ടൂൾകിറ്റ് വിവാദം: ജെപി നദ്ദ അടക്കമുള്ള ബിജെപി നേതാക്കളുടെ ഹാൻഡിലുകൾ മരവിപ്പിക്കണമെന്ന് ട്വിറ്ററിനോട് കോൺഗ്രസ്

നദ്ദയ്ക്കു പുറമെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി, സംബിത് പാത്ര, ബിഎൽ സന്തോഷ് എന്നിവരുടെയും ഹാൻഡിലുകൾ മരവിപ്പിക്കണമെന്ന് കോൺഗ്രസ് ട്വിറ്ററിനോട് ആവശ്യപ്പെട്ടു

Update: 2021-05-20 16:48 GMT
Editor : Shaheer | By : Web Desk

ദേശീയ അധ്യക്ഷൻ ജെപി നദ്ദ അടക്കമുള്ള നേതാക്കളുടെ ട്വിറ്റർ ഹാൻഡിലുകൾ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്. ടൂൾകിറ്റ് വിഷയത്തിൽ ബിജെപി വ്യാജരേഖകൾ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് കോൺഗ്രസ് ട്വിറ്ററിന് പരാതി നൽകിയത്.

നദ്ദയ്ക്കു പുറമെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി, സംബിത് പാത്ര, ബിഎൽ സന്തോഷ് എന്നിവരുടെയും ഹാൻഡിലുകൾ മരവിപ്പിക്കണമെന്ന് കോൺഗ്രസ് ട്വിറ്ററിനോട് ആവശ്യപ്പെട്ടു. കോൺഗ്രസ് സോഷ്യൽ മീഡിയ വിഭാഗം മേധാവി രോഹൻ ഗുപ്തയാണ് ഇക്കാര്യം പുറത്തുവിട്ടത്.

കോൺഗ്രസിനെതിരെ വ്യാജരേഖകൾ ചമച്ച് പ്രചരിപ്പിക്കുന്ന ബിജെപി നേതാക്കളുടെ അക്കൗണ്ട് മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ട്വിറ്ററിന് ഔദ്യോഗികമായി കത്തെഴുതിയിട്ടുണ്ടെന്ന് രോഹൻ പറഞ്ഞു. വിഷയത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതോടൊപ്പം സ്വതന്ത്ര വസ്തുതാ പരിശോധകർ ബിജെപിയുടെ പ്രചാരണം തെറ്റാണെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപി നേതാക്കൾ ട്വിറ്റർ വ്യാപകമായി ദുരുപയോഗം ചെയ്ത് വലിയ തോതിൽ തെറ്റായ വിവരങ്ങൾ പരത്തുകയാണെന്നും ഇത് രാജ്യത്ത് സാമൂഹിക അസ്വസ്ഥത സൃഷ്ടിക്കാൻ ഇടയാക്കുമെന്നും ട്വിറ്ററിനെഴുതിയ കത്തിൽ കോൺഗ്രസ് ആരോപിച്ചു.

Advertising
Advertising

ടൂൾകിറ്റ് വിവാദത്തിൽ കോൺഗ്രസിന്റെ വിദ്യാർത്ഥി വിഭാഗമായ എൻഎസ്യുഐ ചത്തീസ്ഗഢ് മുൻ മുഖ്യമന്ത്രി രമൺ സിങ്, ബിജെപി വക്താവ് സംബിത് പാത്ര എന്നിവർക്കെതിരെ പൊലീസില്‍ പരാതി നൽകിയിട്ടുണ്ട്. എഐസിസി ഗവേഷക വിഭാഗത്തിന്റെ പേരിൽ വ്യാജ ലെറ്റർ ഹെഡ് പടച്ചുണ്ടാക്കി വ്യാജ പ്രചാരണങ്ങൾ നടത്തിയെന്ന് ആരോപിച്ചായിരുന്നു കേസ്.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News