'പല ഹൈക്കോടതികളും ആശയക്കുഴപ്പമുണ്ടാക്കുന്നു'; കോവിഡിൽ കേന്ദ്രത്തെ 'രക്ഷിച്ച്' സുപ്രിംകോടതി ഇടപെടൽ

ഓക്‌സിജൻ വിതരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഡൽഹി ഹൈക്കോടതി കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു

Update: 2021-04-22 08:54 GMT
Editor : abs | By : Web Desk

ന്യൂഡൽഹി: കോവിഡ് വിഷയത്തിൽ ഹൈക്കോടതികൾ ആശയക്കുഴപ്പമുണ്ടാക്കുന്നു എന്ന സുപ്രിംകോടതി നിരീക്ഷണത്തിനെതിരെ വ്യാപക വിമർശം. പ്രതിസന്ധിയിൽ കേന്ദ്രസർക്കാറിനെ രക്ഷിക്കുന്ന നിലപാടാണ് സുപ്രിംകോടതിയുടേത് എന്ന ആക്ഷേപവുമായി തൃണമൂല്‍‌ എം.പി മഹുവ മൊയ്ത്ര അടക്കമുള്ള പ്രമുഖർ രംഗത്തെത്തി. ഓക്‌സിജൻ വിതരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഡൽഹി ഹൈക്കോടതി കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തിൽ ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബഞ്ച് സ്വമേധയാ ഇടപെട്ടത്.

'വിവിധ ഹൈക്കോടതികൾ ആശയക്കുഴപ്പമുണ്ടാക്കുകയും വിഭവങ്ങൾ പാഴാക്കുകയും ചെയ്യുന്നു. അതു കൊണ്ടു തന്നെ എല്ലാ കേസുകളും കൈമാറണം എന്നാണ് സുപ്രിംകോടതി പറയുന്നത്. കുടിയേറ്റക്കാരുടെ വിഷയത്തിൽ സുപ്രിംകോടതി ഒന്നും ചെയ്തില്ല. ഇപ്പോൾ രണ്ടാം തരംഗമുണ്ടായി. ഡൽഹി ഹൈക്കോടതി കേന്ദ്രത്തെ വിമർശിച്ചു. സുപ്രിംകോടതി കേന്ദ്രത്തിന്റെ രക്ഷക്കെത്തുകയാണോ? തുഷാർ മേത്തയ്ക്ക് തത്യം മറച്ചുവയ്ക്കാനും സർക്കാരിനെ രക്ഷപ്പെടുത്താനുമാകുമോ?' - മഹുവ മൊയ്ത്ര ചോദിച്ചു. 

Advertising
Advertising

വിവരങ്ങൾ ആവശ്യപ്പെട്ട് സുപ്രിം കോടതി

കോവിഡുമായി ബന്ധപ്പെട്ട നാല് കാര്യങ്ങളിലാണ് സുപ്രിംകോടതി ഇന്ന് ഇടപെടൽ നടത്തിയത്. കോവിഡ് വാക്‌സിനേഷൻ, ഓക്‌സിജൻ വിതരണം, അവശ്യ മരുന്നുകളുടെ വിതരണം, ലോക്ഡൗൺ പ്രഖ്യാപിക്കാനുള്ള സർക്കാരുകളുടെ അധികാരം തുടങ്ങിയ വിഷയങ്ങളിലാണ് കോടതി കേന്ദ്രത്തിൽ നിന്ന് വിശദീകരണം ആവശ്യപ്പെട്ടത്. മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവേയെ കേസിൽ അമിക്കസ് ക്യൂറി ആയി നിയമിക്കുകയും ചെയ്തു. 

നാലു വിഷയങ്ങളിലും 'ദേശീയപദ്ധതി' വേണമെന്നാണ് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടത്. നിലവിൽ ഡൽഹി, ബോംബെ, സിക്കിം, മധ്യപ്രദേശ്, കൽക്കട്ട, അലഹബാദ് ഹൈക്കോടതികൾ ഇതുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്നുണ്ട് എന്ന് അറിയാം. മികച്ച ഉദ്ദേശ്യത്തോടെയാണ് അവർ നീതിന്യായ അധികാരം പ്രയോഗിച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ ഇത് ചില ആശയക്കുഴപ്പങ്ങൾക്കും വിഭവങ്ങളുടെ വഴിതിരിച്ചു വിടലിനും കാരണമാകുന്നുണ്ട്- സുപ്രിംകോടതി ചൂണ്ടിക്കാട്ടി. കേസിൽ നാളെ വീണ്ടും വാദം കേൾക്കും.

കേന്ദ്രം ഉണരാത്തത് എന്തെന്ത് ഡൽഹി ഹൈക്കോടതി

ആശുപത്രികളിൽ ഓക്സിൻ വിതരണം തടസ്സപ്പെടുന്നതിൽ കഴിഞ്ഞ ദിവസം കേന്ദ്രസർക്കാറിനെ രൂക്ഷമായ ഭാഷയിലാണ് ഡൽഹി ഹൈക്കോടതി വിമർശിച്ചിരുന്നത്. യാചിച്ചോ, കടം വാങ്ങിയോ, മോഷ്ടിച്ചോ, ഏതുവിധേനയും ഓക്സിജൻ എത്തിക്കണമെന്നും ആയിരങ്ങൾ മരിച്ചുവീഴുകയാണ് എന്നും കോടതി പറഞ്ഞിരുന്നു.

'എന്തു കൊണ്ടാണ് സർക്കാർ സാഹചര്യങ്ങളുടെ ഗുരുതരാവസ്ഥ മനസ്സിലാക്കാത്തത്. ആശുപത്രികളിൽ ഓക്സിജനില്ലെന്ന വാർത്തകളിൽ ഞങ്ങൾ നിരാശരാണ്. സ്തബ്ധരാണ്. എന്നാൽ സ്റ്റീൽ പ്ലാന്റുകൾ പ്രവർത്തിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു' - കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് വിപിൻ സൻഘി, രേഖ പല്ലി എന്നിവർ അടങ്ങുന്ന ബഞ്ചിന്റേതാണ് വിമർശങ്ങൾ.

രാജ്യതലസ്ഥാനത്തെ കുറിച്ച് മാത്രമല്ല, രാജ്യത്തെ കുറിച്ച് മുഴുവനാണ് സംസാരിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. 'ഞങ്ങളുടെ ആശങ്ക ഡൽഹിയെ കുറിച്ച് മാത്രമല്ല. ഇന്ത്യയിൽ ഉടനീളം ഓക്സിൻ വിതരണം നടത്താൻ കേന്ദ്രസർക്കാർ ചെയ്ത നടപടികളെ കുറിച്ച് ഞങ്ങൾക്കറിയണം' - ബഞ്ച് ആവശ്യപ്പെട്ടു.

ജനങ്ങൾ മരിച്ചു കൊണ്ടിരിക്കുമ്പോൾ ആവശ്യമായ ഓക്സിജൻ എത്തിക്കാൻ കേന്ദ്രത്തിനായില്ലെന്ന് കോടതി തുറന്നടിച്ചു. 'ഓക്സിജൻ വിതരണത്തിന് വേണ്ടി എല്ലാ സാധ്യതകളും നിങ്ങൾ പരിശോധിച്ചില്ല. യാചിച്ചോ, കടം വാങ്ങിയോ, മോഷ്ടിച്ചോ ഓക്സിജൻ എത്തിക്കൂ. രാജ്യത്ത് ആയിരങ്ങൾ മരിക്കുന്നത് നിങ്ങൾ കണ്ടു കൊണ്ടിരിക്കുകയാണോ. ജനങ്ങളുടെ ജീവന് വിലയില്ലേ' - കോടതി ചോദിച്ചു.

Tags:    

Editor - abs

contributor

By - Web Desk

contributor

Similar News