ഒഡിഷയിൽ യാസ് ഭീതിക്കിടയിൽ നടന്നത് 300ലേറെ പ്രസവങ്ങൾ; കുഞ്ഞുങ്ങൾക്ക് ചുഴലിക്കാറ്റിന്റെ പേരുനൽകി അമ്മമാർ

ചുഴലിക്കാറ്റ് താണ്ഡവമാടിയ ചൊവ്വാഴ്ച രാത്രിയായിരുന്നു കൂടുതൽ പ്രസവവും നടന്നത്

Update: 2021-05-27 15:23 GMT
Editor : Shaheer | By : Web Desk

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട യാസ് ചുഴലിക്കാറ്റ് ബംഗാളിലും ഒഡിഷയിലും വൻനാശനഷ്ടങ്ങളാണ് വിതച്ചത്. മൂന്നു ലക്ഷം വീടുകൾ ചുഴലിക്കാറ്റിൽ പൂർണമായി തകർന്നു. ഒരു കോടിയിലേറെ പേരെ ദുരന്തം നേരിട്ട് ബാധിച്ചു.

എന്നാൽ, ഈ ദുരിതവാർത്തകൾക്കിടയിൽ കൗതുകമുണർത്തുന്ന ഒരു കണക്കാണ് ഇന്ന് ഒഡിഷ അധികൃതർ പുറത്തുവിട്ടത്. ചുഴലിക്കാറ്റ് ഭീതി നിറഞ്ഞുനിന്ന കഴിഞ്ഞ ദിവസം 300 പ്രസവങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ചുഴലിക്കാറ്റ് താണ്ഡവമാടിയ ചൊവ്വാഴ്ച രാത്രിയായിരുന്നു കൂടുതൽ പ്രസവവും നടന്നത്. എന്നാൽ, ഇതിലേറെ കൗതുകമുണർത്തുന്ന വാർത്ത മറ്റൊന്നാണ്. ദുരന്തദിവസം ഭൂമിയിലേക്കു പിറന്നുവീണ തങ്ങളുടെ പ്രിയ സന്തതികൾക്ക് 'യാസ് ' എന്നു തന്നെ പേരു നൽകിയിരിക്കുകയാണ് മിക്ക മാതാപിതാക്കളും.

Advertising
Advertising

കുഞ്ഞിനിടേണ്ട പേരിനെക്കുറിച്ച് ആലോചിച്ചപ്പോൾ ആദ്യം തന്നെ മനസിൽ വന്നത് ചുഴലിക്കാറ്റിന്റെ പേരായിരുന്നുവെന്ന് ബലാശോറിലെ സോണാലി മൈതി പറയുന്നു. ചുഴലിക്കാറ്റും കുഞ്ഞിന്റെ ജനനവും നടന്നത് ഒരേസമയമായതിനാൽ ഇതിലും നല്ല പേർ എവിടെനിന്നു ലഭിക്കാനാണെന്നാണ് അവർ ചോദിക്കുന്നത്. കേന്ദ്രപാര ജില്ലയിൽനിന്നുള്ള സരസ്വതി പറയുന്നത് കുറച്ചുകൂടി ന്യായമാണ്. ഇങ്ങനെയൊരു പേരിട്ടതുകൊണ്ട് മകളുടെ ജന്മദിനം എല്ലാവരും ഓർത്തുവയ്ക്കുമെന്നായിരുന്നു സരസ്വതിയുടെ ന്യായം.

ചുഴലിക്കാറ്റ് ഭീഷണിയെത്തുടർന്ന് സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റിയവരിൽ 6,500 ഗർഭിണികളുണ്ടായിരുന്നുവെന്ന് ഒഡിഷ സർക്കാർ വൃത്തങ്ങൾ പറയുന്നു. തിയതി അടുത്തവരെയെല്ലാം 'മാ ഗൃഹ' എന്ന പേരിലുള്ള പ്രസവകേന്ദ്രങ്ങളിലേക്കും വിവിധ ആശുപത്രികളിലേക്കും മാറ്റുകയും ചെയ്തിരുന്നു. ഇവിടെവച്ചാണ് ഭൂരിഭാഗം പേരുടെയും പ്രസവം നടന്നത്.

ഒമാനാണ് ചുഴലിക്കാറ്റിന് യാസ് എന്ന നാമകരണം നടത്തിയത്. പേർഷ്യൻ ഭാഷയിൽനിന്നാണ് ഇങ്ങനെയൊരു വാക്കിന്റെ ഉത്ഭവം. മുല്ലപ്പൂ എന്നാണ് ഈ വാക്കിന്റെ അർത്ഥം.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News