്ചിട്ടമുറിയിൽ യോഗിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

കോവിഡ് പ്രതിരോധത്തിൽ സർക്കാരിനു സംഭവിച്ച വീഴ്ച ചൂണ്ടിക്കാട്ടി ബിജെപി നേതാക്കളും എംഎൽഎമാരും പരസ്യ പ്രസ്താവനവുമായി രംഗത്തെത്തിയതിനു പിറകെയായിരുന്നു സംസ്ഥാനത്തെ പ്രശ്‌നങ്ങൾ പരിഹരിക്കാനായി ബിജെപി ദേശീയ നേതൃത്വം ജനറൽ സെക്രട്ടറിയെ തന്നെ അയച്ചത്. മഹാമാരി കൈകാര്യം ചെയ്യുന്നതിൽ സംഭവിച്ച വീഴ്ചയ്ക്കു പുറമെ അടുത്തിടെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയും പാർട്ടിയുടെ പെട്ടെന്നുള്ള ഇടപെടലിനു കാരണമായി.

നിയമസഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലായും യോഗി സർക്കാരിന്റെ അഭിപ്രായ വോട്ടെടുപ്പായും വിലയിരുത്തപ്പെട്ട തദ്ദേശ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയാണ് നേട്ടമുണ്ടാക്കിയത്. രാജ്യത്തെ തന്നെ ഏറ്റവും വലിയ സംസ്ഥാനത്ത് ബിജെപി നേരിടാനിരിക്കുന്ന തിരിച്ചടിയുടെ സൂചനയാകുമോ തെരഞ്ഞെടുപ്പ് ഫലമെന്ന് ദേശീയനേതൃത്വം ഭയക്കുന്നുണ്ട്.

എകെ ശര്‍മയുടെ റോളെന്ത്?

പ്രധാനമന്ത്രിയുടെ വിശ്വസ്തനും മുൻ ബ്യൂറോക്രാറ്റുമായ എകെ ശർമയെ ഉത്തർപ്രദേശിന്റെ ചുമതലയിലേക്ക് കൊണ്ടുവരുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നത് ഇതിനു പിറകെയാണ്. മഹാമാരിക്കാലത്ത് നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാൻ യോഗിയെത്തന്നെ മാറ്റി മന്ത്രിസഭ പുനസംഘടിപ്പിച്ചേക്കുമെന്നാണ് അറിയുന്നത്. ഇതിൽ ശർമയ്ക്കു പ്രധാന പദവി ലഭിച്ചേക്കും. കഴിഞ്ഞ ജനുവരിയിലാണ് ശർമ ബിജെപിയിൽ ചേരുന്നത്. തൊട്ടുപിറകെ ഇദ്ദേഹത്തെ ഉത്തർപ്രദേശ് എംഎൽസിയുമാക്കിയിരുന്നു. പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയിൽ കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നിലവിൽ നേതൃത്വം നൽകുന്നത് ശർമയാണ്.

ഇതിനിടയിലാണ് യോഗിയുടെ ജന്മദിനം പ്രധാനമന്ത്രി 'മറന്നത്' സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. യോഗി ഉത്തർപ്രദേശിലെ പാർട്ടി നേതൃത്വത്തിനു മാത്രമല്ല പ്രധാനമന്ത്രിക്കടക്കം അനഭിമതനാകുന്നതിന്റെ സൂചനയായാണ് ഇതിനെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. സംഭവം സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തതോടെ വിശദീകരണവുമായി പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട വൃത്തങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. യോഗിയെ മോദി ഫോണിൽ വിളിച്ച് ആശംസ അറിയിച്ചിട്ടുണ്ടെന്നാണ് ഇവരുടെ പ്രതികരണം. കോവിഡിനുശേഷം ട്വിറ്റർ ഹാൻഡിൽ വഴി പ്രധാനമന്ത്രി ആർക്കും ജന്മദിന സന്ദേശം നൽകാറില്ലെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ വിശദീകരിക്കുന്നു.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News