ഇത് ബംഗാൾ കടുവ; മഹാമുന്നേറ്റത്തില്‍ ദീദിക്ക് അഭിനന്ദന പ്രവാഹം

അരവിന്ദ് കെജ്രിവാള്‍, ഉമര്‍ അബ്ദുല്ല, സഞ്ജയ് റാവത്ത് അഭിനന്ദിച്ചു

Update: 2021-05-02 10:17 GMT
Editor : Shaheer | By : Web Desk

ബംഗാളിലെ മഹാ വിജയക്കുതിപ്പിനു പിറകെ തൃണമൂൽ നായിക മമതാ ബാനർജിക്ക് അഭിനന്ദന പ്രവാഹവുമായി ദേശീയ നേതാക്കൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും നേതൃത്വത്തിൽ വൻ പ്രചാരണ കോലാഹലങ്ങൾ നടന്നിട്ടും ബംഗാളിലെ തൃണമൂലിന്റെ മേധാവിത്വത്തിന് ഒരിളക്കവുമുണ്ടാക്കാനായിട്ടില്ല.

വൻ ഭൂരിപക്ഷത്തിലുള്ള വിജയത്തിന് മമതയ്ക്ക് അഭിനന്ദനങ്ങൾ അറിയിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ട്വീറ്റ് ചെയ്തു. ഇതെന്തൊരു പോരാട്ടമെന്ന് ആശ്ചര്യപ്പെട്ട കെജ്രിവാൾ ബംഗാൾ ജനതയ്ക്കും അഭിനന്ദനമറിയിച്ചു.

Advertising
Advertising

എന്‍സിപി തലവന്‍ ശരത് പവാര്‍, എസ്പി നേതാവ് അഖിലേഷ് യാദവ് എന്നിവരും തിളക്കമാര്‍ന്ന വിജയത്തില്‍ മമതാ ബാനര്‍ജിയെ അഭിനന്ദിച്ചു. ബംഗാള്‍ ജനത വെറുപ്പിന്റെ രാഷ്ട്രീയത്തെ പരാജയപ്പെടുത്തിയിരിക്കുന്നുവെന്ന് അഖിലേഷ് പറഞ്ഞു. പിഡിപി അധ്യക്ഷ മെഹ്ബൂബ മുഫ്തിയും മമതയ്ക്കും തൃണമൂലിനും അഭിനന്ദനമറിയിച്ചു. വിഭജന രാഷ്ട്രീയത്തെ ബംഗാള്‍ ജനത തിരസ്കരിച്ചിരിക്കുകയാണെന്നും അവര്‍ പറഞ്ഞു. 

നാഷനൽ കോൺഫറൻസ് നേതാവ് ഉമർ അബ്ദുല്ലയും മമതയെ അഭിനന്ദിച്ചു. ബിജെപിയും പൂർണമായും പക്ഷപാതപരമായി പ്രവര്ത്തിച്ച തെരഞ്ഞെടുപ്പ് കമ്മീഷനും എല്ലാം ചെയ്തിട്ടും നിലനിന്നത് നിങ്ങളാണെന്നാണ് ഉമർ അബ്ദുല്ല ട്വീറ്റിൽ കുറിച്ചത്. തിളക്കമേറിയ വിജയത്തിന് മമത ദീദിക്കും മുഴുവൻ തൃണമൂൽ പ്രവർത്തകർക്കും അഭിനന്ദനമറിയിക്കുന്നതായും അദ്ദേഹം കുറിച്ചു.

ബംഗാളിന്റെ കടുവയ്ക്ക് അഭിനന്ദനങ്ങൾ എന്നു പറഞ്ഞാണ് ശിവസേന നേതാവ് സഞ്ജയ് റാവത്ത് ട്വീറ്റ് ചെയ്തിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മമതയെ പരിഹസിച്ച് മോദി നടത്തിയ 'ദീദി, ഓ, ദീദി' പരാമർശം എടുത്തുദ്ധരിച്ചായിരുന്നു സഞ്ജയ് റാവത്തിന്റെ ട്വീറ്റ്. മഹാരാഷ്ട്രയിലെ ബിജെപിയുടെ ശക്തമായ വിമർശകൻ കൂടിയാണ് സഞ്ജയ് റാവത്ത്.

വോട്ടെണ്ണൽ അവസാനഘട്ടത്തിലെത്തി നിൽക്കുമ്പോൾ 205 സീറ്റുകളിലാണ് തൃണമൂൽ കോൺഗ്രസ് വിജയം ഏകദേശം ഉറപ്പിച്ചിരിക്കുന്നത്. മൂന്നക്കം കടക്കാൻ സാധിക്കാത്ത ബിജെപിക്ക് ലഭിച്ചത് 85 സീറ്റുകളാണ്. ഇടതുപക്ഷ-കോൺഗ്ര് മുന്നണിക്ക് വെറും ഒരിടത്ത് മാത്രമാണ് വിജയിക്കാനായത്.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News